5

"എന്റെ അമ്മീ എന്തൊരു എരിവ്,
ഹോ!!! എനിക്ക് സഹിക്കാൻ പറ്റണില്ലേ... ഒരു ഗ്ലാസ് വെള്ളം തന്നെ..." ഞാൻ അമ്മിയുടെ മുന്നിലുള്ള ഗ്ലാസ് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

"ഇത്താത്തന്റെ മുന്നിലുള്ള ഗ്ലാസിലല്ലെ വെള്ളമുള്ളത്,"

നവാൽ പറഞ്ഞപ്പോഴാണ് എനിക്കുള്ള പണി ഞാൻ ചോദിച്ച് വാങ്ങുകയാണെന്ന ബോധം വന്നത്.

അവൾ പറഞ്ഞത് ശെരിയാണല്ലോ എന്ന മട്ടിലായിരുന്നു ഉപ്പയും അമ്മിയും എന്നെ നോക്കിയത്.

"അതിൽ പാറ്റ വീണിട്ടുണ്ട്"
വായിൽ തോന്നിയ കള്ളം ഞാൻ അവർക്കു മുന്നിൽ അവതരിപ്പിച്ചു.

അത് കേട്ട ഉടനെ അമ്മിയ്ക്ക് മുന്നിലുള്ള ഗ്ലാസ് എനിക്ക് മുന്നിലേക്ക് ഉപ്പ വെച്ചിരുന്നു. ഞാൻ ആരെയും ശ്രദ്ധിക്കാതെ വെള്ളം പെട്ടെന്ന് കുടിച്ചു.

"ഞാൻ കണ്ടില്ലല്ലോ പാറ്റ വീണത്???" രണ്ടു കണ്ണും ബൈനോക്കുലറാക്കി എന്റെ ഗ്ലാസ്സിലേക്ക് സൂക്ഷിച്ചു നോക്കുകയായിരുന്നു നവാൽ

"അടുത്ത തവണ വെള്ളത്തിലേക്ക് വീഴുമ്പോൾ നിന്നെ വിളിച്ചു പറയാൻ ഞാൻ പാറ്റയോട് പറയാം..."എല്ലാവരും വിഷയം ആകെ മറന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ.

"മറക്കാതെ പറയണേ...
വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ഒരു കത്തയക്കാനെങ്കിലും പറ, അല്ലെങ്കിൽ വാട്ട്സപ്പ് മെസ്സേജ് ആയാലും മതി"

ചളി കോരിയിടാൻ പിന്നെ ഞാനും അവളുമുള്ളപ്പോൾ മറ്റൊരാളെ പുറത്ത് നിന്നും കൊണ്ടുവരേണ്ട യാതൊരു ആവശ്യവും ഇല്ലല്ലോ...

"കുട്ടൂസെ, നച്ചൂ... ഒന്ന് നിർത്തിക്കെ...
കഴിക്കാൻ ഇരിക്കുന്ന സമയത്തെങ്കിലും രണ്ടു പേർക്കും ഒന്ന് അടങ്ങി ഇരുന്നൂടെ..."
അമ്മി രണ്ട് പേരെയും ശാസിച്ചു.

എല്ലാവരും ഒരു വിധം എക്സാം റിസൾട്ടിന്റെ കാര്യം മറന്ന സ്ഥിതിക്ക് അതോർമ്മ വരുന്നതിന് മുൻപ് അവിടെ നിന്നും മുങ്ങുന്നതാണ് എനിക്ക് നല്ലതെന്നു മനസ്സിലാക്കിയത് കൊണ്ട് ഞാൻ കഴിക്കുന്ന വേഗത ഒന്ന് കൂട്ടി.

"പതുക്കെ കഴിക്ക് കുട്ടൂസെ... നിന്റെ പ്ലേറ്റിൽ ഉള്ളത് കയ്യിട്ട് വരാൻ ആരും വരൂല..." ഉപ്പ തമാശ രൂപത്തിൽ പറഞ്ഞു.

പക്ഷെ ആ തമാശ ഉൾകൊള്ളാൻ എന്റെ കയ്യിൽ സമയമില്ലായിരുന്നു. എത്രയും പെട്ടെന്ന് അവിടെ നിന്നും മുങ്ങണം...

എന്റെ കഴിപ്പിന്റെ വേഗത കൊണ്ടാണോ അതോ എന്റെ മുഖത്ത് എന്തെങ്കിലും ഭാവം മിന്നി മറഞ്ഞത് കൊണ്ടാണോ എന്നറിയില്ല നവാൽ കഴിക്കുന്നത് നിർത്തി എന്നെ തന്നെ നോക്കുകയായിരുന്നു.

"അൽഹംദുലില്ലാഹ്!!!!
അമ്മീ... ഉപ്പാ.... ഞാൻ എഴുന്നേൽക്കട്ടെ..." ഞാൻ അവരുടെ അനുവാദത്തിനായി കാത്തിരുന്നു.

"കഴിച്ചു കഴിഞ്ഞെങ്കിൽ എഴുന്നേറ്റോ..."

ഉപ്പ സമ്മതം നൽകേണ്ട താമസം ഞാൻ എഴുന്നേറ്റു.
കൈ കഴുകി മുറിയിലേക്ക് പോകാൻ തുടങ്ങിയ എന്നെ നവാലിന്റെ ശബ്ദം തടഞ്ഞു നിർത്തി.

"ഞാൻ മറന്നു എന്ന് കരുതണ്ട റിസൾട്ടിന്റെ കാര്യം....
അങ്ങനെ അത്ര പെട്ടെന്ന് മറക്കാൻ ഞാൻ ഉപ്പയും അമ്മിയും അല്ല"

ഞാൻ ഉപ്പയെയും അമ്മിയെയും നോക്കി വായിലുള്ള പല്ലെല്ലാം കാണിച്ച് ഒരു ചിരി ചിരിച്ചു.

ഞാൻ ഒന്നും ചോദിക്കില്ല നിനക്ക് പറയണം എന്ന് തോന്നുന്നുണ്ടെങ്കിൽ പറ എന്ന മട്ടിൽ ഇരിക്കുകയായിരുന്നു ഉപ്പ. ഇത്തവണയും സപ്പ്ളിയുണ്ടെന്ന് പറഞ്ഞാൽ കഴിഞ്ഞു മോളെ നിന്റെ കഥ എന്ന ഭാവത്തിൽ അമ്മിയും.

പറയണോ വേണ്ടയോ എന്നാലോചിച്ച് ഞാൻ നവാലിനെ നോക്കി. താൻ എന്തോ വലിയ കാര്യം ചെയ്‌തെന്ന മട്ടിൽ ഇരിക്കുകയായിരുന്നു അവൾ.

നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ടെടീ പഠിപ്പീ... എന്നും മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ ഉപ്പയെ നോക്കി,

"റിസൾട്ട് വന്നു, പക്ഷെ വല്യ കാര്യം ഒന്നും ഉണ്ടായില്ല,
ഇപ്പൊ സപ്പ്ളിയുടെ ലിസ്റ്റിലേക്ക് രണ്ടെണ്ണം കൂടെ വന്നു"

ഉപ്പ എന്നെ നോക്കി ചിരിക്കുകയായിരുന്നു. നിന്റെ കയ്യിൽ നിന്നും ഇത്ര ഒക്കെ പ്രതിക്ഷിച്ചിട്ടുള്ളൂ എന്ന ഭാവത്തിൽ.

അമ്മീനെ നോക്കാൻ എനിക്ക് തീരെ ധൈര്യം ഉണ്ടായിരുന്നില്ല, ചിലപ്പോ അമ്മി എന്നെ നോക്കി ദഹിപ്പിച്ചേക്കും.

ഞാൻ ചിരിച്ചു കൊണ്ട് റൂമിലേക്ക് ഒരൊറ്റ ഓട്ടം ആയിരുന്നു. കതകടച്ചു കുറ്റി ഇട്ടപ്പോയായിരുന്നു ശ്വാസം നേരെ വീണത്.

തിരിച്ചു പോകുന്നതിന് മുമ്പേയുള്ള ദിവസം റിസൾട്ടിന്റെ കാര്യം പറയാം എന്നുറപ്പിച്ചാ ഹോസ്റ്റലിൽ നിന്നും വന്നത്, അതാകുമ്പോൾ ഒരു ദിവസമല്ലേ ചീത്ത കേൾക്കേണ്ടി വരൂ... ഇതിപ്പോ നവാൽ കാരണം ഇന്ന് മുതൽ പോകുന്ന അന്ന് വരെ അമ്മി വാ അടക്കില്ല....

നാളത്തേക്ക് അമ്മിക് എല്ലാം മറന്ന് പോയാൽ മതിയായിരുന്നു, എന്നാ പിന്നെ രക്ഷ പെട്ടേനെ...

എവിടെ മറക്കാൻ, എന്റെ അമ്മിയല്ലെ... എന്ത് മറന്നാലും ഇത് മാത്രം മറക്കില്ല...
നാളെ മുതൽ പള്ളിയിലെ മണി അടിക്കുന്ന പോലെ ഇതും പറഞ്ഞ് ഇടക്കിടക്ക് എന്നെയിട്ട് തട്ടിക്കോളും.

ഹോ!!!!!
ആലോചിക്കുമ്പോൾ എന്തൊരു സന്തോഷം....

അല്ലെങ്കിലും ആരാ ഈ തിയറി എക്സാം കണ്ടുപിടിച്ചത്, ഇലക്ട്രോണിക്സ് അല്ലെ പഠിക്കുന്നത്, എന്തിനാ പിന്നെ ഇങ്ങനെ തിയറി പഠിച്ചിട്ട്....

ഒരു മെഷീൻ കേടു വന്നാൽ അത് നന്നാക്കുക (practical) അല്ലെ ചെയ്യേണ്ടത് അല്ലാതെ ആ മെഷീനിന്റെ  മുകളിൽ ഈ പറഞ്ഞ തിയറിയിൽ ഉള്ള എല്ലാ laws ഉം എഴുതി വെച്ചാ അത് താനെ വർക്ക് ആകില്ലല്ലോ...

ഏത് മണ്ടനാണോ..... ഇതൊക്കെ കണ്ടു പിടിച്ചത്.....

അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ശബ്ദം നിലച്ചപ്പോൾ അമ്മിയുടെ ജോലി മുഴുവൻ കഴിഞ്ഞെന്ന് മനസ്സിലായി,
പിന്നെ വ്യക്തമല്ലാത്ത രീതിയിൽ  ഉപ്പയും അമ്മിയും  എന്തൊക്കെയോ പറയുന്നത് കേട്ടു,

അതോടെ ഉറപ്പിച്ചു എന്നെ ഇപ്പൊ തന്നെ കൊന്നു തിന്നാൻ തുടങ്ങിയെന്ന്...
ഞാൻ ശബ്ദം ഉണ്ടാക്കാതെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി, എന്തൊക്കെ ആയാലും എന്നെ പറ്റി അല്ലെ പറയുന്നത് അത് കൊണ്ട്  ഞാൻ കേൾക്കണ്ടെ....

ആരുടേയും കണ്ണിൽ പെടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഞാൻ മാറി നിന്നു.

"മതി, കുട്ടൂസ് വന്നതല്ലേ ഉള്ളൂ... ഇനി ഇതും പറഞ്ഞ് ആരും കുട്ടൂസിനോട് ഒന്നും പറയണ്ട"

എന്റെ പൊന്നുപ്പ അങ്ങനെ പറയുന്നത് കേട്ടപ്പോൾ ഞാൻ ഉപ്പാക്ക് മറഞ്ഞു നിന്ന് കൊണ്ട് ഒരു ഫ്ലയിങ് കിസ്സ് കൊടുത്തു.

"അതല്ലെങ്കിലും അങ്ങനെ ആണല്ലോ... ബാപ്പ എപ്പോഴും മക്കളുടെ കൂടെ അല്ലെ നിൽക്കൂ...
അല്ലെങ്കിലും അന്നുക്കാ... ഇങ്ങള് ഒരാളാ കുട്ടൂസിനെ ഇങ്ങനെ ചീത്തയാക്കുന്നെ..."

"അങ്ങനെ പറ അമ്മീ.... ഈ ഉപ്പ എപ്പോഴും ഇത്താത്തക്ക് അപ്പീലുമായി വരും"

അമ്മിക്കൊപ്പം നവാലും ചേർന്നു. അല്ലേലും അവൾക്ക് എന്തിന്റെ കേടാ.... എരി തീയിൽ എണ്ണ ഒഴിക്കാ എന്ന് കേട്ടിട്ടില്ലേ... അവസരം കിട്ടുമ്പോൾ ഓള് എണ്ണ മാത്രമല്ല പെട്രോളും ഡീസലും വേണമെങ്കിൽ ഒഴിക്കും.....

"നീയും അതികം മിണ്ടണ്ട, നിങ്ങള് ഉപ്പയും മക്കളും തമ്മിലുള്ള കളിയൊക്കെ എനിക്ക് അറിയാഞ്ഞിട്ടല്ല,"

നവാലിനുള്ളത് കിട്ടിയപ്പോൾ അവൾ മിണ്ടാതെ ഒരു ഭാഗത്ത് ചെന്നിരുന്നു. ഞാൻ ഒളിഞ്ഞു നോക്കുക അല്ലായിരുന്നെങ്കിൽ അവളെ നോക്കി ഒന്ന് ചിരിക്കാമായിരുന്നു,

ഛെ!!!

ഒക്കെ മിസ്സ് ആയി....

"മതി മതി, ഇനി എല്ലാരും ചെന്ന് കിടന്നെ...
ഇനി ഇതിനെക്കുറിച്ച് ആരും പറയണ്ട,"

"അതെങ്ങനാ അന്നുക്കാ, കുട്ടൂസിന് ഇപ്പൊ തന്നെ എട്ട് സപ്പ്ളിയുണ്ട്, ഇതൊക്കെ എപ്പോ ക്ലിയറാക്കാനാ..."

എട്ട് സപ്പ്ളിയോ????
അതെങ്ങനെ???? ഇപ്പൊ ഏഴണ്ണമല്ലെയുള്ളത്, ഒന്ന് എവിടുന്ന് വന്നു???

ഉള്ള സപ്പ്ളി തന്നെ താങ്ങാവുന്നതിലും അപ്പുറമാണ്, അതിനിടയ്ക്കാ ഒന്ന് കൂടെ....

"എനിക്ക് ഏഴ് സപ്പ്ളിയുള്ളൂ..."
തെറ്റിദ്ധാരണ മാറ്റേണ്ടത് എന്റെ ഉത്തരവാദിത്യമല്ലെ... ഞാൻ വിളിച്ചു പറഞ്ഞു.

പിന്നെയാ ഞാൻ വീണ്ടും പെട്ടെന്ന ബോധം വന്നത്.

എല്ലാവരുടെയും ശ്രദ്ധ മറഞ്ഞു നിൽക്കുന്ന എന്നിലായി, ഇനി മറഞ്ഞു നിന്നിട്ട് എന്താ കാര്യം.....

ഞാൻ ചിരിച്ചു കൊണ്ട് ഉപ്പാന്റെ അടുത്തേക്ക് ചെന്നു. അമ്മിയിൽ നിന്നും അകലം പാലിക്കാൻ മറന്നില്ല, എന്റെ ഒരു സേഫ്റ്റിക്ക്....

"കണ്ടോ അമ്മീ, നമ്മള് സംസാരിക്കുന്നത് ഇത്താത്ത ഒളിഞ്ഞു കേൾക്കുകയായിരുന്നു ഇത്ര നേരം..."

നവാൽ വാ തുറന്നപ്പോ ഞാൻ അവളെ കണ്ണുരുട്ടി കൊണ്ട് നോക്കി.

"പിന്നെ ഒളിഞ്ഞു കേൾക്കാൻ പറ്റിയ കാര്യവും" ഞാൻ അവളെ അവഗണിച്ച് അമ്മിയുടെ നേരെ നോക്കി.

എന്റെ പടച്ചോനെ.....

അമ്മി ഇങ്ങനെ നോക്കിയാൽ ഞാൻ എന്തായാലും നിന്ന നിൽപ്പിൽ ഇല്ലാതാകും...

"അമ്മീ... ഇതൊക്കെ എന്ത്, എല്ലാം എഴുതി എടുക്കാമെന്നെ...."

"ആ....
നീ എഴുതി ഇരുന്നോ... ഇനി ഒരു സെമസ്റ്റർ കൂടെ അല്ലെയുള്ളൂ, നിന്റെ കൂടെ ഉള്ളവരെല്ലാം പാസ്സ് ഔട്ടായി പോകുമ്പോഴും മോള് സപ്പ്ളി എഴുതിയിരുന്നോ..."

"ഇല്ല അമ്മീ.... ബെക്കയ്ക്കും അങ്കിയ്ക്കും സപ്പ്ളിയുണ്ട്, അവരും എന്റെ കൂടെയുണ്ടാകും..."

ഞാൻ വിജയ ഭാവത്തിൽ പറഞ്ഞു.
ആ സമയത്ത് അമ്മിയുടെ കയ്യിൽ ഒന്നും ഇല്ലാതിരുന്നത് എന്റെ ഭാഗ്യം അല്ലെങ്കിൽ എന്ത് കിട്ടിയാലും അത് എന്റെ ദേഹത്തേക്ക് എറിഞ്ഞേനെ...
അത്രയ്ക്കും ദേഷ്യമാണ് ഞാൻ മറ്റുള്ളവരുടെ കാര്യം പറയുന്നത്.

എന്റെ കാര്യം ചോദിച്ചാൽ എന്റേത് മാത്രം പറയുക അല്ലാതെ എനിക്ക് രക്ഷപ്പെടാൻ മറ്റുള്ളവരുടെ കാര്യം അതിനിടയ്ക്ക് വലിച്ചിഴക്കുന്നത് അമ്മിയ്ക്ക് തീരെ പിടിക്കാത്ത കാര്യമാണ്....

എന്നിട്ടും ലൈസൻസ് ഇല്ലാത്ത എന്റെ വായക്ക് ആ കാര്യം ഓർമ്മ വേണ്ടേ....

ഞാൻ വീണ്ടും എന്റെ കുഴി തന്നെ തോണ്ടും...
അതൊരു ശീലമാ...

"ബാപ്പയും മക്കളും ഇവിടെ ഇരുന്നോ, നിങ്ങളെപ്പോലെ എനിക്ക് നേരം വൈകി എഴുന്നേറ്റാൽ പോരാ..."

നിനക്കുള്ളത് ഉപ്പ ഇല്ലാത്തപ്പോൾ തരാം എന്ന മട്ടിൽ എന്നെ നോക്കിയ ശേഷം അമ്മി മുറിയിലേക്ക് നടന്നു.

"ഇത്താത്തക്ക് ഈ നൂറ്റാണ്ടിലൊന്നും പാസ്സ് ആകാൻ ഉദ്ദേശമില്ലേ...
എന്റെ ഫ്രണ്ട്സിന്റെ ഇത്താത്തമാരൊക്കെ കല്യാണം കഴിഞ്ഞു പോകാൻ തുടങ്ങി" താടിയെ സപ്പോർട്ട് ചെയ്യാൻ രണ്ടു കൈകളും ടേബിളിൽ കുത്തി അവളെന്നെ നോക്കി.

"ആ ഒരൊറ്റ കാരണം കൊണ്ടാ ഞാൻ സപ്പ്ളി വാങ്ങി നടക്കുന്നത്, അല്ലെങ്കിൽ ഒഴിഞ്ഞു പോകാൻ ഏതേലും ഒരുത്തന്റെ തലയിൽ കെട്ടി വെച്ചാലോ???"

"അല്ലാതെ പാസ്സാവാത്തത് കൊണ്ടല്ല, അങ്ങനെ വിചാരിക്കാത്തത് കൊണ്ടാണല്ലേ...." എന്റെ മറുപടിയും ഉപ്പയുടെ കൗണ്ടറും ഒരുമിച്ചായിരുന്നു.

നവാൽ അത് കേൾക്കേണ്ട താമസം ചിരിയും തുടങ്ങിയിരുന്നു.

"നച്ചൂ കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോയാ ഓർത്തത്, നാളെ എനിക്കൊരു പ്രോഗ്രാം ഉണ്ട്....
ഇങ്ങനെ ഉറങ്ങാതെ നടന്നാൽ ശെരി ആകില്ല...."

ഞാൻ എന്നോട് തന്നെ പറഞ്ഞത് ആണെങ്കിലും എല്ലാവര്ക്കും കേൾക്കാൻ പറ്റുന്ന വിധത്തിൽ ഉറക്കെയാണ് പറഞ്ഞത്.

ഞാനിപ്പോ എന്താ പറയുന്നേ എന്ന അവസ്ഥയിൽ എന്നെയും നോക്കി ഇരിക്കുകയായിരുന്നു ഉപ്പയും നവാലും

"എന്നാ മക്കളെ നാളെ കാണാം"
എന്നും പറഞ്ഞ് ആരുടെ മറുപടിക്കും കാത്തു നിൽക്കാതെ ഞാൻ മുറിയിലേക്ക് പോയി.

           

                              എപ്പോഴാണ് ഉറക്കമായത് എന്നൊന്നും ഓർമ്മ ഇല്ല, നവാൽ വിളിക്കാൻ തുടങ്ങിയപ്പോൾ ഒരു കാര്യം മനസ്സിലായി നേരം വെളുത്തെന്ന്...

എന്നാലും എത്ര പെട്ടെന്നാ നേരം വെളുക്കുന്നെ ഇപ്പൊ ഉറങ്ങിയതെയുള്ളൂ...

എന്നെ ഉറക്കത്തിൽ നിന്നും എഴുന്നേല്പിച്ച് നവാൽ നിസ്‌ക്കാരം തുടങ്ങി.
ഞാൻ എഴുന്നേറ്റ് കൈ കൊണ്ട് ബ്രഷ് ചെയ്ത്, വുദു  ചെയ്ത്  റൂമിലേക്ക് വന്നു.

അപ്പോയേക്കും അവളുടെ നിസ്ക്കാരം കഴിഞ്ഞിരുന്നു. സമയം കളയാതെ ഞാനും നിസ്ക്കരിച്ചു.

നിസ്ക്കാരം കഴിഞ്ഞ ഉടനെ ഞാൻ ബെഡിലേക്ക് വീണു, വീണ്ടും ഉറക്കത്തിലേക്ക്...

വീണ്ടും ഉറക്കമൊന്നു പിടിച്ച് വരുമ്പോൾ ആയിരുന്നു നവാലിന്റെ അടുത്ത വെറുപ്പിക്കൽ,

"ഇത്താത്താ... എണീറ്റെ, ഉപ്പയും അമ്മിയും ചായ കുടിക്കാൻ വിളിക്കുന്നു"

"ഞാൻ ബ്രഷ് ചെയ്തിട്ടില്ല, അമ്മിയോട് കുറച്ച് കഴിഞ്ഞിട്ട് ബ്രഷ് ചെയ്തിട്ട് കുടിച്ചോളാമെന്ന് പറ" ഞാൻ പുതപ്പ് തല വഴി മൂടി.

"ഇത്താത്തനോട് എണീറ്റ് വരാനാ അമ്മി പറഞ്ഞത്.."

ഇവൾ പോയില്ലേ...

ഞാൻ മറുപടി പറയാതെ തിരിഞ്ഞു കിടന്നു.
കുറച്ചു നേരം ശബ്ദം ഒന്നും കേൾക്കാതായപ്പോൾ അവള് പോയെന്നാണ് കരുതിയത്...

പോയിട്ടില്ല, അതെനിക്ക് ഒരു പണി തരുന്നതിന്റെ സൂചനയായിരുന്നെന്നു ഞാൻ അറിഞ്ഞത് എന്റെ മുഖത്ത് വെള്ളം വീണപ്പോയാണ്.

പുതപ്പ് മാറ്റി മുറിയാകെ നോക്കിയപ്പോൾ ആളെ കാണാനില്ല, എന്റെ കയ്യിൽ നിന്നും നല്ലത് കിട്ടും എന്നറിയുന്നത് കൊണ്ട് അവൾ  മുങ്ങിയിരുന്നു.

ഞാൻ അല്ലെ ആള്, അത്ര പെട്ടെന്ന് തോറ്റു കൊടുക്കോ.....
മുഖത്തെ വെള്ളം പുതപ്പ് കൊണ്ട് തുടച്ച് വീണ്ടും ഉറങ്ങി....

തുറന്നിട്ട ജനലിനുള്ളിലെ സൂര്യപ്രകാശം കാരണം ഇനി ഉറങ്ങാൻ പറ്റില്ലെന്ന് മനസ്സിലായപ്പോൾ മടുപ്പോടെ എഴുന്നേറ്റു.

സമയം ഒൻപത് കഴിഞ്ഞു...

ബ്രഷ് ചെയ്ത് താഴെക്കിറങ്ങി.
ശബ്ദം ഉണ്ടാക്കാതെ നവാലും അമ്മിയും സംസാരിച്ചു നിൽക്കുന്നതിന്റെ പിന്നീലേക്ക് ചെന്ന് അവളുടെ കൈകൾ രണ്ടും പിന്നിലേക്കാക്കി പിടിച്ചു.

"ആഹ്..."
അവൾ ശബ്ദം ഉണ്ടാക്കിയെങ്കിലും ഞാൻ ശ്രദ്ധിച്ചില്ല.

"നീ എന്റെ മുഖത്തേക്ക് വെള്ളം ഒഴിക്കുമല്ലെ.... അപ്പൊ ഞാൻ ഉറങ്ങായിരുന്നത് കൊണ്ട് നീ രക്ഷപ്പെട്ടു എന്ന് കരുതിയോ??? നിന്നെ വെറുതെ ഞാൻ വിടുമെന്ന് തോന്നുന്നുണ്ടോ???

ഉറങ്ങി എണീറ്റിട്ട് നിനക്കുള്ള പണി തരാമെന്ന് വെച്ചാണ്  ഞാൻ സമാധാനത്തോടെ കിടന്നുറങ്ങിയത്"

"അമ്മീ.... ഇത്താത്ത..."
നവാൽ അമ്മിയെ നോക്കി.

"എന്നെ വിളിക്കേണ്ട രണ്ടാളും, നച്ചൂ നിന്നോട് ഞാൻ പറഞ്ഞതാ കുട്ടൂസിന്റെ കയ്യിന്ന് ഓരോന്നും കിട്ടുന്ന പണി ഉണ്ടാക്കാൻ നിൽക്കണ്ടാന്ന്... ഒറ്റക്ക് തന്നെ അനുഭവിച്ചോ..."

അതാണെന്റെ അമ്മി,

നവാലിനെ എനിക്ക് വിട്ട് തന്ന് അമ്മി കിച്ചനിലേക്ക് പോയി.

"ബ്രഷ് ചെയ്‌താൽ അമ്മി ചായ കുടിക്കാൻ നിർബന്ധിക്കും ചായ കുടിച്ചാൽ തീർന്ന് ഉറക്കം പോകും, ആ ഒരൊറ്റ കാരണം കൊണ്ട് ബ്രഷ് പോലും ഞാൻ ചെയ്യാതിരുന്നെ, ആ എന്റെ മുഖത്ത് നീ വെള്ളം ഒഴിക്കും അല്ലെ..."

നവാലിന്റെ കൈ ഞാൻ ഒന്ന് കൂടെ മുറുക്കി പിടിച്ചു.
അവൾ വേദനയുണ്ടെന്ന് അറിയിക്കാൻ ചെറിയ ശബ്ദം ഉണ്ടാക്കി.

"പിന്നെ ഒരു കാര്യം, ആര് കരഞ്ഞാലും കരഞ്ഞ ആൾക്കും കരയിപ്പിച്ച ആൾക്കും എന്റെ കയ്യിന്ന് നല്ലത് കിട്ടും, ആ ഓർമ്മ ഇരുന്നോട്ടെ..."
അമ്മി കിച്ചനിൽ നിന്നും വിളിച്ചു പറഞ്ഞു.






(തുടരും.......)





















Bạn đang đọc truyện trên: AzTruyen.Top