19
Zaib's pov:-
ജോലി കഴിഞ്ഞ് അപ്പാർട്മെന്റിൽ തിരികെ എത്തിയത് വളരെ വൈകിയാണ്. അല്ലെങ്കിലും പഴയ പോലെ നേരത്തെ വരുന്ന എന്നെ കാത്തിരിക്കാൻ ഉപ്പയില്ലല്ലോ...
അപ്പാർട്മെന്റിന്റെ ഡോർ തുറന്ന് അകത്ത് കടക്കുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു. അങ്കിളും ആന്റിയും തിരികെ കണ്ണൂരിലേക്ക് പോയത് മുതൽ ഇങ്ങനെയാണ്.
രണ്ടാഴ്ച്ച കഴിഞ്ഞു അവര് പോയിട്ട്....
അല്ലെങ്കിലും അവർക്ക് എപ്പോഴും എന്റെ കൂടെ നില്ക്കാൻ പറ്റില്ലല്ലോ...
പക്ഷെ ഒറ്റപ്പെടുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്...
സ്വയം വെറുത്തു പോകും...
നമുക്ക് പ്രിയപ്പെട്ടവർ കൂടെയില്ലാത്ത ജീവിതം അത് അനുഭവിച്ചവനെ അറിയാൻ പറ്റൂ...
കാണുന്നവന് ആ വേദന മനസ്സിലാക്കാൻ ഒരിക്കലും കഴിയില്ല.
ഷർട്ടിന്റെ ആദ്യത്തെ രണ്ട് ബട്ടൺ അഴിച്ച് ദീർഘ ശ്വാസത്തോടെ ഉപ്പാന്റെ റൂമിന്റെ ഡോർ തുറന്നു. ഇപ്പോഴും ഈ റൂമിന് ഉപ്പാന്റെ മണമാണ്. ഷർട്ടിന്റെ സ്ലീവ് കയറ്റി വെച്ച് ഞാൻ ബെഡിലേക്ക് വീണു.
ഈയിടെ ആയിട്ടുള്ള എന്റെ പ്രവർത്തിയാണിത്. ഉപ്പാന്റെ ബെഡിൽ കിടക്കുമ്പോൾ എന്തോ മനസ്സിനൊരു സമാധാനമാണ്....
ഞാൻ ഒറ്റയ്ക്കല്ലെന്ന തോന്നലാണ്...
സീലിങ്ങിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി അങ്ങനെ കിടന്നു. കഴുത്തിന് പിന്നിലൂടെ സപ്പോർട്ടിനായി വെച്ച കൈ നനഞ്ഞപ്പോയാണ് ഞാൻ ഇത്ര നേരവും കരയുകയായിരുന്നുവെന്ന ബോധം എനിക്കുണ്ടായത്.
പല തവണ ഉപ്പാന്റെ അവസ്ഥ സങ്കടം വരുത്താറുണ്ടെങ്കിലും ഉപ്പാക്ക് മുന്നിൽ കരായതിരിക്കാൻ ശ്രമിക്കും. ഞാൻ എന്നുള്ളത് മാത്രമാണ് ഉപ്പാന്റെ ആകെയുള്ള കരുത്ത്. ഞാനും കൂടെ തളർന്നാൽ അത് ശെരിയാകില്ലല്ലോ...
പക്ഷെ അന്ന്, ഉപ്പ ഈ ലോകത്തോട് വിട പറഞ്ഞ അന്ന്...
അന്ന് ഞാനാകെ തളർന്നു...
എന്റെയുള്ളിലെ സങ്കടമെല്ലാം കണ്ണീരായി അന്ന് പുറത്ത് വന്നു, എനിക്ക് പോലും എന്നെ കൺട്രോൾ ചെയ്യാൻ പറ്റാത്ത വിധം ഞാൻ തളർന്നു പോയി.
ഫോണിന്റെ റിങ് ടോണാണ് എന്നെ ആലോചനകളിൽ നിന്നുമുണർത്തിയത്. കണ്ണ് തുടച്ച് ഞാൻ എഴുന്നേറ്റ് പോക്കറ്റിൽ നിന്നും ഫോണെടുത്തു.
"അങ്കിൾ" സ്‌ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന നെയിം വായിച്ച് കാൾ അറ്റൻഡ് ചെയ്യുന്നതിന് മുൻപ് ഞാൻ ഹാളിലേക്ക് നടന്നു. ടേബിളിൽ നിന്നും ഒരു ഗ്ലാസ് വെള്ളാമെടുത്ത് കുടിച്ചു.
ശബ്ദത്തിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ അങ്കിളിന് മനസ്സിലായാലോ ഞാൻ കരയുകയായിരുന്നെന്ന്...
അങ്കിളും ആന്റിയും ഈ കഴിഞ്ഞ ദിവസങ്ങളിൽ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നെ പഴയ ഞാനാക്കി മാറ്റിയെടുക്കാൻ. ഇനിയും അവരെ ടെൻഷനാക്കുന്നത് ശെരിയല്ല.
കോൾ അപ്പോഴേക്കും മിസ്സ്ഡ് കോളായി മാറിയിരുന്നു. ഞാൻ തിരികെ വിളിച്ചു.
"അസ്സലാമുഅലൈകും" കോൾ അറ്റൻഡ് ചെയ്ത ഉടനെ അങ്കിൾ സംസാരത്തിന് തുടക്കം കുറിച്ചു.
"വഅലൈക്കുമുസ്സലാം" ശബ്ദം ശെരിയാക്കാൻ ശ്രദ്ധിച്ചു കൊണ്ട് ഞാൻ സലാം മടക്കി.
എന്റെ വിശേഷങ്ങളും കമ്പനിയിലെ കാര്യങ്ങളും അന്വേഷിച്ചു. എന്റെ വിശേഷങ്ങൾ പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് കമ്പനിയിലെ കാര്യങ്ങൾ അങ്കിളുമായി സംസാരിച്ചു. അത് കഴിഞ്ഞ് പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ഞാൻ മൗനം പാലിച്ചു.
"പിന്നെ മോനെ ഞാൻ വിളിച്ചതിന് വേറെ ഒരുദ്ദേശം കൂടെയുണ്ട്..." കാര്യമെന്തെന്ന് ഞാൻ ചോദിയ്ക്കാൻ വേണ്ടി അങ്കിൾ സംസാരം തല്ക്കാലം നിർത്തി.
"എന്താ അങ്കിൾ???"
"കുട്ടൂസിന്റെ കോളേജിൽ നിന്നും വിളിച്ചിരുന്നു ഒന്ന് അവിടെ വരെ ചെല്ലാൻ പറഞ്ഞ്... പ്രിൻസിപ്പാളിന് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞ്....
മോനറിയാല്ലോ രണ്ട് മൂന്നാഴ്ച്ച ഇവിടെ നിന്നും മാറി നിന്നതിന്റെ കാണാൻ മാത്രം ഉണ്ട്. എനിക്ക് ചെയ്തു തീർക്കേണ്ട ഒരുപാട് വർക്കുണ്ട്. അത് കൊണ്ട് പോകാനും കഴിയില്ല.
മോന് തിരക്കൊന്നുമില്ലെങ്കിൽ നാളെ അവിടെ വരെ പോകാൻ പറ്റുമോ???"
"ഞാൻ പോകാം" അങ്കിൾ ആദ്യമായിട്ടാ എന്നോട് ഒരു കാര്യം ഇങ്ങോട്ട് ചോദിക്കുന്നത് എങ്ങനെയാ പറ്റില്ലെന്ന് പറയുക. പ്രത്യേകിച്ച് അവളുടെ കാര്യങ്ങൾ ഇപ്പോഴെന്റെ ഉത്തരവാധിത്യം കൂടെയല്ലേ...
അങ്കിൾ സമാധാനത്തോടെ കോൾ കട്ട് ചെയ്തു. ഫോൺ ടേബിളിൽ വെച്ച് ഞാൻ കിച്ചനിലേക്ക് നടന്നു.
അങ്കിൾ പോയ ശേഷം ഇന്നാണ് ഞാൻ അങ്കിളിൽ നിന്ന് അവളെക്കുറിച്ച് വീണ്ടും കേൾക്കുന്നത്. ഞാനായിട്ട് അങ്ങോട്ട് ഒന്നും ചോദിക്കാറില്ല. ഇത് വരെ ഫോണിൽ വിളിച്ച് സംസാരിച്ചിട്ടില്ല. ഞങ്ങളുടെ നിക്കാഹെന്ന് പറഞ്ഞാൽ എല്ലാര്ക്കും അറിയാം പെട്ടെന്ന് ഉണ്ടായ ഒന്നാണെന്ന്...
ഞാനും പ്രതീക്ഷിച്ചിരുന്നില്ല അത് പോലെ അവളും...
ഈ നിക്കാഹ് അസ്സെപ്പ്റ്റ് ചെയ്യാൻ അവൾക്ക് സമയം വേണ്ടി വരും. അത് പോലെ ഇവിടെ വന്ന ശേഷമുള്ള അനുഭവങ്ങളും അവൾക്ക് സന്തോഷം ഒന്നുമല്ലല്ലോ സമ്മാനിച്ചത്. എല്ലാം മനസ്സിലാക്കാൻ അവൾക്ക് സമയം നല്കാനെ എനിക്ക് കഴിയൂ...
വിവാഹത്തെ കുറിച്ച് ഞാനിത് വരെ ചിന്തിച്ചിട്ടില്ലാത്തത് കൊണ്ട് എനിക്ക് വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ അവൾ അങ്ങനെയാകണം എന്നില്ലല്ലോ...
ഞാനവളുടെ സ്വപ്നങ്ങൾക്ക് വില്ലനായി മാറിയതാണെങ്കിലോ???
എന്നും ഉറക്കത്തിലെ വില്ലനായി വരുന്ന ഇത്തരം ആലോചനകൾക്ക് തൽക്കാലം വിലങ്ങിട്ട് ഫ്രിഡ്ജ് തുറന്ന് ബ്രെഡും ജാമും എടുത്ത് കിച്ചനിലെ തിണ്ണയിൽ കയറിയിരുന്നു. ഇതാണ് ഇപ്പോഴെന്റെ ഭക്ഷണം. ഒറ്റയ്ക്ക് വെച്ചുണ്ടാക്കി കഴിക്കാൻ തോന്നാറില്ല. അങ്കിളും ആന്റിയും പോയ ശേഷം ഞാനിവിടെ എനിക്കായി ഒന്നും ഉണ്ടാക്കിയിട്ടില്ല.
ഷഹബാസ് നാട്ടിൽ വന്നാൽ അവൻ വരും വല്ലതും ഉണ്ടാക്കി കൊടുക്കാൻ പറഞ്ഞ്. അവനെന്നെ നന്നായി അറിയാം. ഞാനെന്ത് ഒളിക്കാൻ ശ്രമിച്ചാലും അവനെല്ലാം കണ്ട് പിടിക്കും. വയസ്സിന് എന്നേക്കാൾ ചെറുതാണെങ്കിലും എന്റെ മനസ്സ് വായിക്കാൻ അവൻ ബെസ്റ്റാ...
ഒരു കഷ്ണം ബ്രെഡ് എടുത്ത് ജാമും ചേർത്ത് വായിലേക്കിട്ടു. ഒറ്റയ്ക്ക് കഴിക്കുമ്പോൾ ഒന്നിനും ഒരു രുചിയും ഉണ്ടാകില്ല. പകരം ഒരാൾ കൂടെയുണ്ടെങ്കിൽ എത്ര ഇഷ്ടമില്ലാത്തതിനും അന്ന് പ്രേത്യേക ടേസ്റ്റായിരിക്കും.
കിച്ചനിന്റെ മൂലയിലേക്ക് മാറ്റി വെച്ച ചെറിയ സ്ടൂൾ കണ്ടപ്പോൾ വീണ്ടും അവൾ മനസ്സിലേക്ക് കടന്നു വന്നു. ഞാൻ അവളെ ആദ്യമായി കണ്ട ദിവസവും.
അന്ന് ചായയുണ്ടാക്കാൻ അവള് പ്രയാസപ്പെടുന്നത് കണ്ട് ഞാൻ സ്ടൂൾ നീക്കി കൊടുത്തിട്ടും ഞാനൊരാൾ കിച്ചനിലേക്ക് വന്ന വിവരം പോലും അവളറിഞ്ഞിരുന്നില്ല.... എന്തോ യുദ്ധം ചെയ്യുന്നത് പോലെയായിരുന്നു അവൾ ചായയുണ്ടാക്കിയിരുന്നത്.
ഈ സ്ടൂൾ ഞാൻ എപ്പോ വാങ്ങി എന്തിന് വാങ്ങി എന്നൊന്നും ഓർമ്മയില്ല. അതിന്റെ ആവശ്യം വന്നത് അവൾ വന്ന ശേഷമാണ്. അല്ലാതെ ഇവിടെ ആർക്കും ഹൈറ്റിന്റെ പ്രശ്‌നമില്ല.
അന്ന് ഞാൻ അവളെ കണ്ടപ്പോൾ ഒരിക്കലും കരുതിയിരുന്നില്ല അടുത്ത ഒരാഴ്ച്ച കൊണ്ട് എല്ലാം മാറി മറിയുമെന്ന്...
നെറ്റിയിലേക്ക് വീണ മുടി കൈകൊണ്ട് ഞാൻ പിന്നിലേക്കാക്കി. അപ്പോഴാണ് നെറ്റിയിലെ പാടിന്റെ കാര്യം ഓർമ്മ വന്നത്. എനിക്ക് കള്ളനെന്ന് പേര് കിട്ടിയ ദിവസം...
അതും അവളുടെ കൈ കൊണ്ട് കിട്ടിയത്.
സത്യത്തിൽ എനിക്കവളോട് നല്ല ദേഷ്യമായിരുന്നു. ഉപ്പാന്റെ മെഡിക്കൽ ഹിസ്റ്ററിയുടെ ഫയൽ എടുക്കാനാ ഞാനെന്റെ മുറിയിലേക്ക് പോയത്.
എന്നാൽ ഫയൽ എടുക്കാനും പറ്റിയില്ല കള്ളനെന്ന പേരും കിട്ടി നെറ്റി പൊട്ടുകയും ചെയ്തു.
ആദ്യമൊക്കെ ദേഷ്യം തോന്നിയെങ്കിലും പതിയെ ചിന്തിച്ചപ്പോൾ തോന്നി ആ പ്രതികരണം നല്ലതാണെന്ന്...
ശെരിക്കും കള്ളനായിരുന്നെങ്കിൽ പേടിച്ച് നില വിളിക്കുന്നതിനെക്കാൾ എത്രയോ നല്ലത് ഇങ്ങനെയൊരു പ്രതികരണമല്ലേ...
പക്ഷെ അന്നത് സമ്മതിച്ചു കൊടുക്കാൻ എനിക്ക് തോന്നിയില്ല. കാരണം പണി കിട്ടിയത് എനിക്കല്ലേ...
എനിക്ക് തോന്നിയിട്ടുണ്ട് മുതിർന്നത് അവളാണെങ്കിലും നവാലിനാണ് കുറച്ച് പക്വതയും കാര്യ ബോധവും ഉള്ളതെന്ന്.
പക്ഷെ അന്ന് ഹോസ്പിറ്റലിൽ വെച്ച് അവള് നിക്കാഹിന് സമ്മതിച്ചപ്പോൾ അവളിൽ കുറച്ച് പക്വത ഉള്ളതായി തോന്നി. ഞാൻ അത് വരെ കണാത്ത മറ്റൊരാളായിരുന്നു അന്ന് അവൾ...
ഉപ്പ നിക്കാഹിനെക്കുറിച്ച് ആദ്യമെന്നോട് പറഞ്ഞപ്പോൾ എനിക്ക് മറുത്തൊന്നും പറയാൻ ഉണ്ടായിരുന്നില്ല. ഉപ്പാന്റെ സന്തോഷമാണ് എന്റെ സന്തോഷം. എന്നാലും ഞാൻ ആലോചിച്ചിട്ടുണ്ട് ഉപ്പയ്ക്ക് അവളെ ഇഷ്ടമാകാൻ എന്താണ് കാരണമെന്ന്...
ചിലപ്പോൾ എനിക്ക് പെൺകുട്ടികളെ കുറിച്ച് അറിയാത്തത് കൊണ്ടാകാം... എന്റെ ഉമ്മാനെ പോലും നന്നായി അറിയാൻ എനിക്ക് കഴിഞ്ഞിട്ടില്ലല്ലോ...
ഉപ്പാക്ക് ഉമ്മാനെ അറിയാമല്ലോ, ഉപ്പ ഉമ്മയിൽ കണ്ട എന്തെങ്കിലും അവളിൽ കണ്ടിട്ടുണ്ടാകാം അതായിരിക്കാം എനിക്ക് വേണ്ടി അവളെ തിരഞ്ഞെടുക്കാൻ കാരണം.
ഉപ്പ അവളോട് നിക്കാഹിനെ കുറിച്ച് പറഞ്ഞ് അവൾക്ക് ആലോചിക്കാൻ സമയവും കൊടുത്തു. അങ്ങനെ ആലോചിക്കാൻ മാത്രം എന്താ ഉള്ളത് എന്നായിരുന്നു എന്റെ ചിന്ത. പെട്ടെന്നൊരു ദിവസം ഇങ്ങനെ ഒരു കാര്യം പറഞ്ഞാൽ അസ്സെപ്പ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നറിയാം പക്ഷെ സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും സെൽഫിഷാകില്ലേ, ഒരു നിമിഷം ഞാനും അങ്ങനെയായിരുന്നു. ഡോക്ടർ ഉപ്പാന്റെ സ്ഥിതിയെ കുറിച്ച് എന്നോട് പറഞ്ഞതാണ് ഇനിയതികം ഇല്ലെന്ന്. അവളിങ്ങനെ മറുപടി പറയാൻ സമയമെടുക്കുന്നതിൽ എനിക്ക് ദേഷ്യമായിരുന്നു.
ഉപ്പാന്റെ അവസാനത്തെ ആഗ്രഹമാണെന്നാ പറഞ്ഞത്, ഉപ്പാക്ക് അതികം ദിവസങ്ങളുമില്ല. എല്ലാം അവളുടെ മറുപടിയിൽ....
എന്നാൽ ഹോസ്പിറ്റലിൽ വെച്ച് എല്ലാര്ക്കും മുന്നിൽ വെച്ച് അവൾ നിക്കാഹിന് സമ്മതം പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി.
നിക്കാഹിന്റെ ഒരുക്കം നടക്കുന്നത് കണ്ടപ്പോൾ എനിക്കവളോട് സഹതാപമാണ് തോന്നിയത്. അവൾ ഈ നിക്കാഹിന് സമ്മതിച്ചത് എന്റെ ഉപ്പാക്ക് വേണ്ടിയാണ്. എനിക്കവളോട് സംസാരിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അവളെങ്ങാനും നിക്കാഹിന് സമ്മതമല്ലെന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞാലോ... ഉപ്പാക്ക് വേണ്ടി ഞാൻ സെൽഫിഷാകാൻ തന്നെ തീരുമാനിച്ചു.
അവളുടെ സന്തോഷത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല എനിക്ക് മുന്നിൽ എന്റെ ഉപ്പ മാത്രം ഉണ്ടായിരുന്നുള്ളൂ...
പടച്ചോന്റെ നിശ്ചയമാണ് ഇതെല്ലാം, അല്ലെങ്കിൽ ഇത് വരെ എനിക്ക് കണ്ടു പിടിക്കാൻ കഴിയാതിരുന്ന അങ്കിളിനെ ആ സമയത്ത് കണ്ടെത്താനും അവര് ഫാമിലിയോടെ ഇങ്ങോട്ട് വരാനും...
എല്ലാം പടച്ചവന്റെ നിശ്ചയമാണ്...
നമുക്കൊന്നും മാറ്റിക്കുറിക്കാൻ പറ്റാത്ത നിശ്ചയം.
ഇനിയൊന്നും മാറ്റിക്കുറിക്കാൻ എനിക്ക് കഴിയില്ല പക്ഷെ ഒന്ന് കഴിയും എന്റെ ഉപ്പാക്ക് കൊടുത്ത വാക്ക് പാലിക്കാൻ...
ഞാൻ പെർഫെക്റ്റ് അല്ലെങ്കിലും ഒരു നല്ല ഹസ്ബെന്റാകാൻ ശ്രമിക്കും. എനിക്ക് അവളോടുള്ള ഫീലിങ്ങ്സ് എന്തെങ്കിലുമായിക്കോട്ടെ അല്ലെങ്കിൽ അവൾക്ക് എന്നോടുള്ള ഫീലിങ്ങ്സ്... ഞാൻ അതൊന്നും ചിന്തിക്കുന്നില്ല, അവളുടെ തീരുമാനം തെറ്റായിരുന്നു എന്ന് ചിന്തിക്കേണ്ട അവസ്ഥ വരാതെ ഞാൻ ശ്രദ്ധിക്കും. അത് ഞാൻ എന്റെ ഉപ്പാക്കും അങ്കിളിനും കൊടുത്ത വാക്കാണ്...
***
ആലുവ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ഞാൻ ശഹബാസിനെ വിളിച്ചു. അവൻ വിളിക്കാൻ വരാമെന്ന് പറഞ്ഞതാണ്. ശഹബാസ് ഇവിടെ വർക്ക് ചെയ്യുന്നത് കൊണ്ട് അങ്ങനെയൊരു ഉപകാരം ഉണ്ടായി.
അവൻ വന്നപ്പോൾ എന്റെ ലഗ്ഗേജ് കണ്ട് ഒരുപാട് ചിരിച്ചു. ഞാൻ ഇവിടെ കോളേജിൽ സ്ഥിരതമസമാക്കാൻ വന്നതാണോ എന്നതായിരുന്നു ആ ചിരിക്ക് പിന്നിലെ ചോദ്യം.
അങ്കിൾ എന്നോട് ഇത് കഴിഞ്ഞ് കണ്ണൂരിലേക്ക് ചെല്ലാനാണ് പറഞ്ഞത്. ഞാൻ പോകേണ്ട കാര്യം ഉണ്ടെന്നും പറഞ്ഞു. അങ്കിളിന്റെ ഫാമിലിയിലെ എല്ലാരും എന്നെ കാണാൻ കാത്തിരിക്കുകയാണെന്ന്. എന്നാലും അവളില്ലാതെ ഞാൻ മാത്രം പോയാൽ മതിയോ എന്നതായിരുന്നു എനിക്കുള്ളിലെ ചോദ്യം.
പിന്നെ ഒന്നോർക്കുമ്പോൾ അവൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് ഒരുപോലെയാണ്. അവളുണ്ടെങ്കിൽ ഞാൻ അവളുടെ ബന്ധുക്കളെ പരിചയപ്പെടുന്നതിന് മുൻപ് അവളെ പരിചയപ്പെടേണ്ടി വന്നേനെ....
ഓരോന്നും ആലോചിച്ചിരുന്ന് കോളേജ് എത്തിയത് അറിഞ്ഞില്ല. ഞാൻ കാറിൽ നിന്നിറങ്ങി.
"എനിക്ക് വർക്കിന് കയറണം. ഇവിടെത്തെ പരിപാടി കഴിഞ്ഞ് ഞാൻ നിന്റെ ഫോണിലേക്ക് ഒരു അഡ്രസ്സ് അയക്കാം അവിടേക്ക് ചെന്നാൽ മതി എന്റെ അപ്പാർട്മെന്റിലേക്ക്. ഞാൻ വന്നിട്ട് നിനക്ക് പോകാം." ശഹബാസ് കീ എനിക്ക് തന്നു.
ഞാൻ കീ വാങ്ങി കോളേജിന് നേരെ നോക്കി.......
(തുടരും...)
Bạn đang đọc truyện trên: AzTruyen.Top