7
"നച്ചൂ... നച്ചൂ..." എന്റെ ശബ്ദത്തിൽ നിറഞ്ഞ പരിഭ്രമമായിരിക്കാം എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക് വഴി തിരിച്ചു വിട്ടത്.
കാര്യമന്വേഷിച്ച് പലരും ചോദ്യമായെത്തി, സംസാരം മുഴുവനാക്കാതെ കട്ടായ കോളിനെ കുറിച്ച് ചിന്തിച്ച് ഫോണിലേക്ക് നോക്കി കുറച്ച് നേരം ഞാൻ അങ്ങനെയിരുന്നു.
"എന്തിനായിരിക്കും നച്ചൂ പെട്ടെന്ന് വരാൻ പറഞ്ഞത്???" എന്നെ ഏറെ ഭയപ്പെടുത്തിയത് അവളുടെ ശബ്ദത്തിൽ വന്ന മാറ്റമായിരുന്നു.
ഒന്നും ഇല്ലാതെ പെട്ടെന്ന് വരാൻ പറയോ????
ആലോചനകൾക്ക് വിരാമമിട്ട് കൈ കഴുകി മുന്നിൽ കണ്ടവരോട് യാത്ര ചോദിച്ചിട്ട് പെട്ടെന്ന് തന്നെ അവിടെ നിന്നിറങ്ങി.
നടത്തത്തിനിടയിൽ സമയം കളയാതെ തിരികെ വീട്ടിലേക്ക് വിളിച്ചു. നവാൽ തന്നെയായിരുന്നു ഫോണെടുത്തത്.
"കാര്യങ്ങളെല്ലാം ഇവിടെ വന്നിട്ട് പറയാം, ഇത്താത്ത പെട്ടെന്ന് വാ...
എത്രയും പെട്ടെന്ന്..."
അവൾക്ക് പറയാൻ ഉള്ളത് പറഞ്ഞ് ഞാൻ മറ്റെന്തെങ്കിലും ചോദിക്കും മുൻപ് അവൾ കോൾ കട്ടാക്കി.
വിൻഡോ സീറ്റിൽ ഇരുന്നിട്ടും വരുമ്പോൾ തോന്നിയ ഭംഗിയൊന്നും ഇപ്പോൾ ഒരു സ്ഥലത്തിനും തോന്നുന്നില്ല...
എത്രയും പെട്ടെന്ന് വീട്ടിൽ എത്തണം എന്നൊരു ചിന്ത മാത്രമായിരുന്നു എന്നിൽ.
പക്ഷെ ബസ്സാണെങ്കിൽ ഇന്നെക്കോ നാളെക്കോ എന്ന പോലെ ഇഴഞ്ഞാ പൊയ്‌ക്കൊണ്ടിരുന്നത്...
പുറത്തേക്ക് നോക്കി ഇരിക്കുന്ന എന്റെ കണ്ണുകൾ ഇടഞ്ഞത് സ്പീഡിൽ പോകുന്ന ഒരു ബൈക്കിന് മേലെയാണ്, ഉടനെ ഉപ്പയെയാണ് ഓർമ്മ വന്നത്.
ഉപ്പ അങ്ങനെ സ്പീഡിൽ ഒന്നും പോകാത്ത ആളാണ്, പക്ഷെ ഇപ്പോ അങ്ങനെ അല്ലല്ലോ, കാൽനട യാത്രക്കാർക്ക് പോലും ആക്സിഡന്റ് സംഭവിക്കുന്നില്ലേ...
എന്റെ പടച്ചോനെ....
അങ്ങനെ ഒന്നും സംഭവിച്ചു കാണല്ലേ...
എന്തൊക്കെയോ കൂട്ടി കുരുക്കാൻ ശ്രമിക്കുന്ന മനസ്സിനെ തളർത്താൻ ശ്രമിച്ചു കൊണ്ട് എന്റെ ശ്രദ്ധ മറ്റൊരു ഭാഗത്തേക്ക് തിരിച്ചു വിട്ടു.
നല്ല സ്ഥലത്തേക്കാ എന്റെ ശ്രദ്ധ തിരിച്ചു വിട്ടത്. അല്ലെങ്കിലെ അനുവാദം ചോദിക്കാതെ കാടു കയറി ചിന്തിക്കുന്ന മനസ്സിന് പുതിയൊരു വിഷയവും കിട്ടി....
ഗ്യാസ് സിലിണ്ടർ കൊണ്ട് പോകുന്ന ലോറിയായിരുന്നു ഞാൻ ശ്രദ്ധ തിരിച്ചു വിടാൻ കണ്ടെത്തിയത്, അപ്പോഴേക്കും മനസ്സ് തന്റെ ജോലി കൃത്യമായി തുടങ്ങി.
പണ്ടെങ്ങോ എവിടെയോ കേട്ടറിഞ്ഞ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ച ന്യൂസുകളൊക്കെ ഓർമ്മ വന്നു...
പടച്ചോനെ....., അങ്ങനെ ഒന്നും ആയിരിക്കല്ലേ....
പക്ഷെ....
ഒന്നും ഇല്ലാതെ ഇങ്ങനെ പെട്ടെന്ന് വരാൻ പറയോ???....
നവാലാണെങ്കിൽ ഒന്നും കൃത്യമായി പറയുന്നുമില്ല...
ആർക്കും ഒന്നും സംഭവിക്കല്ലേ...
ഒന്നും സംഭവിച്ചു കാണില്ല മറ്റെന്തെങ്കിലും കാര്യത്തിന് വേഗം വരാൻ പറഞ്ഞതായിരിക്കും എന്ന് ഞാൻ സ്വയം പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
എന്നാലും അപ്പോഴേക്കും മനസമാധാനം എന്നൊന്ന് കൈ വിട്ട് പോയിരുന്നു...
എന്റെ മുഖവും പ്രവർത്തികളും കണ്ടിട്ടാകണം അടുത്തിരുന്ന ഒരു സ്ത്രീ എന്തൊക്കെയോ ചോദിച്ചു.
ചിലത്തിനൊക്കെ ഞാൻ മറുപടി പറഞ്ഞെങ്കിലും കൂടുതൽ ചോദ്യങ്ങൾ കേൾക്കാത്ത പോലെ ഭാവിച്ചു.
ബസ്സ്സ്റ്റോപ്പിൽ നിന്നും വീട്ടിലേക്ക് ഒരുപാട് ദൂരമുള്ളതായി തോന്നിയത് ഇന്നാദ്യമായാണ്...
വീട്ടു മുറ്റത്ത് എന്നെ നോക്കി ചിരിക്കുന്ന ഉപ്പാന്റെ ബൈക്ക് കണ്ടപ്പോൾ എന്തോ സന്തോഷം തോന്നി.
ഞാൻ വെറുതെ ഓരോന്നും ചിന്തിച്ചു കൂട്ടി എന്നാലോചിച്ചു കൊണ്ട് പൂമുഖത്തേക്ക് കയറി.
വാതിൽ പാതി തുറന്ന അവസ്ഥയിൽ ആയിരുന്നു. ബെല്ലടിക്കാൻ നിൽക്കാതെ വാതിൽ മലർക്കെ തുറന്ന് ഞാൻ അകത്തേക്ക് പ്രവേശിച്ചു.
സിനിമയിൽ ഒക്കെ കാണുന്നത് പോലെ ഒരു ക്രൈം നടന്ന വീട്ടിൽ കേറി ചെല്ലുന്നത് പോലെ ഒരനുഭവമായിരുന്നു അത്.
ആകെ നിശബ്ദത...
ആരെയും എവിടെയും കാണുന്നില്ല...
ഗ്യാസ് പൊട്ടിത്തെറിച്ചതിന്റെ ഒരടയാളവും അവിടെങ്ങും ഇല്ലായിരുന്നു. എന്തോ ആ സമയം പകുതി ജീവൻ തിരികെ കിട്ടിയത് പോലെ തോന്നി.
എന്തിരുന്നാലും ചെറിയൊരു പേടി ഉണ്ടായിരുന്നു ആരെയും എവിടെയും കാണാനില്ല...
കള്ളന്മാരെ പോലെ പതുങ്ങി-പതുങ്ങി സ്വന്തം വീട്ടിലൂടെ ഞാൻ നടന്നു.
പെട്ടെന്ന് പിന്നിൽ നിന്നും ഒരു കൈ വന്ന് ഷോൾഡറിൽ പതിഞ്ഞതും വലിയ ശബ്ദത്തോടെ ഞാൻ ഞെട്ടിത്തിരിഞ്ഞു.
എന്റെ പ്രവർത്തി കണ്ട് എന്റെ ഷോൾഡറിൽ കൈ വെച്ച അമ്മി പോലും ഞെട്ടി നിന്നു.
അമ്മിയെ കണ്ടപ്പോൾ സന്തോഷമാണോ സങ്കടമാണോ എന്റെ മുഖത്ത് പ്രതിഫലിച്ചത് എന്നറിയില്ല ഞാൻ അമ്മിയെ കെട്ടിപ്പിടിച്ചു.
"കുട്ടൂസെല്ലാം അറിഞ്ഞല്ലേ...
നിന്നോട് ഒന്നും പറയേണ്ട എല്ലാം ഇവിടെ വന്നിട്ട് പറഞ്ഞാൽ മതിയെന്ന് നച്ചൂനോട് ഞാൻ പറഞ്ഞതാ"
അമ്മി പറഞ്ഞു കൊണ്ട് എന്റെ മുടിയിയകളിലൂടെ വിരലുകലോടിച്ചു.
ഞാൻ ഒന്നും മനസ്സിലാകാതെ അനങ്ങാതെ അങ്ങനെ തന്നെ നിന്നു, അമ്മി ബാക്കി പറയുന്നത് കേൾക്കാനായി...
ഒന്ന് മാത്രം എനിക്ക് മനസ്സിലായി കാര്യമായി എന്തോ ഉണ്ട്....
"പടച്ചവൻ ഓരോരുത്തർക്കും ഓരോന്നും പറഞ്ഞു വെച്ചിട്ടുണ്ട് അതല്ലേ ഈ ദുനിയവില് നടക്കൂ...
നമ്മൾ എത്ര കുത്തിക്കുറിച്ച് മാറ്റാൻ ശ്രമിച്ചാലും കാര്യം ഉണ്ടാകില്ല..."
അമ്മി ഓരോന്നും പറയുമ്പോഴും എന്റെ മനസ്സ് ബ്ലാങ്കായിരുന്നു. അമ്മി എന്തിനെ കുറിച്ചാണ് പറയുന്നത് എന്ന് പോലും എനിക്ക് മനസ്സിലായില്ല.
"നമ്മളാരും വിഷമിച്ചിട്ടോ കരഞ്ഞിട്ടോ കാര്യമില്ല....
നമുക്കിപ്പൊ ഒന്നേ ചെയ്യാൻ പറ്റൂ പടച്ചോനോട് ദുആ ചെയ്യാ...
പടച്ചോൻ കുറിച്ച ആയുസ്സല്ലേ നമുക്കീ ദുനിയാവിലുള്ളൂ..."
ഞാൻ അമ്മിയിൽ നിന്ന് വേർപ്പെട്ട് അമ്മിക്കഭിമുകമായി നിന്നു.
ആരുടെ ആയുസ്സിനെക്കുറിച്ചാ അമ്മിയിങ്ങനെ പറയുന്നേ???? ഇനി ഉപ്പാക്ക് എന്തെങ്കിലും അസുഖമോ മറ്റോ???...
"അമ്മീ... ഉപ്പ എവിടെ???"
"റൂമിലുണ്ട്, കുട്ടൂസ് അങ്ങോട്ട് പോകണ്ട, ആ പഴയ ആൽബവും പിടിച്ച് ഇരിക്കാണ്...
വിവരങ്ങൾ അറിഞ്ഞ ശേഷം ഒന്നും കഴിച്ചിട്ട് പോലുമില്ല...
ആൽബവും നോക്കി കരച്ചിൽ തന്നെ....
നിന്നെ കൂടെ കണ്ടാൽ നിനക്കറിയാലോ ഉപ്പാനെ ആള് നല്ലോണം തളർന്നു പോകും..."
കൈകൾക്കാണോ കാലുകൾക്കാണോ ബലം നഷ്ടപ്പെടുന്നത് എന്നറിയില്ല....
ഞാൻ അങ്ങനെ നിന്നു....
എന്നാലും ഉപ്പാക്ക് എന്തായിരിക്കും???....
"സമയം കളയല്ലേ കുട്ടൂസെ വേഗം റെഡിയാക്.... നമുക്ക് പെട്ടെന്ന് പോകണം, മരണക്കിടക്കയിൽ കിടക്കുന്നവരുടെ ആഗ്രഹങ്ങളാ... അത് നടത്തി കൊടുക്കേണ്ടത് നമ്മുടെ കടമയാ...."
മരണക്കിടക്ക എന്നൊരു വാക്ക് അമ്മിയിൽ നിന്നും ഉണ്ടായതെ എനിക്കോർമ്മയുള്ളൂ പിന്നെ എന്റെ കണ്ണുകൾക്ക് മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യം വന്നില്ല നിറഞ്ഞു കവിയാൻ തുടങ്ങി.
എന്നാലും അമ്മി ഇത്ര ബോൾഡ് ആണല്ലോ എന്ന് ഞാൻ ചിന്തിച്ചു.
"കുട്ടൂസെ... ഇതാ നിന്നോട് പറയേണ്ടന്ന് നച്ചൂനോട് ഞാൻ പറയാൻ കാരണം. നിനക്ക് സഹിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം, ഒന്നുമില്ലേലും നീ ചെറുപ്പത്തിൽ ഉപ്പാന്റെ സ്ഥാനം കൊടുത്ത ആളല്ലേ.... ഇങ്ങനെ ഒരവസ്ഥ വരുമ്പോൾ നിന്റെ സ്ഥാനത്ത് ഞാൻ ആണേലും ഇങ്ങനെ കരഞ്ഞു പോകും"
അമ്മീ പറയുന്നതൊന്നും തലയിൽ കേറുന്നില്ലല്ലോ എന്നർത്ഥത്തിൽ ഞാൻ അമ്മിയെ കണ്ണെടുക്കാതെ നോക്കി.
"നീ എപ്പോഴും കുഞ്ഞിപ്പാ... കുഞ്ഞിപ്പാ വിളിച്ച് പിറകെ നടക്കുന്നത് ഇപ്പഴും എനിക്കോർമ്മയുണ്ട്....
നിനക്കുള്ള പോലെ നിന്നെ എന്ത് കാര്യമായിരുന്നെന്നോ നിന്റെ കുഞ്ഞിപ്പാക്ക്...
നീ കുഞ്ഞിപ്പാനെ മറന്ന് കാണുമെന്നാ ഞാൻ കരുതിയെ, വര്ഷം ഒരുപാട് കഴിഞ്ഞില്ലേ...
കാര്യങ്ങൾ അറിഞ്ഞപ്പോ ഉപ്പ ആകെ തകർന്നു പോയി, നീയും ഞാനും കളിയാക്കുമ്പോഴും ഒരു ദിവസം ഉപ്പാന്റെ ആ പ്രിയ സുഹൃത്ത് ഉപ്പാനെ തേടി വരും എന്നല്ലേ പറയാറ്, എന്നാലും ഇത് വല്ലാത്തൊരു കഥയായിപ്പോയി...
തീരെ വയ്യെന്നാ കേട്ടത്, ഹോസ്പിറ്റലിൽ നിന്നും മടക്കി അയച്ചു. ഇനീ ട്രീട്മെന്റ് കൊണ്ട് പ്രയോജനം ഇല്ലെന്നാ കേട്ടത്"
കുഞ്ഞിപ്പാ....
ഉപ്പാന്റെ പ്രിയ സുഹൃത്ത്....
വർഷങ്ങൾക്ക് മുൻപ് ആരോടും പറയാതെ പെട്ടെന്നൊരിക്കൽ നഷ്ടമായ സൗഹൃദം....
കുഞ്ഞിപ്പാനെ കുറിച്ച് പറയാൻ നൂറു നാവാ ഉപ്പാക്ക്...
ഞാൻ പാട്ട ബൈക്ക് എന്ന് വിളിക്കുന്ന ഉപ്പാന്റെ ജീവനായ ബൈക്ക് ഉപ്പാക്ക് കുഞ്ഞിപ്പാ നൽകിയ സമ്മാനമായിരുന്നു...
ഞാൻ ഒരിക്കലും കരുതിയിരുന്നില്ല കുഞ്ഞിപ്പാനെ വീണ്ടും ഉപ്പ കണ്ടെത്തുമെന്ന്... ഇത്രയും കാലം യാതൊരു വിധ വിവരവും ഇല്ലാത്തൊരാൾ ഇപ്പോൾ...
അതിനിടയിൽ ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി...
ഉപ്പാനെ കുറിച്ച്....
എല്ലാം നവാലിന്റെ പണിയാ... എല്ലാം ആദ്യം തന്നെ പറഞ്ഞാൽ ഞാനിങ്ങനെ വേണ്ടാത്തതൊന്നും ചിന്തിക്കില്ലായിരുന്നു.
"വേഗം ചെന്ന് അത്യാവശ്യം വേണ്ട സാധനങ്ങൾ പാക്ക് ചെയ്യ്... വേഗം പോകണം അവരിപ്പോൾ ചെന്നൈയിലാണ് താമസം. കുഞ്ഞിപ്പാന്റെ കണ്ടിഷൻ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്, എത്രയും പെട്ടെന്ന് പോയെ പറ്റൂ..."
അതും പറഞ്ഞ് അമ്മീ കിച്ചനിലേക്ക് പോയി.
ഞാൻ പതിയെ റൂം ലക്ഷ്യമാക്കി നടന്നു. നവാലിനെ കണ്ടാൽ മനുഷ്യനെ ടെൻഷൻ ആക്കിയതിന് രണ്ടെണ്ണം പറയണം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു കൊണ്ട് ഉപ്പാന്റെ റൂമിനു മുന്നിലൂടെ നടന്നു.
നവാലിന്റെ ശബ്ദം കേട്ടപ്പോൾ ചാരിക്കിടന്ന വാതിലിനുള്ളിലൂടെ ഞാൻ അകത്തേക്ക് നോക്കി.
നവാൽ ഉപ്പക്കരികിൽ ഇരിപ്പുണ്ട്. അമ്മീ പറഞ്ഞത് പോലെ ഉപ്പാന്റെ കയ്യിൽ ആൽബവുമുണ്ട്...
ചിലപ്പോൾ കുഞ്ഞിപ്പാന്റെ ഓർമ്മകൾ ആ ആൽബത്തിനുള്ളിൽ ആ യൗവ്വനത്തോടെ ഇന്നും നിലനിൽപ്പുണ്ടാകും.
നവാൽ ഉപ്പയെ സമാധാനിപ്പിക്കുന്നുണ്ട്. അവളുടെ സംസാരം കേൾക്കുമ്പോൾ തോന്നും ഞങൾ എല്ലാരേക്കാളും മുതിർന്നത് അവളാണെന്ന്...
എല്ലാരേക്കാളും ജീവിതം പഠിച്ചത് അവളാണെന്ന്....
എനിക്കൊരാളെ സമാധാനിപ്പിക്കാൻ അറിയില്ല അത് കൊണ്ട് ഞാൻ അകത്തേക്ക് പോകാത്തതാണ് നല്ലത്...
വീട്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് ഇറങ്ങുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു. ഉപ്പയാകെ തളർന്ന അവസ്ഥയായത് കൊണ്ട് കാറിന്റെ ഡ്രൈവിങ് സീറ്റ് എനിക്കുള്ളതായിരുന്നു.
ഡ്രൈവ് ചെയ്യുമ്പോഴും ഇടക്കിടക്ക് ഞാൻ ഉപ്പാനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു, ഉപ്പ ആളാകെ മാറിയിരിക്കുന്നു. ഉപ്പാനെ ഇങ്ങനെ കാണാൻ വയ്യ...
എന്നും കാണുന്ന പുഞ്ചിരിയും പ്രസരിപ്പുമില്ല....
കരഞ്ഞു ചുവന്ന കണ്ണുകൾ തളർന്ന അവസ്ഥയിലും...
എന്റെ ഓർമ്മകളിൽ കുഞ്ഞിപ്പയുടെ മുഖം തെളിഞ്ഞു നിൽക്കുന്നില്ല, അന്ന് ആ സമയങ്ങളിൽ ഞാൻ നന്നേ ചെറുതായിരുന്നു. അമ്മിയും ഉപ്പയും എന്നും പറയാറുള്ള ചില കഥകൾ വെച്ചൊരു രൂപം, ആൽബത്തിലെ പുഞ്ചിരിക്കുന്ന മുഖം, അങ്ങനെ ഒരു രൂപമായിരുന്നു എന്റെ മനസ്സിൽ....
പെട്ടെന്നുള്ള യാത്ര ആയത് കൊണ്ട് റീസേർവ് ചെയ്തില്ലായിരുന്നു എങ്കിലും കഷ്ടിച്ചു സീറ്റ് കിട്ടിയെന്ന് പറയാം...
അല്ലെങ്കിൽ കഷ്ട്ടപെട്ടേനെ...
ചെന്നൈ അല്ലെ, പതിനാലു മണിക്കൂർ യാത്രയുണ്ട്....
ഓരോ സ്‌റ്റേഷൻ കഴിയും തോറും തിരക്ക് കൂടിയും കുറഞ്ഞുമിരുന്നു. ഉറക്കം വരുന്നുണ്ടായിരുന്നെങ്കിലും എല്ലാവരുടെയും ശ്രദ്ധ ഉപ്പയിലായിരുന്നത് കൊണ്ട് ആരും ഉറങ്ങിയില്ല...
പതിനാലു മണിക്കൂർ...
നീണ്ട പതിനാലു മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം ചെന്നൈ സ്റ്റേഷനിൽ ട്രെയിൻ എത്തി.
ബാഗെല്ലാം എടുത്ത് ഞങ്ങൾ ട്രെയിനിൽ നിന്നിറങ്ങി പുറത്തേക്ക് നടന്നു. ഇനി എന്ത് എന്നർത്ഥത്തിൽ എല്ലാവരും ഉപ്പയെ നോക്കി.
ഉപ്പ ഫോണെടുത്ത് ആരെയോ വിളിച്ച് ഞങൾ നിൽക്കുന്ന സ്ഥലത്തെ കുറിച്ച് പറഞ്ഞു കൊടുത്തു.
ഇവിടെ എത്തിയാൽ വിളിച്ചു പറയാൻ ആരെങ്കിലും നമ്പർ കൊടുത്തിട്ടുണ്ടാകണം ഉപ്പയ്ക്ക്.
"അൻവർക്കാ..."
സൈഡിൽ നിന്നും ആരോ ഉപ്പാന്റെ പേര് വിളിച്ചപ്പോൾ എല്ലാവരും അങ്ങോട്ട് നോക്കി.
(തുടരും...)
Bạn đang đọc truyện trên: AzTruyen.Top