6
"ഞാനൽപ്പം തിരക്കിലായിപ്പോയി അല്ലെങ്കിൽ നിന്റെ കുടൽമാല പുറത്തെടുത്തേനെ..."
അമ്മി പറഞ്ഞാൽ പറഞ്ഞത് ചെയ്യും അതുകൊണ്ട് അമ്മിയുടെ വാക്കുകൾ കേട്ട ഉടനെ ഞാൻ നവാലിന്റെ കൈകൾ വിട്ടു.
"അല്ലാതെ അമ്മിയെ പേടിച്ചിട്ടല്ല..." കൈകൾ രണ്ടും തമ്മിൽ കൂട്ടി തിരുമ്മികൊണ്ട് അവൾ എന്റെ മറുപടിക്കായി കാതോർത്തു.
മറുപടി പറഞ്ഞാൽ ചീറ്റി പോകേണ്ട എന്ന് കരുതി മുഖം കൊണ്ട് ഒരു ഘോഷ്ഠി കാണിച്ച് ഞാൻ കിച്ചനിലേക്ക് നടന്നു.
"അമ്മീ.... ഉപ്പ എവിടെ???"
"ഉപ്പ അല്ലെ അവിടെ പേപ്പറും വായിച്ചിരിക്കുന്നെ..." ഹാളിലേക്ക് ചൂണ്ടികാണിച്ച് അമ്മി പറഞ്ഞു.
ആഹാ...
ഞാനും നവാലും വഴക്ക് കൂടുമ്പോൾ മൂപ്പര് അവിടെ തന്നെ ഉണ്ട്, ഇരുത്തം കണ്ടാൽ തന്നെ മനസ്സിലാകും എല്ലാം കണ്ടിട്ടും കാണാത്തെ പോലെ ഇരിക്കാണെന്നു...
ഞാൻ സമ്മതിക്കോ അങ്ങനെയിരിക്കാൻ ....
അമ്മി ഗ്ലാസിൽ പകർന്നു വെച്ച ചായയും എടുത്ത് നേരെ ഉപ്പ പേപ്പറും വായിച്ചിരിക്കുന്ന സോഫയുടെ അടുത്ത് ചെന്നിരുന്നു...
"അമ്പോ....
ആരാ ഇത്....
ഇമ്മാതിരി ശീലമൊക്കെ എപ്പോ തുടങ്ങി???"
"നിന്റെ ഒക്കെ കച്ചറ രാവിലെ തന്നെ കേൾക്കുന്നതിനെക്കാൾ എത്രയോ നല്ലത് ഇതാ..."
എന്റെ മുഖത്ത് നോക്കാതെ മുഴുവൻ ശ്രദ്ധയും പേപ്പറിൽ കേന്ദ്രീകരിച്ച് ഉപ്പ പറഞ്ഞു.
"പിന്നെ വെട്ടും കുത്തും വായിക്കുന്നതാണല്ലോ ഭയങ്കര രസം..."
"ആ... വെട്ടും കുത്തും അറിയുന്ന ഒരുത്തനെ നിനക്ക് കല്യാണം കഴിക്കാൻ കിട്ടോന്ന് നോക്കട്ടെ..."
"എന്നാ വല്ല ഇറച്ചിക്കാരനേം നോക്കിക്കോ ഉപ്പാ... അതാകുമ്പോൾ വെട്ടാനും അറിയാം എന്റെ വയറും നിറയും" ഉപ്പ ഒന്നും പറയാതെ വായന തുടർന്നു.
അതെന്തോ എനിക്കങ്ങോട്ട് പിടിച്ചില്ല...
"ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു"
ഞാൻ ഉറക്കെ വായിച്ചു.
എന്റെ വായന കേട്ട് ഉപ്പ പേപ്പർ തിരിച്ച് പിടിച്ച് ഞാൻ വായിച്ച ന്യൂസിനുള്ള തിരച്ചിൽ തുടങ്ങി.
എവിടെയും ആ ന്യൂസ് കാണാതെ ആയപ്പോൾ ഉപ്പ എന്നെ നോക്കി.
"കൊച്ചു കള്ളൻ അപ്പൊ അതാണ് പൂതി, എന്നാലും ഇത്രക്ക് വേണ്ടായിരുന്നു"
ഞാൻ ആക്കിയതാണെന്നു മനസ്സിലായപ്പോൾ ഉപ്പ എന്നെ നോക്കി ഇളിഞ്ഞ ഒരു ചിരി പാസ്സാക്കി.
"ഉമ്മാ.... സൂക്ഷിച്ചു നടന്നോ, ഉപ്പ എപ്പയാ ഇങ്ങൾക്കിട്ട് പണി തരാന്ന് പടച്ചോന് പോലും പറയാൻ പറ്റില്ല..."
കിച്ചനിൽ ഉള്ള അമ്മി കേൾക്കത്തക്ക വിധം ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
"എന്ത് പണി???"
തൊട്ടടുത്ത് നിന്ന് എന്തേലും പറഞ്ഞാൽ കേൾക്കാത്ത അമ്മി ഞാൻ ഹാളിൽ നിന്നും പറഞ്ഞത് കേട്ടു, അല്ലെങ്കിലും അതങ്ങനെ ആണല്ലോ...
"കുട്ടൂസെ..."
അമ്മി വീണ്ടും വിളിച്ചു.
ഉപ്പ പണി തരല്ലേ എന്ന ഭാവത്തിൽ എന്നെ നോക്കി.
"ഒന്നുമില്ല അമ്മീ...
എനിക്ക് ഇന്ന് ഇരിട്ടി വരെ പോകണം,
ഉപ്പ കൊണ്ടു വിടാമെന്ന് പറയുകയായിരുന്നു"
ഇതൊക്കെ എപ്പോ നടന്നു എന്ന മട്ടിൽ മിണ്ടാതെ ഇരിക്കുകയായിരുന്നു ഉപ്പ,
"അല്ല കുട്ടൂസെ, ഞാൻ എപ്പോ പറഞ്ഞു അന്നെ കൊണ്ട് വിടാന്ന്..."
"ഒരു പാലം ഇട്ടാൽ അങ്ങോട്ട് മാത്രം അല്ല ഇങ്ങോട്ടും നടക്കാമെന്ന ഓർമ്മ വേണം..."
"നിനക്ക് ഒക്കെ കിട്ടുന്ന ചെക്കൻ ഒരു രാക്ഷസൻ ആയിരിക്കണം അപ്പൊ നീ ഒക്കെ പഠിക്കൊള്ളൂ..."
"അന്നുക്ക പറഞ്ഞു വരുന്നത് ഈ രക്ഷസന്റെ ഗണത്തിൽ പെടുന്ന ഒരാളാണ് അമ്മി എന്നല്ലേ..."
"പോടീ, വെറുതെ കുടുംബ കലഹം ഉണ്ടാക്കാതെ..."
ഞാൻ ചിരിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല.
"കുട്ടൂസെ, നീ എന്തിനാ ഇരിട്ടി വരെ പോകുന്നേ???"
അതറിയാനായി അമ്മി കിച്ചനിൽ നിന്നും ഹാളിലേക്ക് വന്നു.
"ആ അതന്നെ..."
വിഷയം മാറിയ സന്തോഷത്തിൽ ഉപ്പയും ഏറ്റു പിടിച്ചു.
"ആഹാ, അത് ശെരി എന്തിനാ എന്നൊന്നും അറിയാതെയാണോ കുട്ടൂസിനെ കൊണ്ട് വിടാമെന്ന് ഇങ്ങളേറ്റത്..."
ഉപ്പാക്ക് പണി കിട്ടി....
"ഇങ്ങള് കുട്ടൂസ് പറയുന്നത് കേട്ട് തുള്ളിക്കോളീ, ഒന്നും ചോദിക്കേണ്ട,"
അമ്മി കലിപ്പ് മൂടിലാണോ നല്ല മൂടിലാണോ എന്ന് കൃത്യമായി മനസ്സിലാക്കാൻ പറ്റിയില്ല.
"ഒന്നല്ല അമ്മീ, ശഹലാന്റെ കല്യാണമാണ്, എന്റെ കൂടെ പ്ലസ്ടുന് പഠിച്ച ശഹലയില്ലേ...
ഞാൻ നാട്ടിൽ ഉണ്ടല്ലോ അപ്പോ പോയേക്കാം എന്ന് കരുതി..."
"ഓഹ്,
നാട്ടിൽ എത്താൻ കാത്തു നിൽക്കായിരുന്നോ സർക്കീട്ടിന്..."
"കല്യാണമല്ലെ അമ്മീ..."
രണ്ടുപേരും ഇനിയൊന്നും പറയാതിരിക്കാൻ ഞാൻ വേഗം ഹോം തിയേറ്ററിൽ സോങ് വെക്കുകയായിരുന്ന നവാലിന്റെ അടുത്തേക്ക് ചെന്ന് റിമോർട്ട് തട്ടി പറിച്ചു.
പിന്നെ പറയണ്ടല്ലോ....
പൊരിഞ്ഞ വയക്കായിരുന്നു. പാടികൊണ്ടിരിക്കുന്ന പാട്ടിനേക്കാൾ ശബ്ദം ഞങ്ങൾക്കായിരുന്നു.
"പടച്ചോനെ....
എന്നെക്കൊണ്ട് വയ്യ തുടങ്ങി രണ്ടാളും വീണ്ടും"
അമ്മി തലയിൽ കയ്യും വെച്ച് ഞങ്ങളെ നോക്കി.
ഞങ്ങൾക്കിടയിൽ പെട്ടാൽ ശെരി ആകില്ലെന്ന് അറിയാവുന്നത് കൊണ്ട് ഉപ്പ ഞങ്ങളെ നോക്കിയതെയില്ല.
അമ്മീനെ കൊണ്ടേ ഞങ്ങളെ മെരുക്കാൻ കഴിയൂ...
"ഞാനല്ലേ ആദ്യം remort എടുത്തത്, ഇത്താത്ത എന്റെ കയ്യിന്ന് തട്ടിപ്പറിച്ചേ അല്ലെ"
"ഞാൻ ഇപ്പൊ പോകും അമ്മീ...
അത് കഴിഞ്ഞ് നച്ചൂ എന്ത് വേണേലും വെച്ചോട്ടെ..."
ഞാനും വിട്ടുകൊടുത്തില്ല.
"എന്തെങ്കിലും ചെയ്യ് രണ്ടാളും കൂടെ...
എനിക്ക് വയ്യ രണ്ടാളേം ഇനി വഴക്ക് പറയാൻ, പറഞ്ഞ് പറഞ്ഞ് എനിക്ക് മടുത്തു.
രണ്ടാൾക്കും ഇപ്പഴും ബോധം ഇല്ല, കുട്ടൂസ് വലുതാണെന്ന് നച്ചൂനും നച്ചൂ ചെറുതാണെന്ന ബോധം കുട്ടൂസിനും ഇല്ല."
"പിന്നെ പൈതലല്ലേ"
നവാലിനെ കളിയാക്കുന്നത് പോലെ ഞാൻ പറഞ്ഞു.
ജയം എനിക്കായിരുന്നു എന്നോട് പിണങ്ങി നവാൽ മുറിയിലേക്ക് പോയി.
ഞാൻ എനിക്കിഷ്ടപ്പെട്ട പാട്ട് ഉറക്കെ വെച്ചു.
"കെട്ടിക്കാൻ പ്രായം ആയി എന്നിട്ടും കുട്ടിക്കളിക്ക് ഒരു മാറ്റവും ഇല്ല"
അമ്മി പിറുപിറുത്തു കൊണ്ടിരുന്നു.
"അല്ല അമ്മീ ഒരു സംശയം ചോദിക്കട്ടെ, ശെരിക്കും നിങ്ങൾ രണ്ടാളും ആരേലും കണ്ട് വെച്ചിട്ടുണ്ടോ????
എന്ത് പറഞ്ഞാലും കെട്ടിക്കുന്ന കാര്യം വലിച്ചിടുന്നെ..."
"ആ... ഞങ്ങൾ കണ്ട് വെച്ചിട്ടുണ്ട് എന്തെ...???
ഞങ്ങള് കണ്ട് പിടിച്ച ആളെ പറ്റൂലെ നിനക്ക്"
"പിന്നെ പറ്റാതെ...
നമുക്ക് കെട്ടാമെന്നെ... എനിക്ക് ഡബിൾ ഓക്കേ...
ഒറ്റ നിർബന്ധമുള്ളൂ...
അടിച്ച് പൊളിയായി നടത്തണം, അല്ലാതെ അന്നുക്കാന്റെ പിശുക്ക് ഇതിൽ എടുക്കാൻ ഞാൻ സമ്മതിക്കൂല..."
"കുട്ടൂസിന്റെ ബിസ്മി കല്യാണം ആണ്"
ഉപ്പാന്റെ മറുപടി സ്പോട്ടിൽ എത്തി.
"പറ്റൂല...
ഇത്താത്തന്റെ കല്യാണം വലുതാക്കി കഴിക്കണം, എന്റെ ഫ്രണ്ട്സിനൊക്കെ വരേണ്ടതാ...
എനിക്ക് ജോറാക്കേണ്ടതാ..."
പിണങ്ങി പോയ നവാൽ ഇത് കേട്ട ഉടനെ പുറത്തേക്ക് വന്നു.
"നച്ചൂന്റെ കല്യാണം വലുതാക്കി നടത്താം കുട്ടൂസിന്റെ ബിസ്മി കല്യാണം മതി, നിക്കാഹ് കഴിഞ്ഞ് വീട് കൂടുക അത്ര മതി, ആർഭാടം ഒന്നും വേണ്ട"
"അത് പോരാ...
ഇത്താത്തന്റെ കല്യാണം അടിച്ച് പൊളിയായി നടത്തണം അപ്പോയല്ലേ എനിക്ക് വിലസാൻ പറ്റൂ...
എന്റെ കല്യാണത്തിന് ഞാൻ അടങ്ങി ഇരിക്കേണ്ടി വരില്ലേ..."
"അതൊന്നും നോക്കണ്ട കുട്ടൂസിന്റെ ബിസ്മി കല്യാണമാണ് ഉറപ്പിച്ച്"
അമ്മിയും ഉപ്പക്കൊപ്പം ചേർന്നു.
അവരുടെ സംസാരം കേട്ട് ഞാൻ കുറച്ച് നേരം വാ പൊളിച്ചു നിന്നു. ഞാൻ വെറുതെ പറഞ്ഞതാണ് അതിപ്പോ ഇത്ര വലിയ ചർച്ചയാകുമെന്ന് കരുതിയില്ല.
ഇനിയിപ്പോ....
ഹേയ്,
അങ്ങനെ നടക്കാൻ വഴി ഇല്ല....
എന്നാലും....
"സത്യം പറ നിങ്ങള് രണ്ടാളും ഇനി ആരേലും കണ്ട് വെച്ചിട്ടുണ്ടോ???
കാര്യമായ ചർച്ചയാണല്ലോ..."
ഉപ്പയും അമ്മിയും എന്നെ നോക്കി ചിരിച്ചു.
കള്ളൻമാർ ഒന്നും അങ്ങോട്ട് തുറന്ന് പറയുന്നില്ല.
ഇനി അങ്ങനെ എങ്ങാനും....
എന്നാ പിന്നെ അവന്റെ കഷ്ട്ടകാലം തന്നെ....
ഇരിട്ടിയിലേക്ക് ഇവിടെ നിന്നും ഒരുമണിക്കൂർ യാത്രയുള്ളത് കൊണ്ട് ഞാൻ വേഗം പോകാൻ തയ്യാറായി.
"ഇതെന്ത് കോലമാ കുട്ടൂസെ...
ഒരു പരിപാടിക്ക് പോകല്ലേ, ഇങ്ങനെയാണോ പോകുന്നേ..."
അമ്മിയുടെ വാക്കുകൾ കേട്ട് ഞാനെന്നെത്തന്നെ അടിമുടിയൊന്ന് നോക്കി.
വലിയ കുഴപ്പമൊന്നും ഇല്ലല്ലോ...
ബ്ലൂ പ്രിന്റ് പലാസോയും ക്രീം ലൂസ് ടീ ഷർട്ടും ബ്ലൂ ഷാളും...
എന്താ ഇതിലൊരു കുഴപ്പം എന്ന മട്ടിൽ ഞാൻ എല്ലാരേം നോക്കി.
" വൃത്തിയും മെനയുമുള്ള ഡ്രസ്സ് ഇട്ടൂടെ കുട്ടൂസെ...
ഇതിന്റെ ഉള്ളിൽ വേറെ ഒരാൾക്കും കൂടെ കയറി ഇരിക്കാം"
അമ്മി ഉദ്ദേശിച്ചത് എന്റെ ടീ ഷർട്ട് ആണെന്ന് എനിക്ക് മനസ്സിലായി.
എനിക്ക് ആണെങ്കിൽ ഡ്രസ്സ് ശരീരത്തോട് തുന്നിക്കൂട്ടിയിടുന്ന സ്വഭാവമില്ല...
ലൂസ് ഡ്രെസ്സിനോടാണ് ഏറെ ഇഷ്ട്ടം...
"അമ്മി അമ്മീടെ മരുമോനോട് ഇതൊക്കെ പറഞ്ഞേക്കണേ ഞാൻ ഇങ്ങനെയാണെന്ന്, പറ്റുമെങ്കിൽ കെട്ടിയാൽ മതിയെന്നും, അല്ലേൽ ഞാൻ ആരെങ്കിലും കെട്ടികൊണ്ട് കേറി വരും"
അതും പറഞ്ഞ് ഞാൻ ഉപ്പക്കൊപ്പം ഉമ്മറത്തേക്കിറങ്ങി.
ഉപ്പ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നത് കണ്ട് ഞാൻ ഞെട്ടി...
പടച്ചോനെ...
ഈ പാട്ട വണ്ടിയിൽ ആണോ പോകുന്നത്...
എന്നാ പിന്നെ എന്റെ ഫ്രണ്ട്സും ഇരിട്ടിയിലേക്കുള്ള ബസ്സും അതിന്റെ പാട്ടിന് പോയിട്ടുണ്ടാകും ഞാൻ എത്തുന്നതിന് മുൻപ്...
"ഉപ്പാ...
ഇന്നാണ് കല്യാണം..."
"ആ, അതിനല്ലേ പോകുന്നത്"
ഉപ്പ കയറാൻ ആവശ്യപ്പെട്ട് കൊണ്ട് മിററിലൂടെ എന്നെ നോക്കി.
"എന്നിട്ടാണോ ഈ പാട്ട വണ്ടിട്ടിൽ പോകുന്നേ...
ഇത് ഇഴഞ്ഞു ഇഴഞ്ഞു എത്തുമ്പോയേക്കും കല്യാണം കഴിഞ്ഞ് പന്തലും പൊളിച്ചു കാണും"
"നേരം വൈകാതെ എത്തണം എന്നുണ്ടെങ്കിൽ ഡയലോഗ് അടിക്കാതെ കേറാൻ നോക്ക്" എല്ലാരോടും യാത്ര പറഞ്ഞ് ഞാൻ ബൈക്കിൽ കയറി.
സ്റ്റാൻഡിൽ എത്തിയപ്പോൾ എല്ലാരും എന്നെ കാത്തു നിൽക്കായിരുന്നു.
"ഞാൻ അപ്പഴേ പറഞ്ഞില്ലേ, ഈ പാട്ട വണ്ടിയിൽ പോയാൽ ലേറ്റ് ആയെ എത്തൂന്ന്"
ഞാൻ ബൈക്കിൽ നിന്നിറങ്ങി.
"എത്തിയാൽ വിളിക്കണേ കുട്ടൂസെ...
വേഗം വരണേ...."
"യെസ് ബോസ്സ്"
ഞാൻ ചിരിച്ചു കൊണ്ട് ഫ്രണ്ട്സിന്റെ അടുത്തേക്ക് ചെന്നു. സംസാരത്തിനിടയിൽ ഞാൻ ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഉപ്പ അവിടെ തന്നെയുണ്ട് പോയിട്ടില്ല.
ഇതാ ഉപ്പാന്റെ കുഴപ്പം ഇനി ഞാൻ ബസ്സിൽ കയറി പോയാലെ മൂപ്പര് ഇവിടം വിടൂ...
അത്കൊണ്ട് കഴിഞ്ഞില്ല, ഞാൻ അവിടെ എത്തുന്ന വരെ വിളി ആയിരിക്കും...
ഒരുപാട് ദൂരം ഉണ്ടെങ്കിലും എല്ലാവരും ഒരുമിച്ചായിരുന്നത് കൊണ്ട് ദൂരം അറിഞ്ഞില്ല.
ഒരുപാട് കാലത്തിന് ശേഷം കാണുകയല്ലെ പറയാനും പങ്കുവെക്കാനും പലതും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.
പലരുടെയും വിവാഹം കഴിഞ്ഞിട്ടുണ്ട്, അവരൊക്കെ ശരിക്കും പറഞ്ഞാൽ കുടുംബിനികളായി മാറിയിട്ടുണ്ട്.
എന്തൊരു മാറ്റം ആണെന്നോ...
പഴയ പൊട്ടിത്തെറിയും തലത്തെറിച്ച കളിയും അവരിൽ അംശം പോലുമില്ല....
ഇങ്ങനെയൊക്കെ മാറുമോ...
ഇനി എന്റെ നിക്കാഹ് കഴിഞ്ഞാൽ ഞാനും ഇങ്ങനെ മാറുമോ???
ഹേയ്...,
അങ്ങനെ മാറിയിട്ട് എന്തിനാ...
അവർ ആഗ്രഹിക്കുന്ന പോലെ കീ കൊടുത്താൽ ചലിക്കുന്ന പാവ ആകാൻ എന്നെ കിട്ടില്ല...
എന്തിനാ ഇപ്പൊ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.
അമ്മിയും ഉപ്പയും അങ്ങനെ പറഞ്ഞതു മുതൽ ഒരു ടെൻഷൻ ഇല്ലാതില്ല...
അവര് വെറുതെ പറഞ്ഞതായിരിക്കും...
ഞാൻ അതെല്ലാം വിട്ട് കല്യാണത്തിന്റെ തിരക്കിനൊപ്പം കൂടിച്ചേർന്നു.
ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് എന്റെ പഴയ കൂട്ടുകാരിയെ കണ്ടത്, അവളുടെ നമ്പർ സേവ് ചെയ്യാൻ ഫോൺ എടുത്തപ്പോൾ 32 മിസ്സ്ഡ് കോൾസ്....
ഉപ്പയും അമ്മിയും ആണ്...
പടച്ചോനെ...
ഞാൻ പെട്ടു...
ഇവിടെ എത്തിയിട്ട് വീട്ടിലേക്ക് വിളിച്ചതെയില്ല
അവളുടെ നമ്പർ സേവ് ചെയ്ത് ഉപ്പയുടെ ഫോണിലേക്ക് വിളിച്ചു.
"ഇത്താത്ത... വേഗം വീട്ടിലേക്ക് വാ...
വേഗം എന്ന് പറഞ്ഞാൽ വേഗം, വെറുതെ കളിച്ചു നിൽക്കരുത്"
ഞാൻ എന്തെങ്കിലും പറയും മുൻപ് നവാലിന്റെ ശബ്ദം എന്റെ കാതിൽ എത്തി.
കഴിക്കാൻ കയ്യിൽ എടുത്ത ഒരു പിടി ചോറ് കയ്യിന്റെ ബലം നഷ്ട്ടപ്പെട്ട് പ്ലേറ്റിലേക്ക് വീണു.
"എന്താ... നച്ചൂ..." മറുപടിയ്ക്ക് കാത്തു നിന്ന എനിക്ക് പക്ഷെ മറുപടിയൊന്നും കിട്ടിയില്ല...
(തുടരും...)
Bạn đang đọc truyện trên: AzTruyen.Top