25
Zaib's pov:-
ഞാനും സഹീറും ഒന്നും മനസ്സിലാകാതെ മുഖത്തോട് മുഖം നോക്കി നിന്നു. ആരും ഡോർ തുറക്കാതെയായപ്പോൾ സഹീർ വീണ്ടും കോളിങ് ബെല്ലമർത്തി. അധിക സമയമായില്ല നവാൽ ഡോർ തുറന്നു. ഞങ്ങളെ കണ്ടതും അവൾ ഞങ്ങൾ വന്ന വിവരം കിച്ചനിൽ ഉള്ള ആന്റിയെ അറിയിച്ചു.
ഞങ്ങൾ ഹാളിലെത്തുമ്പോയേക്ക് ആന്റി ഹാളിലെത്തിയിരുന്നു. പിന്നെ വലിയ സൽക്കാരമായിരുന്നു. ആന്റിയ്ക്ക് തന്നെ അറിയില്ല എന്തൊക്കെയാ ചെയ്യേണ്ടതെന്ന്, എന്തൊക്കെയോ പറയുന്നു അങ്ങോട്ടുമിങ്ങോട്ടും തിരക്കിട്ടോടുന്നു, അങ്കിളിനെ വിളിച്ച് ഞാൻ എത്തിയ വിവരം പറയുന്നു. എനിക്കാണെങ്കിൽ ഇതൊക്കെ കണ്ടിട്ട് വല്ലാത്ത പോലെ...
ഇതൊക്കെ ആദ്യമായിട്ടാ...
സഹീറാണെങ്കിൽ കിട്ടിയ അവസരം മുതലാക്കി കാറിൽ വെച്ച് എവിടെ വരെയാണോ പറഞ്ഞു നിർത്തിയത് അവിടെ മുതൽ പറയാൻ തുടങ്ങി. ആന്റി ഞങ്ങൾക്ക് കൊണ്ട് വന്ന ചായ കുടിക്കാൻ പോലും അവനെനിക്ക് സമയം തന്നില്ല.
ഇപ്പോഴത്തെ ഈ അന്തരീക്ഷം ഒന്നിണങ്ങുന്നത് വരെ എന്തെങ്കിലും ചെയ്‌തല്ലേ പറ്റൂ എന്ന് കരുതി അവൻ പറയുന്നതെല്ലാം കേട്ടിരുന്നു.
അവന്റെ നിക്കാഹിൽ തുടങ്ങി അവസാനം എന്റെ നിക്കാഹിനെ കുറിച്ചായി സംസാരം.
പിന്നെ അത് അവളിലെത്തി. അവളുടെ പൊട്ടത്തരങ്ങളും മണ്ടത്തരങ്ങളും അങ്ങനെ തുടങ്ങി അവളെ കുറിച്ച് ഒരുപാട് പറഞ്ഞു. അങ്ങനെ ഞാനറിയാത്ത അവളെ ഞാനവനിലൂടെ അറിഞ്ഞു.
സംസാരത്തിനിടയിലാണ് സഹീറിന്റെ ചിരി കേട്ടത്, അവളെ പറ്റി പറയുമ്പോൾ ഇങ്ങനെ ചിരിക്കാൻ മാത്രം എന്താണെന്ന് കരുതി ഞാൻ മുന്നോട്ട് നോക്കിയതെ ഓർമ്മയുള്ളൂ, എന്റെ മുന്നിൽ നിൽക്കുന്നയാളുടെ കോലം കണ്ട് ഞാനും ചിരിച്ചു. എന്റെ wifeyyy യുടെ കോലമായിരുന്നു ഞങ്ങളുടെ ചിരിക്കു പിന്നിലെ രഹസ്യം. ഞാനാദ്യയമായിട്ടാ ഇവളെ ഇങ്ങനെ കാണുന്നത്.
ഒരുമാതിരി കരകാട്ടത്തിന് പോകുന്നത് പോലെയുണ്ട്. ഞാൻ മാത്രമല്ല സഹീറും ഇവളെ ഇങ്ങനെ കാണുന്നത് അദ്യമായിട്ടാണെന്ന് ഉറപ്പിച്ച് പറയാം, അവന്റെ ചിരി കണ്ടാൽ അങ്ങനെയല്ല എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്.
എന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി ഉടഞ്ഞതെ ഓർമ്മയുള്ളൂ അവളുടെ മുഖം കണ്ടതും ഞാൻ ചിരി നിർത്തി, അല്ലെങ്കിൽ അവള് നിർത്തിക്കും. അത്തരത്തിൽ ദഹിപ്പിക്കുന്ന നോട്ടമായിരുന്നു അവൾ സഹീറിന് നേരെ നോക്കിയത്. മുഖം തിരിച്ചിരുന്നെങ്കിലും അവളുടെ രൂപം മനസ്സിലേക്ക് കടന്നു വന്നപ്പോൾ വീണ്ടും ചിരി വന്നു അതടക്കി പിടിക്കാൻ ഞാൻ കുറച്ച് കഷ്ടപ്പെട്ടു.
കുറച്ച് നേരം എനിക്കൊപ്പം സംസാരിക്കാൻ സഹീർ ഉണ്ടായിരുന്നു. പിന്നെ അവനും പോയി.
റെസ്റ്റ് എടുക്കാൻ ആന്റിയെനിക്ക് മുറി കാണിച്ചു തന്നു. ഫ്രഷായ ശേഷം കിടക്കാനായിരുന്നു എന്റെ പ്ലാൻ. ഫ്രഷായി വന്നപ്പോഴാണ് ആ മുറിയുടെ അവസ്ഥ ഞാൻ ശ്രദ്ധിക്കുന്നത്. ബ്ലാന്കെറ്റെല്ലാം മടക്കി വെച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നും ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ലെന്നും പറയേണ്ടി വരുന്ന അവസ്ഥയായിരുന്നു ആകെ. മടക്കി വെച്ച ബ്ലാന്കെറ്റിന്റെ പല ഭാഗങ്ങളും ഉള്ളിലൂടെ തല പൊക്കി നോക്കുന്നുണ്ട്.
എല്ലാം ഒതുക്കി വെച്ചുള്ള ശീലം കൊണ്ടായിരിക്കാം അതൊക്കെ അങ്ങനെ കണ്ടപ്പോൾ എല്ലാം വൃത്തിയാക്കി വെക്കാൻ തോന്നി. പിന്നെ സമയം കളഞ്ഞില്ല, അതൊക്കെ വൃത്തിയിൽ മടക്കി വെച്ചു. സോഫയിൽ കിടക്കുന്ന ഷാൾ എടുത്ത് മറ്റൊരു ഭാഗത്ത് വെച്ചു. എല്ലാം കഴിഞ്ഞെന്ന് കരുതി കിടക്കാൻ തുടങ്ങുമ്പോഴാണ് കട്ടിലിന്റെ സൈഡിൽ എന്തോ ഉള്ളത് പോലെ തോന്നിയത്.
അതെന്റെ തോന്നലല്ലായിരുന്നു, കുനിഞ്ഞു നോക്കിയപ്പോഴാണ് സംഭവം മനസ്സിലായത്. നീലയും വെള്ളയും കളറുള്ള ടീ ഷർട്ടും നീല പാന്റും, അത് കണ്ടപ്പോയാ ഒരു കാര്യം കത്തിയത് അവൾ ഡോർ തുറക്കുമ്പോൾ എന്റെ ഓർമ്മ ശേരിയാണെങ്കിൽ ഈ ഡ്രെസ്സിലായിരുന്നെന്ന് തോന്നുന്നു.
പക്ഷെ അവൾ താഴേക്ക് വന്നത് കരകാട്ടത്തിന് പോകുന്ന കോലത്തിലും... അതിനർത്ഥം എന്നെ കണ്ടിട്ട് ഡ്രസ്സ് മാറിയതാണ് എന്നല്ലേ???
ഞാനെന്താ അവളെ പിടിച്ച് വിഴുങ്ങോ അവളിങ്ങനെ താഴേക്ക് വന്നാൽ???
എല്ലാം കഴിഞ്ഞ് വന്നപ്പോഴേക്ക് എന്റെ ക്ഷീണവും എങ്ങോട്ടോ പോയി. ഇങ്ങനെയാണെങ്കിൽ ഞാൻ കുറച്ച് കഷ്ടപ്പെടും!!!!
കിടന്നിട്ട് ഉറക്കവും വരുന്നില്ല, താഴെ ചെന്നിട്ട് വല്യ കാര്യവുമില്ല പിന്നെ ആകെ ഉള്ളത് ഫോണാണ്. അങ്ങനെ കളിച്ച് എപ്പോഴാ ഉറങ്ങിയത് എന്നറിയില്ല സഹീർ ഡോറിൽ തട്ടിയപ്പോഴാണ് ഞാൻ എഴുന്നേറ്റത്. താഴേക്ക് വരാനും പറഞ്ഞ്. താഴേക്ക് വരാൻ പറഞ്ഞപ്പോൾ ഞാനിത്ര പ്രതീക്ഷിച്ചില്ല താഴെ ഒരു ജാഥക്കുള്ള ആളുകളുണ്ട്.
"നിന്നെ അറക്കാൻ കൊണ്ട് പോകാ" എന്റെ മുഖം കണ്ടിട്ടാക്കണം സഹീർ തമാശ രൂപത്തിൽ പറഞ്ഞു.
മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ച് ഞാൻ ഹാളിലേക്ക് ചെന്നു. എല്ലാവരുടെ കണ്ണുകളും എന്നിലായിരുന്നു.
"അസ്സലാമുഅലൈകും" കൂട്ടത്തിൽ കാരണവർ എന്ന് തോന്നിക്കുന്ന ഗൗരവ ഭാവത്തോടെയിരിക്കുന്നയാളുടെ മുഖത്ത് നോക്കിയ ശേഷം എല്ലാവരോടുമായി പറഞ്ഞു.
എല്ലാവരും ഒരേ സ്വരത്തിൽ സലാം മടക്കി.
അങ്കിൾ എന്നോട് അങ്കിളിന്റെ അടുത്ത് ഇരിക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. എല്ലാവരും എന്തൊക്കെ ചോദിക്കും എങ്ങനെ സംസാരിക്കും എന്നൊക്കെയോർത്ത് ഞാൻ അങ്കിളിനരികിൽ ചെന്നിരുന്നു.
"Zaib എന്താ ചെയ്യുന്നേ???" കൂട്ടത്തിൽ ഗൗരവക്കാരനെന്ന് ഞാൻ പറഞ്ഞ കാരണവർ ചോദിച്ചു.
"എഞ്ചിനീയറിംഗ് കഴിഞ്ഞതാണ് പക്ഷെ ഞാനിപ്പോൾ ഒരു ഗാർമെന്റ് ഫാക്ടറിയിൽ മാനേജറായി വർക്ക് ചെയ്യാണ്. ഈ അടുത്ത് തന്നെ ഞാനാ ജോലി റീസൈൻ ചെയ്യും." ഞാൻ പറഞ്ഞ് മുഴുവനാക്കും മുൻപ് സൈഡിൽ ഇരിക്കുന്നയാളിൽ നിന്നും ചോദ്യം ഉയർന്നു. അവരെ കാണാനും നേരത്തെ സംസാരിച്ച കാരണവരുടെ ഏകദേശം ഛായയൊക്കെയുണ്ട്.
"അതെന്തിനാ റീസൈൻ ചെയ്യുന്നേ???"
"ഞാൻ zaib ന്റെ ഉപ്പാന്റെ കാര്യം പറഞ്ഞിരുന്നില്ലേ. അടച്ചു പൂട്ടിയ കമ്പനി തുറക്കാൻ വേണ്ടി മാത്രമാണ് zaib ആ ജോലി ഏറ്റെടുത്തത്. കമ്പനി ഇപ്പോൾ അത്യാവശ്യം ലാഭത്തിലൊക്കെയാണ്. ഇവനാണെങ്കിൽ കൊച്ചിയിലെ ഒരു ഇൻഫോ ടെക്കിൽ ജോലി കിട്ടിയിട്ടുണ്ട്. പഠിച്ചത് തന്നെയാകുന്നതാണ് നല്ലത് എന്നാണ് ഇവന്റെ അഭിപ്രായം" എനിക്ക് പകരം സംസാരിച്ചത് അങ്കിളായിരുന്നു. പക്ഷെ എനിക്ക് വേണ്ടി അങ്കിൾ സംസാരിച്ചത് ആർക്കും ഇഷ്ടപ്പെട്ടിട്ടില്ല എന്നെനിക്ക് എല്ലാവരുടെയും മുഖം കണ്ടപ്പോൾ തോന്നി.
"അന്ന് ഫാക്ടറി പൂട്ടിയപ്പോൾ ഒരുപാട് പേർക്ക് ജോലി നഷ്ട്ടപ്പെട്ടു. കേസെല്ലാം ഒഴിഞ്ഞു പോയെങ്കിലും നഷ്ട്ടം വന്ന ഫാക്ടറി തുറക്കാൻ ആരും നിന്നില്ല. ഉപ്പ എപ്പോഴും പറയും ഉപ്പ കാരണമാണ് എല്ലാർക്കും ജോലി നഷ്ടമായതെന്ന്. ആ ഒരു കാര്യം കൊണ്ടാ ഞാനും ഉപ്പാന്റെ കുറച്ച് ഫ്രണ്ട്സും ചേർന്ന് വീണ്ടും തുറക്കാൻ മുൻകൈ എടുത്തത്. ഇപ്പോൾ ഉപ്പ ആഗ്രഹിച്ചത് പോലെ എല്ലാം നല്ല പോലെ നടക്കുന്നു.
ഞാൻ ആഗ്രഹിച്ച ജോലി ഇതല്ല, ആ സ്ഥിതിക്ക് നല്ലൊരു ഓഫർ വന്നപ്പോൾ ഫാക്ടറിയുടെ കാര്യം മറ്റാരെയെങ്കിലും ഏൽപ്പിച്ച് ഇൻഫോ ടെക്കിലെ ജോലിക്ക് ട്രൈ ചെയ്താലോ എന്നാലോചിക്കുന്നുണ്ട്" രണ്ട് കൈകളും ചെറുതായി കൂട്ടിയുരുമ്മി ഞാൻ എല്ലാവരെയും നോക്കി. എന്റെ മറുപടിയിൽ എല്ലാവരും ത്രിപ്തരാണെന്ന് എല്ലാവരുടെയും മുഖത്ത് നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞു.
പിന്നെയുള്ള ചോദ്യങ്ങളെല്ലാം എന്നെ കുറിച്ചും ഉപ്പാനെകുറിച്ചും ഞാൻ പഠിച്ച കോളേജിനെ കുറിച്ചും അങ്ങനെ പലതുമായിരുന്നു.
"കുട്ടൂസിനെ കുറിച്ച് എന്താ അഭിപ്രായം???" ചോദിച്ചയാളെ ഞാൻ കണ്ടില്ല, പക്ഷെ അതൊന്നൊന്നര ചോദ്യമായിരുന്നു. ചോദിച്ചയാളെ പിടി കിട്ടിയില്ലെങ്കിലും എല്ലാവരും മറുപടി കേൾക്കാൻ തയ്യാറായി ഇരിക്കുകയായിരുന്നു.
മറുപടി പറയാതെ പറ്റില്ലല്ലോ എന്നോർത്ത് വായിൽ കിട്ടിയത് ഞാനും പറഞ്ഞു. "പാവമാണ്" പറഞ്ഞതെ എനിക്കോർമ്മയുള്ളൂ പിന്നെ എല്ലാവരും പൊട്ടി ചിരിക്കുന്നതാണ് കണ്ടത്. എന്തിന് അങ്കിൾ ഉൾപ്പടെ.
"ആ തോന്നലൊക്കെ വഴിയാതെ മറിക്കോളും" ഞാൻ ഗൗരവക്കാരൻ എന്ന് പറഞ്ഞയാളുടെ മറുപടിയായിരുന്നു അത്.
അതിന് ശേഷം അവരോരോരുത്തരായി അവളെ കുറിച്ച് പറയാൻ തുടങ്ങി. സ്കൂളിൽ പഠിക്കുമ്പോൾ ഇഷ്ടമാണെന്ന് പറഞ്ഞതിന് ആ ചെക്കനെ തല്ലിയതു മുതൽ...
"ഇങ്ങനെയൊക്കെയാണെങ്കിലും ആളൊരു പാവം തന്നെയാ... പക്ഷേ എന്തൊക്കെ എപ്പോൾ ചെയ്യണം അല്ലെങ്കിൽ പറയണം എന്ന് മാത്രം അറിയില്ല." ഞാൻ അവളും മറ്റുള്ളവരും ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി. നേരത്തെ സഹീറിനൊപ്പം ഞാൻ ഇരുന്നത് പോലെയായിരുന്നു അവൾ അവർക്കൊപ്പം ഇരിക്കുന്നത്. 'നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ നിങ്ങൾ പറയുന്നത് ഞാൻ കേൾക്കാം' എന്ന മട്ടിൽ.
"പിന്നെന്താ തീരെ വിവരമില്ലെങ്കിലും അതിന്റെ അഹങ്കാരം ഒട്ടുമില്ല." സഹീറിന്റെ വകയായിരുന്നു അത്. അത്ര നേരം ഗൗരവക്കാർ എന്ന് വിചാരിച്ചവരൊന്നും അങ്ങനെ ആയിരുന്നില്ല. ചിലപ്പോൾ ആദ്യമായിട്ട് കാണുന്നതായത് കൊണ്ട് കുറച്ച് വെയിറ്റ് ഇരിക്കട്ടെ എന്ന് കരുതിക്കാണും.
അങ്കിൾ എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി. അങ്കിളിന്റെ ബ്രദേയ്സ് അവരുടെ മക്കൾ ആന്റിയുടെ സിസ്റ്ററിന്റെ ഹസ്ബന്റ് അങ്ങനെ എല്ലാരും.
എല്ലാവർക്കുമൊപ്പം ചിരിയും കളിയുമായി സമയം പോയതറിഞ്ഞില്ല. ഇപ്പോഴാ സമാധാനമായത് മനസ്സിൽ ഉണ്ടായിരുന്ന ഭാരമൊക്കെ പോയ പോലെ...
"ആഹ് പ്രധാനപ്പെട്ട കാര്യം പറയാൻ മറന്നു" അങ്കിളിന്റെ മൂത്ത ബ്രദർ കുറച്ച് ഗൗരവത്തോടെ പറഞ്ഞു. അത് കേട്ടപ്പോൾ ഞാനും കുറച്ച് സീരിയസായി ഇരുന്നു.
"ഇപ്പോൾ പറയുന്നത് ശെരിയാണോ എന്നറിയില്ല, ഉപ്പ മരിച്ചിട്ട് അതികം ആയില്ലല്ലോ പക്ഷെ ഇവിടുത്തെ കാര്യം തുറന്ന് പറയാലോ, കുട്ടൂസ് ഒളിച്ചോടി പോയെന്നോ അങ്ങനെ പല ന്യൂസും ഇവിടെ ചെറുതായി പരന്നിട്ടുണ്ട്. പെട്ടെന്നൊരു ദിവസം ആരുമറിയാതെ നിക്കാഹ് കഴിഞ്ഞതൊക്കെ വെച്ച് ഒരു കഥയുണ്ടാക്കാൻ നാട്ടർക്ക് എളുപ്പമാണല്ലോ..." അവർ സംസാരം നിർത്തി എന്നെ നോക്കി, ഇതേവിടെക്കാണ് പോകുന്നത് എന്നെനിക്ക് മനസ്സിലായെങ്കിലും അവര് തന്നെ പറഞ്ഞോട്ടെ എന്ന് കരുതി ഞാൻ മിണ്ടാതെ ഇരുന്നു.
"നിക്കാഹ് കഴിഞ്ഞെന്ന് പേരിനു പറഞ്ഞ് ഇപ്പോൾ കല്യാണം ഒന്നും നടത്താതെ നിന്നാൽ മറ്റുള്ളവർക്ക് കൂടുതൽ പറയാൻ സമയം കൊടുക്കുന്നത് പോലെയാണെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ഒന്നാമത് കുട്ടൂസിനെ പറ്റി ഞങ്ങള് പറഞ്ഞല്ലോ ആൾക്ക് എന്തൊക്കെ പറയണം എന്നറിയില്ല, ആരെങ്കിലും 'ഒളിച്ചോടിപോയെന്ന് കേട്ടല്ലോ' എന്ന് ചോദിച്ചാൽ 'ആഹ് ഞാൻ പോയി വന്നു ഇനി അടുത്ത തവണ പോകുമ്പോൾ വിളിച്ച് പറയാവേ' എന്ന് മറുപടി പറയും. കാര്യങ്ങളുടെ ഗൗരവം കാണാൻ ആള് പഠിച്ചിട്ടെയില്ല."
ഞാൻ അവളെ നോക്കി, അവര് പറഞ്ഞത് ശെരിയായിരുന്നു, നാട്ടുകാർ ഇങ്ങനെയൊക്കെ പറയുന്നുണ്ട് എന്നറിഞ്ഞിട്ടും ഒരു കുലുക്കവുമില്ലാതെ ഇതൊന്നും എന്നെ ബാധിക്കുന്നതല്ലേ എന്ന പോലെ മറ്റുള്ളവരോട് എന്തൊക്കൊയോ പറഞ്ഞിരിപ്പാണ്.
"അവൾക്ക് താഴെ ഉള്ളതും പെണ്കുട്ടിയല്ലേ ആളുകൾ പറയുന്നത് അങ്ങനെ കണ്ടില്ല കേട്ടില്ല എന്ന് നടിക്കാൻ പറ്റുമോ??? അതാ പെട്ടെന്നൊരു റിസപ്ഷൻ വെച്ചാലോ എന്ന് ഞങ്ങളാലോചിക്കുന്നത്. അങ്ങനെ ആരും വേണ്ട നമുക്ക് വേണ്ടപ്പെട്ട കുറച്ച് പേരും പിന്നെ തൊട്ടടുത്ത അയൽക്കാരും അത്ര മതി"
എല്ലാവരും എന്റെ മറുപടിയ്ക്കായി കാത്തിരുന്നു. എന്തായാലും ഇന്നോ അല്ലെങ്കിൽ നാളെയോ ഇതൊക്കെ വേണം. ഞാൻ നിക്കാഹ് കഴിച്ച പെണ്ണാ അവള്.
"എനിക്ക് അങ്ങനെ കുടുംബമെന്ന് പറയാൻ ഉള്ളത് ഉപ്പാന്റെ ഫ്രണ്ടും ഫാമിലിയുമാണ്. നിങ്ങളെല്ലാരും കൂടെ ഒരു ഡേറ്റ് പറഞ്ഞാൽ മതി അവരെ അറിയിക്കാൻ." എന്റെ ആ ഒരു മറുപടി എല്ലാവരുടെ ചുണ്ടിലും പുഞ്ചിരി നിറച്ചു.
"നിക്കാഹ് കഴിഞ്ഞ് അവിടെ നിന്നും തന്ന ലെറ്റർ ഇല്ലേ കൈയിൽ??? ലീഗൽ രെജിസ്ട്രേഷൻ റിസപ്ഷന് മുൻപ് നടത്താനാ "അങ്കിൾ എന്നെ നോക്കി.
മറുപടി പറയും മുൻപ് എല്ലാവരും ചേർന്ന് റിസപ്ഷനെ കുറിച്ചുള്ള ചർച്ചയായിരുന്നു പിന്നീട്. ഞാൻ എല്ലാം കേട്ട് അവർക്കിടയിൽ ഇരുന്നു.
അങ്ങനെ എന്റെ ജീവിതത്തിന്റെ മറ്റൊരു അധ്യായം തുറക്കാൻ പോകാണ്, ഒരൊറ്റ വിഷമമേയുള്ളൂ ഇതെല്ലാം ഏറെ ആഗ്രഹിച്ചത് എന്റെ ഉപ്പയാണ് പക്ഷെ അതിനുള്ള ഭാഗ്യം പടച്ചോൻ ഉപ്പാക്ക് നൽകിയില്ല.
(തുടരും...)
Bạn đang đọc truyện trên: AzTruyen.Top