9

"ആഹ്!!!!!! പേടിപ്പിക്കാൻ ഓരോന്നും കൊണ്ട് വച്ചോളും..." എന്റെ കാലിനിടയിൽ തട്ടിയ സ്ടൂൾ കാലു കൊണ്ട് തട്ടിയിട്ടു.

"ഇതിത്ര നേരം ഇവിടെ ഇല്ലാതിരുന്നല്ലോ ഇതിപ്പോ എവിടുന്ന് വന്നു"

ഞാൻ കിച്ചനിന്റെ ഡോറിനു നേരെ നോക്കി, കർട്ടൺ പാറുന്നുണ്ട് എന്നല്ലാതെ ആളെ കണ്ടില്ല. എനിക്ക് ഹൈറ്റ് കുറവാണെന്ന് കരുതി ഇങ്ങനെ ചെയ്യാൻ പറ്റോ...

ഞാൻ ദേഷ്യത്തോടെ എന്റെ ജോലി തുടർന്നു.

"നച്ചൂ ആയിരിക്കും... അവൾക്കാ ഇങ്ങനെയുള്ള സ്വഭാവം.... നീർക്കോലി...
കവുങ്ങ് പോലെ നീണ്ട് പോകുന്നുണ്ട് എപ്പോഴാ ആകാശം തട്ടാന്ന് പറയാൻ പറ്റില്ല..."

അതിന് ശേഷം എന്റെ നാവിന് റെസ്റ്റ് ഇല്ലായിരുന്നു.

ഗ്യാസ് സ്‌റ്റൗ നല്ല ഹൈറ്റിലായിരുന്നത് കൊണ്ട് വല്ലാത്ത ബുദ്ധിമുട്ട്....
ഞാൻ നേരത്തെ തട്ടിയിട്ട സ്ടൂൾ മെല്ലെ കാലു കൊണ്ട് വലിച്ചു. ആരും അവിടെയൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അതിൽ കേറി നിന്നു.

"ഇത് കൊള്ളാലോ...
കുറച്ച് മുൻപേ ഇങ്ങനെ ചെയ്താൽ മതിയായിരുന്നു...

അതെങ്ങനാ... നല്ലത് പണ്ടേ ആർക്കോ പറ്റില്ല്യ എന്ന് പറയാറുണ്ടല്ലോ..."

എന്നെ തന്നെ ഞാൻ എന്തൊക്കെയോ പറഞ്ഞ് ഓരോരുത്തരുടെ എണ്ണം വെച്ച് ചായ ഗ്ലാസ്സിലേക്ക് പകർന്നു.

"ഇത് ഉപ്പാക്ക്...
ഇത് അമ്മിയ്ക്ക്...
അവന്...
കുഞ്ഞിപ്പാക്ക്....

ഓഹ്!!!! ശെരിയാ... കുഞ്ഞിപ്പാക്ക് വേണ്ടല്ലോ...

പിന്നെ...

എനിക്ക്...
നവാലിന്..."

വീണ്ടും ഒന്ന് കൂടെ കൈ കൊണ്ട് എണ്ണി നോക്കി.

"ഇത് കറക്ടാണ്..."

"ഇതെന്താ ഒറ്റക്ക് നിന്ന് സംസാരിക്കുന്നെ..."
നവാൽ ചോദ്യവുമായി കിച്ചനിലേക്ക് കയറി.

അവളെ കണ്ടതും ഞാൻ സ്ടൂളിൽ നിന്നിറങ്ങി. അത് കണ്ട് അവൾ ചിരിക്കാനും തുടങ്ങി.

"ചിരിക്കാൻ മാത്രം ഒന്നും നടന്നിട്ടില്ലട്ടോ..."
ഞാൻ ചായ വെച്ച ട്രേ കയ്യിൽ എടുത്തു.

"അത് ശെരിയാ ചിരിക്കാൻ മാത്രം ഒന്നും നടന്നിട്ടില്ല....

ഇത്താത്ത കാണുന്നത് പോലെയല്ല, എകരം ഇല്ലെങ്കിലും വിവരമുണ്ട്..."

നവാൽ അടുത്തേക്ക് വന്ന് ട്രേ എന്റെ കയ്യിൽ നിന്നും വാങ്ങി.

"അയ്യട അങ്ങനെ നീ ഇപ്പൊ ചായ കൊണ്ടു പോയി ക്രെഡിറ്റ് മുഴുവൻ വാങ്ങേണ്ട... കഷ്ട്ടപ്പെട്ടുണ്ടാക്കിയത് ഞാനാ, ഞാൻ തന്നെ കൊണ്ട് കൊടുത്തോളാം..."

ട്രേ അവൾക്ക് കൊടുക്കാതെ ഞാൻ മുന്നോട്ട് നടന്നു.

"ക്രെഡിറ്റ് വേണമെങ്കിൽ പേരെഴുതി വെച്ചേക്ക്... ഇത്താത്തക്ക് ഫോൺ വന്നിട്ടുണ്ട് അല്ലാതെ എനിക്ക് ആരുടെയും ചായയുടെ ക്രെഡിറ്റ് വേണ്ട..."

ഫോൺ വന്നിട്ടുണ്ട് എന്ന് കേട്ടപ്പോൾ ഞാൻ ട്രേ അവൾക്ക് കൊടുത്ത് ഫോൺ വാങ്ങി.

"ബെക്കയാ..." ഞാൻ സന്തോഷത്തോടെ നവാലിനോട് പറഞ്ഞു.

"എനിക്കറിയാം" അവൾ വല്യ താല്പര്യം കാണിക്കാതെ പോയി.

"അഹങ്കാരി" എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ഫോൺ ചെവിയോടടുപ്പിച്ചു.

ബെക്കയോട് സംസാരിച്ചിട്ട് സമയം പോയത് അറിഞ്ഞില്ല. ട്രെയിനിൽ വെച്ച് അവനെ കണ്ടത് മുതൽ ഉള്ള എല്ലാ കാര്യങ്ങളും പറഞ്ഞു. അവൾക്ക് ഞാനവനെ വീണ്ടും ഇവിടെ വെച്ച് കണ്ടു എന്ന് പറഞ്ഞിട്ട് വിശ്വാസം വരുന്നില്ല.

എനിക്കെന്താ പിന്നെ വട്ടുണ്ടല്ലോ അവനെ കാണാതെ വീണ്ടും കണ്ടു എന്ന് പറയാൻ. വെറുതെ തല്ല് കൂടിയാണ് ഞാൻ ഫോൺ വെച്ചത്. അല്ലേലും ബെക്ക എപ്പോഴും ഇങ്ങനെയാ....

ഫോൺ തിരികെ കൊടുക്കാൻ തുടങ്ങിയപ്പോഴാണ് ഓർത്തത് അമ്മിയുടെ കയ്യിൽ ഫോൺ കൊടുത്താൽ പിന്നെ ഇനി എപ്പോ കിട്ടും എന്നൊന്നും പറയാൻ പറ്റില്ല. അത്കൊണ്ട് അങ്കിയെ കൂടെ വിളിക്കാൻ തീരുമാനിച്ചു.

പക്ഷെ അവളെ വിളിച്ചിട്ട് ബിസിയാണ്...
മിക്കവാറും ബെക്ക അവളെ വിളിച്ച് എന്റെ കുഴി തോണ്ടുന്നുണ്ടാകും....
ആ.... എന്തേലും ആകട്ടെ...

ഞാൻ ഫോണുമായി ഹാളിലേക്ക് ചെന്നു. എന്നെ കണ്ടപ്പോഴേക്ക് അമ്മി കയ്യിൽ നിന്നും ഫോൺ വാങ്ങി. ഇവിടെ വെച്ച് ആയത് കൊണ്ട് ഞാൻ ക്ഷമിച്ച്... എല്ലാത്തിനും പകരം വീട്ടും ഞാൻ വീട്ടിൽ ചെന്നിട്ട്....

സോഫയിൽ ഇരുന്ന് ചായയുടെ ട്രേയിലേക്ക് നോക്കി....

എല്ലാ ഗ്ലാസും കാലി...

എന്റെ ചായ???!!!!!

"അമ്മീ എന്റെ ചായ???"

"വേറെ ഇല്ലേ... ഞങൾ എല്ലാരും കുടിച്ചു നച്ചൂ കൊണ്ട് വന്നത്..."
അമ്മീ ട്രേ നോക്കിക്കൊണ്ട് പറഞ്ഞു.

"എനിക്കും കൂടെ ഉള്ള ചായ ഞാൻ വെച്ചതായിരുന്നല്ലോ..."
അതും പറഞ്ഞ് ഞാൻ ഗ്ലാസ് എണ്ണി നോക്കി. എണ്ണം കണക്കാണല്ലോ... പിന്നെ എന്റെ ചായ ആര് കുടിച്ചു???

"അമ്മീ..."

"ആ ഇത്താത്താ.... കുഞ്ഞിപ്പാന്റെ മോൻ കുടിച്ചായിരുന്നു...." നവാൽ പറഞ്ഞു.

"എന്നാലും ഉണ്ടാകണം..." തിരികെ ട്രേയുമായി കിച്ചനിലേക്ക് പോകുമ്പോൾ ഞാൻ എന്നോടായി പറഞ്ഞു.

"ഇനി കുഞ്ഞിപ്പാ എങ്ങാനും കുടിച്ചോ????

ഹേയ്...

ഉപ്പ പറഞ്ഞതാണല്ലോ കുഞ്ഞിപ്പാക്ക് ചായ കുടിക്കാനൊന്നും പറ്റില്ലെന്ന്..."

വെറുതെ എന്തെങ്കിലും ജോലി വേണ്ടേ എന്നർത്ഥത്തിൽ ഞാൻ ആലോചിച്ചു നടന്നു.

"ആഹ്!!!! ഇനി എന്തേലും ആകട്ടെ"
പാത്രത്തിൽ ബാക്കി ഉണ്ടായിരുന്ന ചായ ഗ്ലാസ്സിലേക്ക് പകർത്തി സ്ടൂളിന്റെ മുകളിൽ കയറി കിച്ചനിലെ തിണ്ണയിൽ ഞാൻ ഇരുന്നു.

വേറെ ഒരു പണിയും ഇല്ലല്ലോ... ഞാൻ കിച്ചൻ ആകെ ഒന്ന് വീക്ഷിച്ചു. വീട്ടിലെ അത്ര വലിപ്പം ഇല്ല, ഇത് വീടല്ലല്ലോ ഫ്ലാറ്റ് അല്ലെ... എന്നാലും എല്ലാം അടുക്കും ചിട്ടയോടെയും വെച്ചിട്ടുണ്ട്....

എന്റെ ഹോസ്റ്റലിൽ കഷ്ടിച്ചു നോക്കിയാൽ ഒരു ഇൻഡക്ഷൻ സ്റ്റവ് ഉണ്ട് രണ്ട് പാത്രവും... അതാണെങ്കിൽ ഉപയോഗം കഴിഞ്ഞാൽ വല്ല മൂലയിലും കിടക്കും. പിന്നെ ആവശ്യം വന്നാൽ തപ്പി തിരഞ്ഞു കണ്ട് പിടിക്കണം....

ആണുങ്ങൾ മാത്രം താമസിക്കുന്ന ഈ വീടും ഞങളുടെ റൂമും താരതമ്യപ്പെടുത്തി നോക്കിയപ്പോൾ ശെരിക്കും ചിരി വന്നു.

ഈ വൃത്തിയൊക്കെ എപ്പോഴാ ഉണ്ടായേ...
സ്വയം ചിരിച്ചു കൊണ്ട് പറഞ്ഞ് ഞാൻ താഴേക്കിറങ്ങി.

"നിന്നെക്കൊണ്ട് പോകുന്ന വരെ എനിക്ക് ആവശ്യം ഉണ്ട്" സ്ടൂളിനോട് കുസൃതി ഭാവേന പറഞ്ഞു കൊണ്ട് ഞാനതിനെ ഒരു മൂലയ്ക്ക് കൊണ്ട് വെച്ചു.

"പിന്നെ നിന്നെ എനിക്ക് മാത്രമേ ആവശ്യം വരൂ... അത് കൊണ്ട് ഇവിടെ അടങ്ങി ഇരുന്നോണം..."

എഴുന്നേൽക്കാൻ നോക്കിയ എന്റെ തല ഫ്രിഡ്‌ജിന്റെ മുകളിൽ തട്ടി.

"എന്റെ പടച്ചോനെ...."

ഞാൻ എഴുന്നേറ്റ് ഫ്രിഡ്‌ജിനെ ദേഷ്യത്തോടെ നോക്കി.

"ഹൈറ്റില്ല ഹൈറ്റില്ല ഇന്ന് എല്ലാരും പറയും എന്നിട്ട് പണി കിട്ടുന്നതിന് ഒരു കുറവും ഇല്ല..."

തട്ടം നേരെയാക്കി ഞാൻ അകത്തേക്ക് നടന്നു.

അമ്മിയും നവാലും എവിടെയോ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണെന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി.

"എവിടെ പോകാ???" ഞാൻ സോഫയിൽ രണ്ടു കാലും കയറ്റി വെച്ച് ചോദിച്ചു.

എനിക്ക് ഉത്തരത്തിന് പകരം രണ്ടെണ്ണം തന്നു അമ്മി.

"വീട്ടിലെ പോലെ നടന്നോ... പെണ്ണാകുമ്പോൾ കുറച്ച് അടക്കവും ഒതുക്കവും വേണം... കല്യാണം കഴിക്കാനായി എന്ന ബോധമില്ല ഇപ്പോഴും..."

"പറയുന്നതിനനുസരിച്ചു നടക്കാൻ ആണേൽ കീ കൊടുത്താൽ നടക്കുന്ന പാവയെ വാങ്ങിയാ പോരെ അതാകുമ്പോൾ തിരിച്ചൊന്നും പറയില്ല"

"എന്ത് പറഞ്ഞാലും തിരിച്ച് പറഞ്ഞോണം നല്ലതാ..."
അമ്മി കയ്യിൽ നല്ല നുള്ള് വെച്ച് കൊണ്ട് പറഞ്ഞു.

"അമ്മീ... വേദനിക്കുന്നു..."

"ആണോ പുതിയ അറിവാണല്ലോ.... നുള്ളിയാ വേദനിക്കും അല്ലെ... എനിക്കറിയില്ലായിരുന്നു ഞാൻ കരുതി നല്ല രസമായിരിക്കുമെന്ന്..."

ഞാൻ ഒന്നും മിണ്ടിയില്ല, മിണ്ടിയാൽ അടുത്തത് കിട്ടും എന്ന് എനിക്ക് നന്നായി അറിയാം... സ്വയരക്ഷയ്‌ക്ക് അതാ നല്ലത്...

"കുട്ടൂസ് വരുന്നുണ്ടെങ്കിൽ വാ ഞങൾ സഫിയന്റെ ഫ്ലാറ്റ് വരെ പോകാ... നേരത്തെ വന്നില്ലേ അവരുടെ ഫ്ലാറ്റിലേക്ക്... സഫിയന്റെ ഉമ്മാക്ക് ഇത് പോലെ അസുഖം ഉണ്ടായിരുന്നു, ഇപ്പൊ കുഴപ്പമില്ല എന്നാ പറഞ്ഞെ... അറിഞ്ഞിട്ട് പോയില്ലെങ്കിൽ അത് ശെരിയല്ലല്ലോ...
ഇവിടെ ഇപ്പൊ ആവശ്യം ഒന്നും ഇല്ല പോയി വരാൻ ഉപ്പ പറഞ്ഞു"

അമ്മീ അല്ലേലും ഇങ്ങനാ പോകണം എന്ന കാര്യം മാത്രം പറഞ്ഞാൽ മതി അതിനാ അവിടെ മുതൽ ഇവിടെ വരെ വലിച്ചു നീട്ടിയത്.

"ഞാനില്ല" ഞാൻ ഒറ്റ വാക്കിൽ പറഞ്ഞു നിർത്തി.

"അമ്മിയോട് ഞാൻ പറഞ്ഞതല്ലേ ഇത്താത്തനെ കാത്തു നിൽക്കണ്ട വരില്ലെന്ന്... എന്നിട്ടിപ്പൊ എന്തായി???"

അതും പറഞ്ഞ് നവാൽ മുന്നിൽ നടന്നു, എന്നെ ഒന്ന് നോക്കി അമ്മിയും കൂടെ നടന്നു.

അമ്മീ ഡോർ കഴിഞ്ഞു പോയി എന്ന് മനസ്സിലാക്കിയ ഞാൻ വേഗം ഓടി റൂമിൽക്കയറി ഫോൺ തിരയാൻ തുടങ്ങി....
അത് തിരഞ്ഞാൽ കിട്ടുന്ന സ്ഥലത്ത് ഒന്നും ഇല്ലായിരുന്നു.

"അമ്മീ..."

ഞാൻ ദേഷ്യത്തോടെ ചുറ്റും നോക്കി.
ഇനി വേറെ എവിടെ കൊണ്ട് പോയി വെക്കാനാ... അലമാരയുടെ മുകളിൽ എങ്ങാനും വെക്കോ....

ആഹ്!!!!
ചിലപ്പോൾ വെക്കും....
എനിക്ക് ഹൈറ്റ് ഇല്ലല്ലോ, അവിടെ വെച്ചാൽ എനിക്കൊന്നും കിട്ടില്ലല്ലോ, പക്ഷെ അങ്ങനെ വിട്ടു കൊടുക്കാൻ ഞാൻ തയ്യാറല്ല...

അലമാരയുടെ തൊട്ടരികിലാണ് വിൻഡോ, പെട്ടന്നാണ് ഉള്ളിൽ ഒരു ഐഡിയ കത്തിയത്, ഉടനെ ഞാൻ സ്ടൂളിൽ കയറി വിൻഡോയുടെ മേൽ പറ്റി പിടിച്ച് അലമാരയുടെ മുകളിൽ നോക്കി, ഒന്നും കണ്ടില്ല....

"ഇനി വേറെ എവിടെ വെക്കാനാ..."

ഞാൻ വിൻഡോയിൽ നിന്നും സ്ടൂളിലേക്ക് ഇറങ്ങി. ഇനി വേറെ എവിടെ തിരയും എന്ന് ആലോചിച്ച് തിരിഞ്ഞു നോക്കിയപ്പോൾ അപ്പുറത്തെ ഷെൽഫിൽ നിന്നും എന്തൊക്കെയോ ഒരാൾ തിരയുന്നത് കണ്ടത്.

ഞാൻ സൂക്ഷിച്ചു നോക്കി.
പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് ആളെ കാണാൻ പറ്റിയില്ല.
ഉപ്പ അല്ല....
കുഞ്ഞിപ്പാന്റെ മോനല്ല...
പിന്നെ വേറെ ആരും ഇവിടെ ഇല്ലല്ലോ,
ഇനി കള്ളനെങ്ങാനുമാണോ???...

എന്റെ പടച്ചോനെ...

അമ്മീ പോയപ്പോൾ ഡോർ ഞാൻ അടച്ചില്ലല്ലോ... പട്ടാ പകൽ കക്കാൻ കേറുന്ന കള്ളനോ???...
ഇവനെ വെറുതെ വിട്ടു കൂട...

ശബ്ദമുണ്ടാക്കാതെ സ്ടൂളിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചതായിരുന്നു, പണി പാലും വെള്ളത്തിൽ കിട്ടി... സ്ടൂളിൽ നിന്നും സ്ലിപ്പായി ഞാൻ താഴെ വീണു.

ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.
ഞാൻ സമയം കളഞ്ഞില്ല അവൻ രക്ഷപ്പെടരുത് എന്ന് മനസ്സിലുറപ്പിച്ച് അടുത്ത് കണ്ട ഫ്ലവർ വേസെടുത്ത് അവന് നേരെ എറിഞ്ഞു.

എന്റെ പടച്ചോനെ, എന്റെ ഉന്നം തെറ്റിയില്ല അവന്റെ നെറ്റിക്ക് തന്നെ കൊണ്ടു. ഞാൻ വേഗം എഴുന്നേറ്റ് ബെഡ്ഷീറ്റ് എടുത്ത് അവന് നേരെ എറിഞ്ഞു, കയ്യിൽ കിട്ടിയ തലയണയും എടുത്ത് എറിഞ്ഞു. നെറ്റിയിൽ തന്നെ കൊണ്ടത് കൊണ്ടാകാം അവൻ അനങ്ങിയില്ല...

ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ...
ഞാൻ അതിനെ കുറിച്ചൊക്കെ ആലോചിച്ചുകൊണ്ട് നിൽക്കുമ്പോൾ അവൻ ബെഡ്ഷീറ്റ് എല്ലാം മാറ്റി എന്നെ നോക്കി.

"യാര് നീ???"
ഇനി എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവനോട് ചോദിച്ചു.

അവനെന്നെ തന്നെ നോക്കി നിന്നു എന്നല്ലാതെ ഒന്നും പറഞ്ഞില്ല. അവന്റെ കൈ നെറ്റിയിൽ മുറുകെ പിടിച്ചിട്ടുണ്ട്.

ഞാൻ ചോദിച്ചതിന്റെ മറുപടി എനിക്ക് കിട്ടിയില്ല...
ഇനി അവന് തമിഴ് അറിയില്ലേ... ബംഗാളി വല്ലതും ആണോ??? പക്ഷെ കണ്ടിട്ട് അങ്ങനെ ഒന്നും തോന്നുന്നില്ലല്ലോ....
ഒരു ബംഗാളി ലുക്കില്ല...
ഇനി ലുക്ക് ഇല്ലാത്ത ബംഗാളി ആണെങ്കിലോ???

"കോൻ ഹോ തും??" ഞാൻ അറിയാവുന്ന ഹിന്ദി വെച്ച് കാച്ചി.
അത് വെറും രണ്ടു വാക്കുണ്ടായിരുന്നുള്ളൂ എങ്കിലും അത് പറഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി.
സ്കൂളിൽ വെച്ച് ഹിന്ദി പഠിച്ചത് വെറുതെയായില്ല.

അവൻ പെട്ടെന്ന് എഴുന്നേറ്റപ്പോൾ ഞാൻ പേടിച്ച് റൂമിന് പുറത്തേക്കോടി വാതിൽ അടച്ചു കുറ്റിയിട്ടു. വിജയ ഭാവത്തിൽ നിക്കുന്ന എന്റെ അടുത്തേക്ക് കുഞ്ഞിപ്പാന്റെമോനും ഉപ്പയും വന്നു.

"എന്താ ശബ്ദം കേട്ടത്???"
കുഞ്ഞിപ്പാന്റെ മോൻ എന്നെ നോക്കി.

ഡോറിൽ തട്ടുന്ന ശബ്ദം കേട്ട് ഉപ്പ എന്നെ സംശയത്തോടെ നോക്കി.

"പട്ടാ പകൽ കക്കാൻ കേറിയ കള്ളനാ... ഞാൻ ഇല്ലായിരുന്നേൽ അവൻ എന്തേലും കേട്ടോണ്ട് പോകായിരുന്നു." ഞാൻ പറഞ്ഞു.

"കള്ളനോ??? ഇവിടെയോ???"
അവൻ വിശ്വാസം വരാതെ ഡോർ തുറക്കാനായി മുന്നോട്ട് വന്നു.

"സൂക്ഷിച്ചു തുറക്ക് അവൻ എന്താ ചെയ്യാന്ന് പറയാൻ പറ്റില്ല.."

ഞാൻ പറഞ്ഞത് പോലെ കേട്ട് ഉപ്പയും കുഞ്ഞിപ്പാന്റെ മോനും ഡോർ പതിയെ തുറന്നു.
ഉള്ളിലുള്ള ആളെ കണ്ട് രണ്ടു പേരും ഞെട്ടലോടെ എന്നെ നോക്കി. ഞാൻ അവരെ നോക്കി വിജയ ഭാവത്തിൽ ചിരിച്ചു.








(തുടരും...)





Bạn đang đọc truyện trên: AzTruyen.Top