43
Zaib's pov:-
കിച്ചനിൽ രാവിലെ കയറിയപ്പോഴാണ് എല്ലാം ഏകദേശം തീർന്നു തുടങ്ങിയെന്ന ബോധം വന്നത്. ഉള്ളത് കൊണ്ട് നല്ലൊരു ഹെൽത്തി ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി. ഡോക്ടർ പറഞ്ഞിരുന്നു കുട്ടൂസിന് ഇമ്മ്യൂണിറ്റി വളരെ കുറവാണെന്ന്. പക്ഷെ അവളുടെ തീറ്റ കണ്ടാൽ ഇമ്മ്യൂണിറ്റി ഇല്ലെന്നും പറയില്ല.
ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയ ശേഷം കുട്ടൂസിനെ വിളിക്കാനായി റൂമിലേക്ക് ചെന്നു. ആള് നല്ല ഉറക്കത്തിലാ...
അവള് നല്ല ആശ്വാസത്തോടെ കിടന്നുറങ്ങുന്നത് കണ്ടപ്പോൾ എനിക്കും ഉറക്കം വന്നു. കഴിഞ്ഞ രാത്രി അവളുടെ തുമ്മലും ചുമയും കാരണം എനിക്ക് ഉറങ്ങാനെ കഴിഞ്ഞിട്ടില്ല.
കുട്ടൂസിന്റെ അടുത്ത് ചെന്നിരുന്ന് ഞാനവളുടെ നെറ്റിയിൽ കൈ വെച്ച് നോക്കി. പനിയൊന്നുമില്ല...
എന്നാലും അവളെ ഇവിടെ ഒറ്റയ്ക്കിട്ട് ഓഫീസിൽ പോകാനും തോന്നുന്നില്ല. കഴിഞ്ഞ ദിവസത്തെ പോലെ പെട്ടെന്ന് എന്തെങ്കിലും വന്നാലോ??? ഒരു ദിവസം ലീവ് എടുക്കുന്നത് കൊണ്ട് വലിയ നഷ്ട്ടങ്ങളൊന്നും വരാനില്ലല്ലോ...
കുട്ടൂസിനെ വിളിക്കാനാണ് വന്നതെങ്കിലും ഉറങ്ങുന്നത് കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല. ഞാൻ എഴുന്നേറ്റ് അലമാരയിൽ നിന്നും ടീ ഷർട്ട് എടുത്തു. അവൾ എഴുന്നേൽക്കും മുൻപ് ഗ്രോസറി ഷോപ്പിംഗ് കഴിഞ്ഞു തിരിച്ചു വരാമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ...
വേഗം റെഡിയായി ഞാൻ പുറത്തിറങ്ങി ഡോർ ലോക്ക് ചെയ്തു.
വിചാരിച്ചതിനെക്കാൾ സമയമെടുത്താണ് തിരികെ വന്നത്. പുറത്തു നിന്ന് ഞാൻ തന്നെ ലോക്ക് ചെയ്ത കാരണം തുറക്കാൻ എളുപ്പമായി. ഡോറിന് ഒന്നും പറ്റാത്തത് കണ്ടപ്പോൾ അവൾ ഇപ്പോഴും ഉറങ്ങുകയാണെന്ന് മനസ്സിലായി. അല്ലെങ്കിൽ ഡോർ പുറത്തു നിന്നും ലോക്ക് ചെയ്തത് ശ്രദ്ധിച്ചു കാണില്ല, അങ്ങനെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ ഡോറിന്റെ അവസ്ഥ ഇങ്ങനെയായിരിക്കില്ല.
അകത്തു കയറിയതും കോളിങ് ബെല്ലടിച്ചതു പോലെ ഒരു ശബ്ദം കേട്ടു, ശബ്ദത്തിന്റെ ഉറവിടം റൂമായത് കൊണ്ട് കയ്യിലുള്ള സാധനങ്ങളെല്ലാം ഹാളിലെ ടേബിളിൽ വെച്ച് ഞാൻ റൂമിന് നേരെ നടന്നു.
റൂമിലേക്ക് കയറിയതെ എനിക്കോർമ്മയുള്ളൂ ഞാൻ കണ്ട കാഴ്ച്ഛ എന്നെ വല്ലാതെ ഞെട്ടിച്ചു. അല്ല, കുട്ടൂസിന്റെ ഭാഗത്തു നിന്നും ഞാൻ കൂടുതലായൊന്നും പ്രതീക്ഷിച്ചിട്ടില്ല എന്നാലും....
ഇത്...
കുട്ടൂസ് ബെഡിൽ ക്രോസ്സായി കിടന്ന് എന്റെ ലാപ്പിൽ കാർട്ടൂൺ കാണുകയാണ്. കൈയ്യിൽ എന്തോ ചിപ്സുണ്ട് അത് കഴിച്ചു കൊണ്ട് കോളിങ് ബെല്ലടിക്കുന്നത് പോലെ ചിരിച്ചുകൊണ്ടിരിക്കാണ്. ചിപ്സ് കഴിക്കുന്നത് പോകട്ടെ.... അതിൽ പകുതിയും ബെഡിലാണ് വീഴുന്നത്. അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലേ എന്ന രീതിയിൽ കിടപ്പാണവൾ. മറ്റൊരു ചിപ്സിന്റെ കവർ ബെഡിന്റെ താഴെ കിടപ്പുണ്ട്.
ഞാൻ ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ മാത്രം ഉപയോഗിക്കുന്ന, ഓഫീസിലെ ഒരുപാട് ഫയലുകൾ സേവ് ചെയ്തു വെച്ച എന്റെ ലാപ്പിലാണ് അവളിപ്പോൾ കാർട്ടൂൺ കാണുന്നത്. ശെരിക്കും റൂമിന്റെ ഈ അവസ്ഥയും എന്റെ ലാപ്പ് ചോദിക്കാതെ എടുത്തതും എല്ലാം കൂടി കണ്ടപ്പോൾ വല്ലാതെ ദേഷ്യം വന്നു. പക്ഷെ ആ ദേഷ്യം വന്ന വഴിക്ക് തിരികെ പോയത് കുട്ടൂസിനെ വീണ്ടും ശ്രദ്ധിച്ചപ്പോഴാണ്. ഞാനിത് വരെ അവളിത്ര ഫ്രീയായി ചിരിക്കുന്നത് കണ്ടിട്ടില്ല.
അവളുടെ നൂഡിൽസ് മുടി പരന്നു കിടക്കുന്നത് കാരണം മുഖം മുഴുവനായി കാണാൻ പറ്റുന്നില്ല. ആ മുടി ഇടയ്ക്കിടക്ക് ചെവിക്ക് പിന്നിലാക്കി ഒതുക്കി വെക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അങ്ങനെ ഒതുങ്ങി നിൽക്കാത്ത മുടിയായത് കൊണ്ട് ആ ശ്രമം വെറുതെ പാഴായി പൊയ്‌ക്കൊണ്ടിരുന്നു. ഞാനൊരാൾ പിന്നിലങ്ങനെ വന്നു നില്ക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായെങ്കിലും അവളതൊന്നും അറിഞ്ഞ മട്ടില്ല. ഞാൻ വീണ്ടും ശ്രദ്ധ തിരിച്ച് റൂം മുഴുവനാഴൊന്ന് നോക്കി. ഞാനെങ്ങനെ കൊണ്ടു നടക്കുന്ന റൂമാ.... ഇന്നത്തെ അവസ്ഥ കണ്ടില്ലേ...
അത് മാത്രമല്ല ഇന്നലെ പനിപിടിച്ച് തീരെ വയ്യാതെ കിടന്ന ആളാ ഇന്ന് ഇങ്ങനെ അട്ടഹസിക്കുന്നത്.
ഇപ്പോൾ ഒരു കാര്യം മനസ്സിലായി ഉപ്പ എന്ത് കൊണ്ടാണ് കുട്ടൂസിനെ തന്നെ എനിക്ക് വേണ്ടി കണ്ടുപിടിച്ചതെന്ന്...
ഇത് വരെ എനിക്കില്ലാത്തൊരു ക്വാളിറ്റി ഇപ്പോഴുണ്ട്. അതിനെ ക്ഷമ എന്ന് പറയും. ഈ ക്ഷമയുടെ നെല്ലിപ്പലക എന്നൊക്കെ കേട്ടിട്ടില്ലേ ഞാനിപ്പൊ ആ പലകയും അതിന്റെ അപ്പുറത്തെ പലകയും എല്ലാം കടന്ന് ഒന്നൊന്നര നിൽപ്പ് നിൽക്കാണ്...
എപ്പോഴാ പൊട്ടിത്തെറിക്കുകയെന്ന് എനിക്ക് തന്നെ പറയാൻ പറ്റില്ല.
ചിപ്സ് തിന്നുന്ന കൈകൊണ്ടാണ് എന്റെ ലാപ്പ് അവൾ ഓപ്പറേറ്റ് ചെയ്യുന്നതെന്ന് കണ്ടതും ഞാനറിയാതെ ദീർഘശ്വാസം വലിച്ചു. അതൊന്നൊന്നര വലിയായിരുന്നു എന്നറിഞ്ഞത് കുട്ടൂസ് തിരിഞ്ഞു നോക്കിയപ്പോഴാണ്. എന്നെ കണ്ടതും അവള് ചാടിയെഴുന്നേറ്റു. അവൾ എഴുന്നേറ്റതും ബെഡോന്നാകെ കുലുങ്ങി. എന്റെ ലാപ്പ് താഴെ വീണെന്നാണ് ഞാൻ കരുതിയത്, എന്റെ ഭാഗ്യത്തിന് അത് വീണില്ല. അവളെന്നെ നോക്കി അതെ സ്പീഡിൽ തിരിഞ്ഞു ലാപ്പിലേക്കും നോക്കി ലാപ്പ് ഒരടയ്ക്കലടച്ചു. ശബ്ദം കേട്ടതും ഞാൻ പല്ല് കടിച്ചു പിടിച്ച് കണ്ണുകളടച്ചു നിന്നു. അത് രണ്ടു കഷ്‌ണമായില്ലെങ്കിൽ വലിയൊരു അത്ഭുതം തന്നെ... ഇനിയും അവിടെ നിന്നാൽ ഈ പറയുന്ന ക്ഷമ എന്റെ കൂടെ ഉണ്ടായെന്ന് വരില്ലെന്ന ബോധം ഉള്ളത് കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ റൂമിൽ നിന്നിറങ്ങി.
*****
Falak's pov:-
കുറെ നാളിന് ശേഷമാണ് ഞാൻ കാർട്ടൂൺ കാണുന്നത് അത് കൊണ്ടായിരിക്കാം ഞാനതിൽ നന്നായി അലിഞ്ഞു പോയത്. ഇവിടെ വന്ന ശേഷം ഇന്നാണ് മനസ്സ് തുറന്നൊന്ന് ചിരിച്ചത്. ഇങ്ങനെ എല്ലാ ദിവസവും ഇത് പോലെ zaib ലാപ്പ് ഇവിടെ വെച്ച് പോവുകയാണെങ്കിൽ കുറച്ചു സമയമെങ്കിലും ഇതൊക്കെ കണ്ട് എന്ജോയ് ചെയ്തിരിക്കാമായിരുന്നു.
കാർട്ടൂൺ കണ്ട് കണ്ട് സ്ഥിരകാല ബോധം നഷ്ട്ടപ്പെട്ടത് എപ്പോഴാണെന്നറിയില്ല പിന്നിലാരോ ഉള്ളത് പോലെ തോന്നിയപ്പോൾ ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി.
സന്തോഷം!!!
സമാധാനം!!!
ഇതിൽ കൂടുതൽ എന്താ വേണ്ടത്!!!!
Zaib നെ ഞാനിവിടെ തീരെ പ്രതീക്ഷിച്ചിരുന്നില്ല, ഓഫീസിൽ പോയിട്ടുണ്ടാകുമെന്നാണ് കരുതിയത്. എന്നിട്ടിപ്പൊ ഇതാ എന്റെ മുന്നിൽ വന്ന് നിൽക്കുന്നു. Zaib നെ കണ്ട പാടെ ഞാൻ എഴുന്നേറ്റിരുന്നു. ZAib ന്റെ മുഖം സാധാരണ പോലെ അത്ര ക്ലിയറല്ല, എങ്ങനെ ക്ലിയറാകാനാ...
അത്രയ്ക്ക് വൃത്തിയല്ലേ ബെഡിപ്പോൾ കാണാൻ....
ഏത് സമയത്താണോ ചിപ്സ് തിന്നുകൊണ്ട് കാർട്ടൂൺ കാണാൻ തോന്നിയത്. അങ്ങനെ ചിന്തിച്ചപ്പോഴാണ് zaib ന്റെ ലാപ്പിലാണ് ഞാൻ കാർട്ടൂൺ കാണുന്നതെന്ന ബോധം വന്നത്.
'ഭയ്യാ.... ബച്ചാവോ..." കാർട്ടൂണിൽ നിന്നും ശബ്ദം വന്നതും ഞാൻ ലാപ്പ് വേഗത്തിൽ അടച്ച് zaib നെ നോക്കി. ഇപ്പൊ രക്ഷിക്കേണ്ടത് നിന്നെയല്ല മോനെ.... എന്നെയാ.... Zaib രണ്ടു കണ്ണുകളും അടച്ച് ഒരേ നിൽപ്പാണ്. ഞാനെന്ത് ചെയ്യണം എന്നാലോചിച്ച് അങ്ങനെ തന്നെ ഇരുന്നു. ZAib നല്ല ദേഷ്യത്തിലാണെന്ന് മനസ്സിലാക്കാൻ അതിൽ കൂടുതൽ ഒന്നും വേണ്ടല്ലോ...
കണ്ണുകൾ തുറന്ന് എന്നെയൊന്ന് നോക്കിയ ശേഷം zaib റൂമിൽ നിന്ന് പുറത്തിറങ്ങി.
Zaib ഇറങ്ങിയതും ഞാൻ ബെഡിൽ നിന്ന് ചാടിയെഴുന്നേറ്റു. എന്റെ തലയിലാണെങ്കിൽ തട്ടമില്ല, ബെഡിലാണെങ്കിൽ ഞാൻ തിന്നുകൊണ്ടിരിക്കുന്ന ചിപ്സിന്റെ പകുതിയും വീണ് കിടപ്പുണ്ട്. ബെഡിന്റെ താഴെ കുറച്ചു മുൻപ് കാലിയാക്കിയ ചിപ്സിന്റെ കവറുമുണ്ട്.
നന്നായി!!!!
വേഗം കൈ ഡ്രെസ്സിൽ തുടച്ച് ലാപ്പ് ഡ്രെസ്സിങ് ടേബിളിന് മുകളിലേക്ക് വെച്ച് ബെഡ് വൃത്തിയാക്കാൻ തുടങ്ങി. റൂം വൃത്തിയാക്കി കഴിഞ്ഞ ശേഷം എന്റെ മുടി ബണ്ണിലാക്കി തട്ടമെടുത്തിട്ടു. എല്ലാം കഴിഞ്ഞിട്ടും റൂമിന് പുറത്തിറങ്ങാൻ മാത്രം തോന്നിയില്ല.
എന്നാലും zaib എന്താ ഇവിടെ??? ഇന്ന് വർക്കിനൊന്നും പോകേണ്ട???
ഇതിലും നല്ലത് zaib പറയാതെ പോകുന്നത് തന്നെയായിരുന്നു. ഇതിപ്പോൾ zaib ന്റെ നേരത്തെയുള്ള മുഖ ഭാവം കണ്ടിട്ട് എന്നോട് ദേഷ്യം പിടിക്കാൻ ചാൻസുണ്ട്. എന്നാലും പുറത്തെ അവസ്ഥ എന്തെന്നറിയാത്തത് കൊണ്ട് തീരെ സമാധാനവുമില്ല.
രണ്ടും കൽപ്പിച്ച് ഞാൻ റൂമിൽ നിന്നിറങ്ങി, zaib നെ ഹാളിൽ കാണാതെ വന്നപ്പോൾ മനസ്സിലായി ആള് കിച്ചനിലാണെന്ന്. ഞാൻ ശബ്ദമുണ്ടാക്കാതെ കിച്ചനിലേക്ക് നടന്നു. ഡോറിനടുത്തെത്തിയപ്പോൾ zaib എന്തെങ്കിലും പറയുമോ എന്നാലോചിച്ച് അകത്തേക്ക് കയറാൻ തോന്നിയില്ല. അത് കൊണ്ട് പതിയെ ഒളിഞ്ഞു നോക്കി, ആ കാര്യത്തിൽ ഞാൻ പണ്ടേ മിടുക്കിയാ...
പക്ഷെ zaib നെ കിച്ചനിൽ കണ്ടില്ല, ഒന്ന് കൂടെ കിച്ചൻ മുഴുവൻ നിരീക്ഷിച്ചു, കണ്ടില്ല...
പിന്നെ zaib എവിടെ പോയെന്നും ആലോചിച്ച് തിരിഞ്ഞതും എന്റെ അടുത്തു കൂടെ zaib കിച്ചനിലേക്ക് കയറിയതും ഒരുമിച്ചായിരുന്നു. പെട്ടെന്ന് zaib നെ കണ്ടപ്പോൾ ഞാൻ ഞെട്ടിയെങ്കിലും ഞാനൊരാൾ അവിടെയുണ്ടെന്നത് കാണാത്തത് പോലെയായിരുന്നു zaibന്റെ പെരുമാറ്റം.
ZAib കിച്ചനിൽ എന്തൊക്കെയോ ചെയ്യുന്നത് കണ്ടപ്പോൾ സ്വഭാവം എങ്ങനെയാണെന്നറിയാൻ ഞാനും കിച്ചനിലേക്ക് കയറി. എന്റെ പ്രസെൻസ് അറിയിക്കാൻ വേണ്ടി ചെറുതായൊന്ന് ചുമച്ചു, പക്ഷെ zaib എന്നെ നോക്കുക പോലും ചെയ്തില്ല.
കിച്ചണിന്റെ കോലം കണ്ടാലറിയാം zaib ഗ്രോസറി ഷോപ്പിംഗ് കഴിഞ്ഞു വന്നതാണെന്ന്....
അത് കൊണ്ടാണ് ഞാൻ എഴുന്നേറ്റ സമയത്ത് ആളെ എവിടെയും കാണാതിരുന്നത്.
ZAib എല്ലാം കൃത്യമായി വൃത്തിയോടെ എടുത്ത് വെക്കുന്നത് കണ്ടപ്പോൾ നോക്കി നിൽക്കുന്നത് മോശമല്ലേയെന്നു കരുതി ഞാനും കൂടെ കൂടി. കയ്യിൽ കിട്ടിയതെല്ലാമെടുത്ത് zaib വെക്കുന്നത് പോലെ വെക്കാനും തുടങ്ങി.
"നീ ഇതൊന്നും ചെയ്യേണ്ട, പനി മാറി വരുന്നതല്ലേയുള്ളൂ പോയി റെസ്റ്റെടുക്ക്.." ഞാനെന്തെങ്കിലും മറുപടി പറയും മുൻപ് എന്റെ കയ്യിലുള്ളതെല്ലാം zaib വാങ്ങി.
"എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല, എന്റെ പനിയൊക്കെ മാറി" ഞാൻ രണ്ടു കൈകളും വാഴുവിലുയർത്തി zaib നെ നോക്കി.
Zaib ശേരിയെന്ന മട്ടിൽ തലകുലുക്കി വീണ്ടും തന്റെ ജോലിയിലേക്ക് തിരിഞ്ഞു. പക്ഷെ ആ നിൽപ്പ് കണ്ടിട്ട് ആളത്ര നല്ല മൂടിലല്ലെന്ന് തോന്നുന്നു കാരണം zaib എന്റെ ഭാഗത്തേക്ക് അതിന് ശേഷം നോക്കിയിട്ടേയില്ല. എന്ന് വെച്ച് ഞാൻ അങ്ങനെയല്ലായിരുന്നുട്ടോ ഇടയ്ക്കിടക്ക് ഞാൻ zaib എന്താണ് ചെയ്യുന്നതെന്നറിയാൻ ഇടം കണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു. തീരെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ ഓരോന്നും എടുത്ത് വെക്കാൻ അതിന്റെതായ ബോട്ടിലുകൾ zaib എടുക്കാൻ നോക്കിയപ്പോൾ ഞാൻ ഓടിച്ചെന്ന് അതെടുത്ത് zaib ന്റെ മുന്നിൽ കൊണ്ടു വെച്ച് മാക്സിമം പല്ല് മുഴുവൻ കാണിച്ചൊരു ചിരി പാസ്സാക്കി. എന്നിട്ട് വലിയ കാര്യമൊന്നുമുണ്ടായില്ല, zaib ബോട്ടിലുകൾ എടുത്തു എന്നല്ലാതെ ആ ബോട്ടിലിനോട് കാണിക്കുന്ന ശ്രദ്ധ പോലും എന്നോട് കാണിച്ചില്ല.
ZAib ബോട്ടിലുകളെല്ലാം അതിന്റെതായ സ്ഥാനത്ത് വെക്കാൻ തുടങ്ങിയപ്പോൾ പിന്നെ ഒന്നും കാത്തു നിന്നില്ല ഞാനും ചാടിക്കയറി എന്നൊക്കൊണ്ട് കഴിയുന്നതൊക്കെ എടുത്തു വെക്കാൻ തുടങ്ങി. ഞാനിങ്ങനെ മരിച്ചു പണിയെടുക്കുന്നതിനിടയ്ക്ക് വെറുതെയൊന്ന് zaibന്റെ ഭാഗത്തേക്ക് നോക്കിയപ്പോഴാണ് മനസ്സിലായത്, എന്റെ വെപ്രാളം പിടിച്ച പണി കാരണം zaib ഞാൻ ഓടിച്ചാടി നടക്കുന്നതും നോക്കി രണ്ടു കൈയും കെട്ടി നിൽപ്പാണ്. എന്തായാലും നോക്കിയതല്ലേയെന്ന് കരുതി നേരത്തെ പോലെ പല്ല് കാണിച്ച് ഇളിച്ച ശേഷം ഞാനെന്റെ ജോലിയിലേക്ക് തിരിഞ്ഞു.
ഏറ്റവും അവസാനമാണ് ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് വല്ലാത്തൊരു ടാസ്‌ക്കാണെന്ന ബോധമെനിക്ക് വന്നത് കാരണം ഇനി ബാക്കിയുള്ളത് മൈദ പൊടിയിട്ട പാത്രമാണ്. അതിന്റെ ഇരിപ്പിടമെന്ന് പറയുന്നത് റാക്കിന്റെ മുകളിലാണ്. എനിക്ക് നല്ല ഹൈറ്റ് ഉള്ളത് കൊണ്ട് പെട്ടെന്ന് വെക്കാൻ പറ്റുമെന്ന ഒരേയൊരു കാരണം കൊണ്ട് മാത്രം ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ടു അതൊന്ന് റാക്കിന് മുകളിലാക്കാൻ.
മുകളിൽ വെച്ച ശേഷം എല്ലാം കഴിഞ്ഞെന്ന സംതൃപ്തിയിൽ ഞാൻ zaibനെ നോക്കി. നേരത്തെ പോലെ ചിരിക്കാൻ തുടങ്ങിയതും ഒരു വലിയ ശബ്ദത്തിൽ എന്തോ വന്ന് തലയിൽ വീണതും ഒരുമിച്ചായിരുന്നു. ഞാനൊന്ന് ഞെട്ടി കണ്ണ് തുറന്നപ്പോഴേക്കും ഞാനാകെ മൈദ പൊടിയിൽ കുളിച്ചു കഴിഞ്ഞിരുന്നു. അത് മാത്രമോ തലയിലാ പാത്രം തട്ടിയ ഭാഗത്തു നല്ല വേദനയും.
ഞാൻ zaib നെ നോക്കി, എക്സ്പ്രേഷൻലെസ്സായി zaib എനിക്ക് നേരെ തന്നെ നോക്കി നിൽപ്പായിരുന്നു. പിന്നെയാ എനിക്കൊരു കാര്യം കത്തിയത് zaib കുറച്ചു മുൻപ് വാങ്ങി കൊണ്ടു വന്ന മൈദയാണ് എന്നെ വൈറ്റ് വാഷ് ചെയ്തത് പോലെ എന്റെ ദേഹത്തും തറയിലുമായി കിടക്കുന്നത്. ആ കാരണം പറഞ്ഞ് എന്നോടിനി ചൂടാകുമോ എന്നായിരുന്നു എന്റെ പേടി. ആ പേടി മനസ്സിലുള്ളത് കൊണ്ടാകാം എന്റെ തലയിലനുഭവപ്പെട്ട വേദന മരവിച്ചു പോയി.
ഞാൻ അനങ്ങാതെ അങ്ങനെ തന്നെ നിന്നു zaib ന്റെ പ്രതികരണവും കാത്ത്....
പക്ഷെ ഞാനൊരിക്കലും വിചാരിക്കാത്ത പ്രതികരണമായിരുന്നു zaib ന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഏതോ കോമാളിയെ നോക്കുന്നത് പോലെ എന്നെ നോക്കി zaib പൊട്ടിച്ചിരിച്ചു. ചീത്ത പ്രതീക്ഷിച്ച ഞാൻ ആദ്യമായാണ് ബെല്ലും ബ്രേക്കുമില്ലാതെ zaib ചിരിക്കുന്നത് കാണുന്നത്. ഞാനിപ്പോ എന്ത് ചെയ്യണമെന്ന ഭാവത്തിൽ ഞാൻ zaib നെ നോക്കിയെങ്കിലും എന്നെ നോക്കി ചിരിക്കുന്നതിനിടയ്ക്ക് അതൊന്നും ശ്രദ്ധിക്കാൻ zaibന് സമയമുണ്ടായിരുന്നില്ല.
അത്ര നേരവും എന്റെ കോലത്തെ കുറിച്ച് ഓർമ്മയില്ലാതെയായിരുന്നു ഞാൻ നിന്നത് എന്നാൽ zaib ന്റെ ചിരി കണ്ടപ്പോൾ അത്ര നേരവും എന്നെ ആവരണം ചെയ്ത തൊലിക്കട്ടിയെല്ലാം ഉരിഞ്ഞു പോകാൻ തുടങ്ങി. ചെറുതായി ഇളിച്ചു കൊണ്ട് ഞാൻ zaib നെ നോക്കി നിന്നു.
(തുടരും...)
Bạn đang đọc truyện trên: AzTruyen.Top