17
Zaib എനിക്ക് മുന്നിൽ നിൽക്കുന്നുണ്ട് എന്നല്ലാതെ ഒന്നും പറഞ്ഞില്ല.
ഹാളിൽ ഉപ്പ ഫോണിൽ ആരോടോ സംസാരിക്കുന്നുണ്ട്.
"എന്താ കുട്ടൂസെ..." അമ്മി ബെഡിൽ നിന്നെഴുന്നേറ്റ് എന്റെയരികിലേക്ക് വന്നു.
അമ്മിയെ കണ്ടിട്ടും zaib ഒരേ നിൽപ്പാണ്, ഒന്നും പറയുന്നില്ല. ഹാളിലേക്കുള്ള ഡോർ തുറന്ന് സഫിയാന്റിയും ശഹബാസും ശഹബാസിന്റെ ഉപ്പയും വന്നപ്പോൾ അമ്മി വേഗം ഹാളിലേക്ക് ചെന്നു.
ഈ സമയത്ത് എല്ലാരും എന്താ ഇവിടെ???
പലതരം ചോദ്യങ്ങളായിരുന്നു എനിക്കുണ്ടായിരുന്നത് എന്നാൽ ഞാനൊന്നും zaibനോട് ചോദിച്ചതുമില്ല, zaib ആയിട്ട് ഒന്നും പറഞ്ഞതുമില്ല.
ആളുകളുടെ എണ്ണവും ശബ്ദവും വർദ്ധിച്ചപ്പോൾ അവർക്കൊപ്പം എന്റെ ശ്രദ്ധയും കുഞ്ഞിപ്പയുടെ റൂമിന് നേരെയായി.
മയ്യിത്ത് എടുക്കുന്നതിനെ കുറിച്ച് ഉപ്പയും ശഹബാസിന്റെ ഉപ്പയും പറയുന്നത് കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി.
പിന്നെ ആ റൂമിലേക്ക് കയറാൻ എനിക്ക് പറ്റിയില്ല. കാലുകൾക്ക് ബലം കുറഞ്ഞത് പോലെ തോന്നി, അടുത്തുള്ള ചുവരിൽ ചാരി ഒരു പ്രതിമയെ പോലെ ഞാൻ നിന്നു.
വിവരമറിഞ്ഞ് ആളുകളുടെ എണ്ണം കൂടിക്കൂടി വന്നു. എനിക്കവിടെയൊന്നും സ്ഥലം തികയാത്തത് പോലെ തോന്നി. കുഞ്ഞിപ്പാക്ക് അസുഖമാണെങ്കിലും ഇത്.... പെട്ടെന്ന്....
കുഞ്ഞിപ്പാന്റെ മയ്യിത്ത് കണ്ട് ഞാൻ കൊച്ചു കുട്ടിയെപ്പോലെ കരഞ്ഞു. കുഞ്ഞിപ്പയോട് സംസാരിച്ച ഓരോ വാക്കുകളും എന്റെ കാതുകളിൽ വീണ്ടും അലയടിച്ചു കൊണ്ടിരുന്നു. Zaib ആണെങ്കിൽ മരവിച്ചവസ്ഥയിലായിരുന്നു. ഷഹബാസ് കൂടെ തന്നെ ഉണ്ട്. വരുന്നവരുടെയും പോകുന്നവരുടെയും സഹതാപം നിറഞ്ഞ നോട്ടവും വാക്കുകളും zaib നെ കൂടുതൽ തളർത്തി.
എനിക്കപ്പോഴും അവിടെ നടക്കുന്നതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.
സമയം പൊയ്കൊണ്ടിരുന്നു. അധികമാരും വരാൻ ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് മയ്യിത്തെടുത്തു.
അടുത്ത ബന്ധുക്കൾ എന്ന് പറയാൻ അതികമാരും ഇല്ലാത്തത് കൊണ്ട് ആളുകളുടെ എണ്ണവും കുറഞ്ഞു.
ഉപ്പാനെയും zaib നെയും കാണാതിരിക്കാൻ ഞാൻ റൂമിൽ കയറിയിരുന്നു. അവരെ മാത്രമല്ല എനിക്ക് ആരെയും കാണേണ്ട....
ആരോടും സംസാരിക്കണ്ട...
കുഞ്ഞിപ്പാ പറഞ്ഞ ഓരോ വാക്കുകളും ആ മുഖവും എന്റെ മനസ്സിലേക്ക് കടന്നുവന്നു കൊണ്ടിരുന്നു.
കഴിഞ്ഞ ദിവസം വളരെ സന്തോഷത്തോടെ ഇരുന്നയാളാ, മനുഷ്യജീവന്റെ കാര്യം അത്രയേയുള്ളൂ...
ഇന്ന് കാണുന്നവരെ നാളെ കാണണം എന്നില്ല, പക്ഷെ ആ സത്യാവസ്ഥ നമ്മളെ പിടികൂടുന്നത് നമ്മളിലൊരാൾ വിട പറയുമ്പോഴായിരിക്കും.
ആരോടും ഒന്നും മിണ്ടാതെ അതിക സമയവും റൂമിനുള്ളിൽ ചിലവിടാനാണ് ഞാൻ ശ്രമിച്ചത്. പ്രത്യേകിച്ച് Zaib നെയും ഉപ്പയെയും കാണാതിരിക്കാൻ... അവരെ കണ്ടാൽ എനിക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല ഞാൻ വീണ്ടും തകർന്നു പോകും.
കുഞ്ഞിപ്പാന്റെ മരണം എന്നെ ഇത്ര മാത്രം തളർത്തിയെങ്കിൽ അവരുടെ കാര്യം എനിക്ക് ഊഹിക്കാൻ പറ്റുന്നതെയുള്ളൂ...
എനിക്കറിയില്ല എത്ര ദിവസം ഞാനിങ്ങനെ ആരോടും സംസാരിക്കതെ ആരെയും കാണാൻ ശ്രമിക്കാതെ റൂമിനുള്ളിൽ ചിലവിടുമെന്ന് എന്നാലും ഇപ്പോൾ അതാണ് നല്ലതെന്ന് മനസ്സ് പറഞ്ഞു.
ഞാനീ നിക്കാഹിന് സമ്മതിച്ചില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരവസ്ഥയിൽ അതേറ്റവും വലിയ കുറ്റബോധമായി മാറിയേനെ....
നിക്കാഹ് കഴിഞ്ഞെന്നും കുഞ്ഞിപ്പാ ഏറെ സന്തോഷവാനായിരുന്നെന്നും എനിക്കറിയാം. എന്നാലും എന്തോ എന്റെ സങ്കടത്തിന് ഒരു മാറ്റവും വന്നില്ല.
ദിവസങ്ങൾ കടന്ന് പോകാൻ പ്രയാസമൊന്നും ഉണ്ടായില്ല.
അമ്മിയോടും ഞാൻ സംസാരിക്കാൻ താല്പര്യം കാണിക്കാത്തത് കൊണ്ട് നവാൽ മാത്രമായിരുന്നു എന്റെ ആകെയുള്ള ആശ്വാസം.
എന്റെ ഇരിപ്പ് കണ്ട് അവളൊരുപാട് വഴക്ക് പറഞ്ഞു.
"പടച്ചോൻ എല്ലാര്ക്കും ഓരോ സമയം നിശ്ചയിച്ചിട്ടുണ്ട് അതിലപ്പുറം ജീവിക്കാൻ ആർക്കും കഴിയില്ല. നമ്മളെ കൊണ്ട് കഴിയുന്നത് അവർക്ക് വേണ്ടി ദുആ ചെയ്യലാണ്, അതിനു പകരം ഇങ്ങനെ ഇരുന്നാൽ ജീവിച്ചിരിപ്പുള്ളവർക്ക് കൂടെ വിഷമാകുകയുള്ളൂ..." നവാൽ പറഞ്ഞത് സത്യമായിരുന്നു. എന്റെ അവസ്ഥ ഉപ്പയെയും അമ്മിയെയും കൂടുതൽ സങ്കടപെടുത്തുകയാണ് ചെയ്യുന്നത്. എല്ലാവര്ക്കും സങ്കടമുണ്ട് എന്ന് കരുതി മുന്നോട്ടുള്ള ദിവസങ്ങൾ വെറും കണ്ണീരുകൊണ്ട് തള്ളി നീക്കാൻ പറ്റില്ലല്ലോ...
നാവാലിനൊപ്പം സഫിയാന്റിയുടെയും അമ്മിയുടെയും അടുത്ത് ചെന്നിരുന്നു. അവര് ഓരോന്നും പറയുന്നുണ്ടെങ്കിലും ഞാനതൊന്നും ശ്രദ്ധിക്കാൻ നിന്നില്ല.
വിരൽ കൊണ്ട് സോഫയിൽ ഓരോന്നും കുത്തിക്കുറിച്ച് ഞാനെന്റെ സമയം കളഞ്ഞു.
ഉപ്പാന്റെയും zaib ന്റെയും വരവാണ് എല്ലാവരുടെയും ശ്രദ്ധ തിരിച്ചത്. Zaib നെ കണ്ടപ്പോൾ കുഞ്ഞിപ്പയെയാണ് എനിക്കോർമ്മ വന്നത്. അതോടെ എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
"കുട്ടൂസെ... നാളെ തിരിച്ചു പോകാനുള്ള ടിക്കറ്റ് എടുത്തിട്ടുണ്ട്. ലീവ് ഇപ്പോൾ തന്നെ ഒരുപാടായില്ലേ..." ഉപ്പ പറഞ്ഞത് കേട്ടെങ്കിലും എന്റെ ശ്രദ്ധ മുഴുവൻ zaibന് നേരെയായിരുന്നു.
Zaibന് ഈ കുറഞ്ഞ ദിവസം കൊണ്ട് ഒരുപാട് മാറ്റങ്ങൾവന്നിട്ടുണ്ട്, കണ്ണുകളിൽ പോലും ക്ഷീണം ബാധിച്ചിരുന്നു...
"നവാലും ശഹബാസും കൂടെയുണ്ടാകും" ഉപ്പ എന്റെ ഭാഗത്ത് നിന്നും ചോദ്യമോ മറുപടിയോ ഇല്ലാതായപ്പോൾ പറഞ്ഞു.
ഉപ്പയുടെയും അമ്മിയുടെയും കാര്യം ചോദിക്കാൻ നിൽക്കാതെ ഞാൻ എല്ലാവർക്കുമിടയിൽ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.
***
നവാലും അമ്മിയും ഞങ്ങൾക്ക് കൊണ്ടു പോകാനുള്ള ബാഗ് പാക്ക് ചെയ്ത് തന്നു. Zaib ഒറ്റയ്ക്കായത് കൊണ്ട് അമ്മിയും ഉപ്പയും കുറച്ചു ദിവസം കൂടെ കഴിഞ്ഞിട്ട് വരുന്നുള്ളൂ എന്നും പറഞ്ഞു. നവാലിന് ക്ലാസ് ഉള്ളത് കൊണ്ട് അവളും എനിക്കൊപ്പം തിരിച്ചു പോകാൻ തയ്യാറായി. അമ്മിയും ഉപ്പയും വരുന്നത് വരെ നവാലിനോട് അമ്മിയുടെ വീട്ടിൽ നിൽക്കാനും പറഞ്ഞു.
ശഹബാസിന് കണ്ണൂർ വരെ പോകേണ്ട ആവശ്യമുള്ളത് കൊണ്ടാണ് ഞങ്ങളുടെ യാത്ര ഈ ദിവസമാക്കാൻ ഉപ്പ നിർദ്ദേശിച്ചത്.
പായ്ക്ക് ചെയ്ത ബാഗും എടുത്ത് ഞങ്ങൾ പോകാൻ തയ്യാറായി. ഞങ്ങൾ പോകുന്ന കാര്യം അറിയുന്നത് കൊണ്ട് സഫിയാന്റി വന്നിരുന്നു. യാത്ര പറഞ്ഞപ്പോൾ എന്നെ കെട്ടിപ്പിടിച്ചു.
"ഇന്ഷാഅല്ലാഹ് ഇനി ഇങ്ങോട്ട് തന്നെ അല്ലെ വരേണ്ടത്... അപ്പോഴേക്കും ഈ മൂഡ് ഓഫ് ഒക്കെ മാറ്റണം. കുഞ്ഞിപ്പാക്ക് ഉള്ള ഏറ്റവും വലിയ സമാധാനം മോള് zaibന്റെ കൂടെ ഉണ്ടെന്നുള്ളതാണ്. ഇനി അങ്ങോട്ട് ഞങ്ങളുടെയെല്ലാം സന്തോഷവും സമാധാനവും അത് തന്നെയായിരിക്കും...
മോളിങ്ങനെ കരഞ്ഞും വിഷമിച്ചും ഇരുന്നാൽ zaib ന്റെ അവസ്ഥ എന്തായിരിക്കും??? എത്ര സങ്കടം ഉണ്ടായിട്ടും മറ്റുള്ളവരുടെ മുന്നിൽ അതൊന്നും കാണിക്കാതിരിക്കാനാ അവൻ ശ്രമിക്കുന്നത്." എനിക്ക് മാത്രം കേൾക്കാൻ കഴിയുന്ന രീതിയിൽ ശബ്ദം കുറച്ചാണ് സഫിയാന്റി പറഞ്ഞത്.
ഞാൻ zaibന് നേരെ നോക്കി. അവൻ ഞങ്ങൾക്ക് നേരെ നോക്കി നിന്ന് ഉപ്പയുമായി സംസാരത്തിലാണ്. ഞാൻ സഫിയന്റിയെ നോക്കി മനസ്സിലായെന്ന മട്ടിൽ തലയാട്ടി.
"മതി ഇനി പിന്നെ സംസാരിക്കാം ഇങ്ങനെ നിന്നാൽ ട്രെയിൻ അതിന്റെ പാട്ടിന് പോകും." ശഹബാസ് സഫിയാന്റിയെ നോക്കി പറഞ്ഞ് ബാഗുമായി പുറത്തേക്ക് നടന്നു.
ഞാൻ ഉപ്പയെയും അമ്മിയെയും പോകുകയാണെന്നർത്ഥത്തിൽ നോക്കി.
"എത്തിയാ വിളിക്കണം. ഇനി മറക്കാൻ നിൽക്കേണ്ട" അമ്മിയുടെ നിർദ്ദേശത്തിന് ഞാൻ തലകുലുക്കി. എന്റെ മറുപടി കിട്ടിയ ഉടനെ അമ്മിയുടെ ശ്രദ്ധ നവാലിന് നേരെയായി.
"നിന്നോടും കൂടെയാ... സ്റ്റേഷനിൽ സഹീർ വരും അലമ്പൊന്നും ഉണ്ടാക്കാതെ പൊയ്‌ക്കോണം കൂടെ..."
നവാൽ ഒന്ന് മൂളുക മാത്രം ചെയ്തു. ആ മറുപടിയിൽ സംതൃപ്തി കിട്ടാതിരുന്ന അമ്മി അവളുടെ കൈകിട്ട് രണ്ടെണ്ണം കൊടുത്തു.
"നിന്നോടാ പറഞ്ഞത് ഞങ്ങളില്ല എന്ന് കരുതി അവിടെ അലമ്പൊന്നും ഉണ്ടാകരുതെന്ന്"
"ആ അമ്മീ..." വേറെ ഒന്നും കേൾക്കാൻ നിൽക്കാതെ അമ്മി തല്ലിയ കൈ തടവിക്കൊണ്ട് അവളും പുറത്തേക്ക് നടന്നു.
പുറത്ത് കടക്കും മുൻപ് ഞാൻ zaib നെ നോക്കി. എന്തെങ്കിലും പറയണോ അതോ ഒന്നും പറയാതെ പോയാൽ മതിയോ എന്നതായിരുന്നു എന്റെ സംശയം. പറയാണെങ്കിൽ എന്താ പറയാ???? ഞാൻ പോകുകയാണെന്നോ??? അത് എല്ലാർക്കും അറിയുന്ന കാര്യമല്ലേ...
"എത്തിയാൽ വിളിക്കാം" ആരോടെന്നില്ലാതെ പറഞ്ഞ് zaibനെ നോക്കി ഞാനും പുറത്തേക്കിറങ്ങി. ലിഫ്റ്റിനടുത്ത് എത്തിയപ്പോൾ പിന്നിൽ നിന്നും കാലനക്കം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. Zaibഉം ഉപ്പയുമായിരുന്നു.
"ഞാൻ പൊയ്‌ക്കോളാം ഉപ്പ വരേണ്ട ആവശ്യമില്ല" ഉപ്പ എന്റെ തട്ടം ശെരിയാക്കി എന്നെ നോക്കി ചിരിച്ചു. അപ്പോഴേക്കും ലിഫ്റ്റിന്റെ ഡോർ ഓപ്പണായി. ഞങ്ങൾ മൂന്ന് പേരും കയറി.
താഴെ പാർക്കിങ്ങിൽ എത്തുന്ന വരെ ആരും ഒന്നും സംസാരിച്ചില്ല.
നവാലിനൊപ്പം ബാക്ക് സീറ്റിൽ കയറിയിരുന്ന് ഉപ്പാനെ നോക്കി ഞാൻ പുഞ്ചിരിച്ചു. ഉപ്പാനോട് ഒരിക്കൽ കൂടെ യാത്ര പറഞ്ഞ് ഷഹബാസ് കാറിൽ കയറി. അപ്പോഴും ഡ്രൈവിംങ് സീറ്റ് കാലിയായിരുന്നു. ഞാൻ ശഹബാസിനെയും ഡ്രൈവിങ് സീറ്റിനെയും zaib നെയും മാറി മാറി നോക്കി. എന്റെ ഊഹം ശെരിയായിരുന്നു zaib ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
യാത്രയിലുള്ള നിശബ്ദമായ അന്തരീക്ഷം മാറ്റുവാൻ ഇടയ്ക്കിടെ ശഹബാസ് ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു. പുട്ടിന് തേങ്ങയിടുന്നത് പോലെ അതിന് മറുപടി പറയാൻ നവാലും ഉണ്ടായിരുന്നു. രണ്ട് പേരും ഒന്നിലൊന്ന് മെച്ചമാണെന്നു പറയാം. വെറുതെ ഓരോന്നും പറഞ്ഞ് വഴക്ക് കൂടിക്കൊണ്ടിരുന്നു. അത് കൊണ്ടായിരിക്കാം റെയിൽവേ സ്റ്റേഷനിൽ എത്തിയത് അറിഞ്ഞതെയില്ല.
സീറ്റ് കണ്ടു പിടിക്കാനും ബാഗ് എടുത്ത് വെക്കാനും zaib സഹായിച്ചു. ശഹബാസിനോടും നവാലിനോടും യാത്ര പറഞ്ഞ് എന്നെ നോക്കി ചിരിക്കണോ വേണ്ടയോ എന്നർത്ഥത്തിൽ ഒരു ചിരി സമ്മാനിച്ച് zaib തിരികെ പോയി.
വീട്ടീന്ന് ഇറങ്ങിയത് മുതൽ ട്രെയിനിൽ കയറിയിട്ടും ശഹബാസും നവാലും തമ്മിലുള്ള കത്തി വെപ്പിന് ഒരു കുറവും ഉണ്ടായില്ല.
അവസാനം ശഹബാസിനോട് പറഞ്ഞു ജയിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി നവാൽ നിർത്തി. എനിക്കാ കാര്യം നല്ല എക്സ്പീരിയൻസ് ഉള്ളതാണല്ലോ...
കുറെ നേരം അങ്ങനെയിരുന്ന് സമയം പോകാത്തത് കണ്ടപ്പോൾ നവാൽ ബാഗിൽ നിന്നും വായിക്കാൻ ബുക്ക് എടുത്തു.
"നല്ല ആളുടെ മുന്നിൽ നിന്നാ വായിക്കാൻ പോകുന്നത്" ഞാൻ പതുക്കെ പറഞ്ഞു. ഭാഗ്യത്തിന് ശഹബാസ് കേട്ടില്ല.
"ആഹാ... വായിക്കാൻ പോകാണോ???
ഓഹ്!!!! നിങ്ങള് Shakespeare ന്റെ അയൽവാസിയാണെന്ന കാര്യം ഞാൻ മറന്നു." അത് കേട്ടപ്പോൾ ഞാൻ ചിരിച്ചു. എനിക്കോർമ്മ വന്നത് ഞാനും ശഹബാസും ആദ്യമായി കണ്ട ദിവസമാണ്.
ഞാൻ ചിരിച്ചതിന്റെ കാര്യം പിടി കിട്ടാതെ നവാൽ എന്നെ നോക്കി. സാധാരണ ഇത്തരം ചളി കേട്ടാൽ തിരിച്ചു ചളിക്കുന്ന ഞാൻ ഇതിന് ചിരിക്കുക മാത്രം ചെയ്തതായിരിക്കാം ആ നോട്ടത്തിന് പിന്നിലെ കാരണം. എന്നാൽ അവൾക്കറിയില്ലല്ലോ ഈ ചളിയുടെ ഉപജ്ഞാതാവ് ഈ ഞാനാണെന്ന്....
വായിച്ചു വായിച്ച് നവാലിന്റെ ബോധം പോയി... ആള് നല്ല ഉറക്കത്തിലായി. പിന്നെ എനിക്കുള്ള കൂട്ട് ശഹബാസായിരുന്നു. എന്നത്തേയും പോലെ ചളിച്ചും കത്തിയടിച്ചും സമയം പോയത് അറിഞ്ഞില്ല. അത് മാത്രമല്ല ഇത്രയും ദിവസത്തെ എന്റെ മൂടെല്ലാം ചേഞ്ചായി റീഫ്രഷ് ആകുകയും ചെയ്തു.
ഷൊർണ്ണൂർ എത്തിയപ്പോൾ ഞാനിറങ്ങി. എനിക്കിനി ഇവിടുന്ന് ട്രെയിൻ വേറെ കയറണം. മംഗളൂരു ട്രെയിൻ ആയത് കൊണ്ട് നവാലിനും ശഹബാസിനും ആ ട്രെയിൻ തന്നെ മതി.
ഷഹബാസ് ഒരുപാട് തവണ പറഞ്ഞു എനിക്കൊപ്പം ഇവിടെ ഇറങ്ങി എന്നെ വേറെ ട്രെയിൻ കയറ്റി തന്ന് അവര് വേറെ ട്രെയിനിന് പോയ്ക്കോളാമെന്ന്.
ഒറ്റയ്ക്ക് പോകുന്നത് എനിക്കൊരു ശീലമാണ് നാവാലിനാണെൽ പരിചയവുമില്ല അത് കൊണ്ട് ഞാൻ സമ്മതിച്ചില്ല. എത്രയും പെട്ടെന്ന് അവര് കണ്ണൂർ എത്തുന്നതാണ് നല്ലത്. സഹീർ അവളെയും കാത്ത് സ്റ്റേഷനിൽ ഉണ്ടാകും.
അവരോട് യാത്ര പറഞ്ഞ് ടിക്കറ്റ് കൗണ്ടറിന് നേരെ നടന്നു. എറണാകുളം വരെയുള്ള ഇന്റർസിറ്റി എക്സ്പ്രസ്സിലായിരുന്നു എന്റെ പിന്നീടുള്ള യാത്ര. ഹോസ്റ്റലിൽ എത്തുമ്പോൾ ഹോസ്റ്റൽ സമയത്തെക്കാൾ വൈകിയിരുന്നു. നേരത്തെ വിളിച്ച് പറഞ്ഞത് കൊണ്ട് വാർഡൻ അതികം ചോദ്യം ചെയ്യാതെ കയറ്റി വിട്ടു.
റൂമിന് നേരെ നടക്കുമ്പോൾ ഓർമ്മ വന്നത് ലീവിന് പോയ ആ ദിവസമായിരുന്നു. അന്ന് പോകുമ്പോൾ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ഈ ലീവ് എന്റെ ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന ഒന്നാണെന്ന്...
ഉപ്പയും കുഞ്ഞിപ്പയും തമ്മിലുള്ള സൗഹൃദത്തിന്റെ പുനർജനനം...
അവരെ കാണാനുള്ള യാത്ര...
എന്റെ നിക്കാഹ്...
അത് കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഉണ്ടായ മരണം...
നാളെ എന്ത് സംഭവിക്കും എന്തിന് ഇന്ന് ഇനി മുന്നോട്ടുള്ള സമയങ്ങളിൽ എന്ത് സംഭവിക്കും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല...
എല്ലാം മുൻപേ ഒരാൾ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട് അത് മാറ്റി കുറിക്കാനും ആർക്കും കഴിയില്ല....
ഡോറിൽ തട്ടി ദീർഘശ്വാസത്തോടെ ഞാൻ നിന്നു. അതികം വൈകാതെ ഡോർ തുറന്ന് അങ്കി പുറത്തേക്ക് വന്നു.
"ഓഹ്!!! വരാനായോ മാഡം???"തമാശ കലർന്നൊരു ചിരി പാസ്സാക്കി അവളെന്നെ നോക്കി. കയ്യിലുള്ള ബാഗ് തഴെയിട്ട് ഞാനവളെ കെട്ടിപ്പിടിച്ചു...
(തുടരും...)
Bạn đang đọc truyện trên: AzTruyen.Top