11

"ഇതിൽ കൂടുതലും ആ സമയത്തുള്ള ഫോട്ടോകളാ..."
കുഞ്ഞിപ്പ പറഞ്ഞത് കേട്ട് ഞാൻ ആദ്യം മുതലേ മറിച്ചു നോക്കി.

ഉപ്പയും കുഞ്ഞിപ്പയും തോളോട് തോൾ ചേർന്നെടുത്ത ഒരുപാട് ഫോട്ടോകൾ, അതിൽ ചിലത് വീട്ടിലെ ആൽബത്തിൽ കണ്ടിട്ടുള്ളവയാണ്.

പിന്നെ കൂടുതലും ആ കള്ളന്റെ ഫോട്ടോകളാണ്... ചിലതിൽ ഞാനും ഉണ്ട്. പക്ഷെ എല്ലാത്തിലും ഒരേ പോലെ...
ഞാൻ കരയും കള്ളൻ ചിരിക്കും...

"പറഞ്ഞില്ലേ... നിങ്ങൾ രണ്ടു പേരും തീരെ ചേരില്ലെന്ന്, എപ്പോഴും ഇങ്ങനെയായിരുന്നു"

കുഞ്ഞിപ്പ പറഞ്ഞപ്പോൾ ഞാൻ അവനെ മനസ്സിൽ വല്ലാത്ത ദേഷ്യം തോന്നി. എപ്പോഴും എന്നോടിങ്ങനെ ചെയ്തിട്ടാണ് എന്റെ കയ്യിൽ നിന്ന് ചെറിയൊരു അബദ്ധം പറ്റിയതിന് എല്ലാരും എന്നെ ക്രൂശിച്ചത്...

എല്ലാം ഞാൻ ശെരിയാക്കി തരാം...
ആദ്യം അമ്മീനെ കാണണം...
എന്നിട്ട് അവന്റെ കാര്യം ആലോചിക്കാം...

ആൽബത്തിലെ പേജുകൾ ഓരോന്നായി മറിച്ചു. അതിൽ ആ കള്ളന്റെ കുറച്ചുകൂടെ വലുതായ ഫോട്ടോകളുണ്ട്.

"Zaib ന്റെ ചിരികാണാൻ നല്ല രസമില്ലേ???"

"പിന്നെ..." ഞാൻ അവനെ മനസ്സിൽ ഓരോന്നും പറഞ്ഞുവെങ്കിലും പുറത്തൊന്നും കാണിച്ചില്ല.

ഓരോ ഫോട്ടോ കാണുമ്പോഴും ആ കള്ളനെ കുറിച്ചും ഉപ്പായ്ക്കും കുഞ്ഞിപ്പയ്ക്കും ഇടയിൽ ഉള്ള സൗഹൃദത്തെ പറ്റിയും പറയാൻ ഒരുപാട് ഉണ്ടായിരുന്നു കുഞ്ഞിപ്പാക്ക്...

പക്ഷെ ഒരു ഫോട്ടോയിലും ഞാൻ കുഞ്ഞിപ്പാന്റെ വൈഫിനെ കണ്ടില്ല.
ചിലപ്പോൾ പെട്ടെന്ന് മരിച്ചു കാണും...
വെറുതെ അതിനെ കുറിച്ച് ചോദിച്ചിട്ട് സങ്കടം വരുത്തേണ്ട...
ഞാൻ ഒന്നും ചോദിച്ചില്ല...

കുറഞ്ഞ പേജുകൾ മറിച്ചപ്പോൾ പിന്നെ ഫോട്ടോകൾ ഒന്നും കണ്ടില്ല...
ഞാൻ കുഞ്ഞിപ്പാനെ നോക്കി.
കുഞ്ഞിപ്പ എന്റെ കയ്യിൽ നിന്നും ആൽബം വാങ്ങി പിന്നിലേക്ക് മറിച്ചു.

"ഇതാ എന്റെ zaibന്റെ കളങ്കമില്ലാത്ത പുഞ്ചിരി ഞാൻ അവസാനമായി കണ്ട ദിവസം..." അത് പറയുമ്പോൾ കുഞ്ഞിപ്പാന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

ഞാൻ കുഞ്ഞിപ്പാനെ നോക്കി.
കുഞ്ഞിപ്പ ആദ്യമായി ആ കള്ളന്റെ ഫോട്ടോ കാണുന്നത് പോലെ അതിലേക്ക് കണ്ണെടുക്കാതെ നോക്കി.

"വർഷം ഒരുപാട് കഴിഞ്ഞു അവനെ ഇങ്ങനെ ചിരിച്ചു കണ്ടിട്ട്..."
നിറഞ്ഞ കണ്ണുകളിലെ കണ്ണുനീർ കുഞ്ഞിപ്പാന്റെ കവിളുകളിലൂടെ സഞ്ചരിച്ച് ആൽബത്തിൽ പതിച്ചു.

"എനിക്കെന്ത് കൊതിയാണെന്നോ Zaib നെ വീണ്ടും ഇങ്ങനെ കാണാൻ..." കുഞ്ഞിപ്പ വിതുമ്പി.

ഇവനൊക്കെ എന്ത് മകനാണ്....
ഒരു ഉപ്പാന്റെ ആഗ്രഹം കണ്ടില്ലേ സ്വന്തം മകനെ ഒന്ന് ചിരിച്ചു കാണാൻ...
ഇങ്ങനെ ചിരിക്കാതെ ജീവിച്ചിട്ട് എന്ത് കിട്ടാൻ???

എന്നാലും ഒരു മനുഷ്യന് ചിരിക്കാതെ ജീവിക്കാൻ പറ്റുമോ???...
ശെരിക്കും ഒരത്ഭുത ജീവി തന്നെ...
സ്വന്തം ഉപ്പാക്ക് ഇത്രയേറെ സുഖമില്ല, മരണത്തോട് മല്ലിട്ട് ജീവിക്കുകയാ എന്നിട്ടും ആ ഉപ്പാന്റെ ആഗ്രഹം മകനെ ചിരിച്ചു കാണാനാണ് അതൊന്ന് സാധിച്ചു കൊടുത്തൂടെ...???

എനിക്ക് അവനോടുള്ള ദേഷ്യം ഇരട്ടിച്ചു...

"എല്ലാം എന്റെ തെറ്റാ..."
വിതുമ്പുന്ന കുഞ്ഞിപ്പാനെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ ഞാൻ ഇരുന്നു.

ഓരോ തവണ ആ ഫോട്ടോ നോക്കുമ്പോഴും കുഞ്ഞിപ്പാന്റെ കണ്ണുകൾ കൂടുതൽ നിറയുന്നതായി എനിക്ക് തോന്നി. ഞാൻ ആൽബം വാങ്ങി എന്റെ കയ്യിൽ വെച്ചു.

"ഒന്നും കുഞ്ഞിപ്പാന്റെ തെറ്റല്ല..." ആകെ വായിൽ വന്ന വാക്കുകൾ കൊണ്ട് ഞാൻ കുഞ്ഞിപ്പാനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

അല്ലെങ്കിലും അവൻ ചിരിക്കാത്തത് എങ്ങനാ കുഞ്ഞിപ്പാന്റെ തെറ്റാകുന്നത്???
എന്നാലും വല്ലാത്തൊരു ജന്മം തന്നെ....

"എന്റെ മകനായി ജനിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോൾ അവൻ നല്ല സന്തോഷത്തിൽ ജീവിക്കുമായിരിക്കും...
അവന്റെ പ്രായത്തിൽ ഉള്ളവരെ പോലെ ഫ്രണ്ട്സിനൊപ്പം കറക്കവും എല്ലാവരെപ്പോലെയും ജീവിതം ആസ്വതിച്ചേനെ അല്ലെ..."

ഞാൻ കുഞ്ഞിപ്പാനെ നോക്കി...
കുഞ്ഞിപ്പാ പറയുന്ന കാര്യങ്ങളൊന്നും എനിക്ക് മനസ്സിലാകുന്നതായിരുന്നില്ല...

"എന്റെ മകനായി ജനിച്ചത് കൊണ്ടല്ലേ ചെറുപ്രായത്തിലേ പ്രാരാബ്‌ദം കൊണ്ട് ജീവിക്കേണ്ടി വന്നത്...
കേസിൽ കുടുങ്ങിയ ഉപ്പ...
ആകെ ഉണ്ടായിരുന്ന തല ചായ്ക്കാൻ ഇടമായിരുന്ന കിടപ്പാടം നഷ്ട്ടപെട്ട അവസ്ഥ...
അവനായത് കൊണ്ടാ പരിഭവം പറയാതെ ഇത്ര നാളും..."

കുഞ്ഞിപ്പ കണ്ണുകൾ തുടച്ച് എന്നെ നോക്കി.

"അവനിതു വരെ ഒറ്റ തവണ പോലും എന്നെ മടുത്തതായി തോന്നിയിട്ടില്ല പോലും...
എനിക്ക് അവനെ മടുത്തത് കൊണ്ട് തോന്നുന്നതാകും എന്ന് പറയും..."
കണ്ണീർ നിറഞ്ഞ ഒരു പുഞ്ചിരി ആ വാക്കുകളോടെ കുഞ്ഞിപ്പാന്റെ ചുണ്ടിൽ വിരിഞ്ഞു.

"നിങ്ങളുടെ കൂടെ കണ്ണൂരിൽ ഉണ്ടായിരുന്നപ്പോഴാ അവനവന്റെ കുട്ടിക്കാലം അനുഭവിച്ചത്...
എന്നിവിടെക്ക് വന്നോ അന്ന് നഷ്ട്ടപ്പെട്ടു എല്ലാം...

ഏഴുവര്ഷം ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്നു എനിക്ക്...
അന്നെല്ലാം എന്റെ ആധി അവനെ കുറിച്ചായിരുന്നു... അവന്റെ ഭാവിയെക്കുറിച്ചായിരുന്നു...

ഇവിടെയും നിന്റെ ഉപ്പാനെ പോലെ എനിക്കൊരു സുഹൃത്ത് ഉണ്ട്, നേരത്തെ കണ്ടില്ലേ... "ശഹബാസ്".... നിങളെ ഇങ്ങോട്ട് കൊണ്ടുവന്ന...."

കുഞ്ഞിപ്പാ സംസാരം നിർത്തി എന്നെ നോക്കി. കുഞ്ഞിപ്പാ പറഞ്ഞു വരുന്നത് ട്രെയിനിലെ അവനെയാണെന്നു എനിക്ക് മനസ്സിലായി.
ആളെ മനസ്സീലായെന്ന മട്ടിൽ ഞാൻ തലകുലുക്കി.
കുഞ്ഞിപ്പാ സംസാരം തുടർന്നു...

"അവന്റെ ഉപ്പ....
കാലം കൊണ്ട് പരിചയം കുറവാണെങ്കിലും എനിക്ക് സഹായത്തിന് അവരുണ്ടായിരുന്നു.
Zaib പിന്നെ അവർക്കൊപ്പമായി.
നല്ല കാലത്ത് എനിക്ക് നോക്കാൻ പറ്റിയില്ല എന്റെ മോനെ....
മറ്റുള്ളവരുടെ കയ്യിൽ ഏല്പിക്കേണ്ടി വന്നു..."

കുഞ്ഞിപ്പാ പറയുന്ന കാര്യങ്ങൾ എല്ലാം ഞാൻ ആദ്യമായി കേൾക്കുകയാണ്...
ഉപ്പ പോലും അതൊന്നും പറഞ്ഞ് ഞാൻ കേട്ടിട്ടില്ല...

"അവന് അവര് ബുദ്ധിമുട്ടൊന്നും വരുത്തിയിട്ടില്ല.... പക്ഷെ എന്തൊക്കെയായാലും സ്വന്തം വീട്... ഉപ്പ... അതൊക്കെ നഷ്ട്ടപ്പെട്ട് മറ്റുള്ളവർക്കൊപ്പം ജീവിക്കാൻ പ്രയാസമാ...
എന്നിട്ടും അവനൊരിക്കലും പരാതിപ്പെട്ടില്ല...

വക്കീലിന്റെ മിടുക്കുക്കൊണ്ട് ഏഴുവര്ഷം കൊണ്ട് എനിക്ക് ജയിലിൽ നിന്നും ഇറങ്ങാൻ പറ്റി...
അപ്പോയേക്കും എല്ലാം മാറിയിരുന്നു.
സ്കൂളിൽ നിന്നും Zaib ന് എപ്പോഴും കളിയാക്കലും ചീത്തപ്പേരും മാത്രം കൊടുക്കാനെ ഈ ഉപ്പാനെ കൊണ്ട് കഴിഞ്ഞുള്ളൂ...

എന്നിട്ടും അവന് പരാതിയില്ലായിരുന്നു...
ജയിലിലെ ഏമാന്മാർ കാര്യമായിട്ട് പെരുമാറിയത് കാരണം എന്റെ ആരോഗ്യം ഇങ്ങനെയായി അത്കൊണ്ട് ഭാരമുള്ള ജോലി ചെയ്യാൻ പറ്റാതായി...

ജയിലിൽ നിന്നും വന്ന ശേഷവും ഞാനും അവനും മറ്റുള്ളവർക്ക് ഭാരമാകാൻ പാടില്ലല്ലോ എന്ന് കരുതി ജോലി കുറെ നോക്കി. അവസാനം കിട്ടി....
ഒരു ഹോട്ടലിലെ തൂപ്പുപണി....

അല്ലാതെ ഒരു ജയിൽ പുള്ളിയ്ക്ക് ആര് ജോലി തരാൻ...

ഈ തൂപ്പുപണി എന്ന് പറയുന്നത് അത്ര എളുപ്പമുള്ള പണി ഒന്നും അല്ലാട്ടോ...

എന്റെ ആരോഗ്യം വെച്ച് എനിക്ക് അതിനു പോലും കഴിഞ്ഞില്ല....
അത് മാത്രമല്ല, വരുന്നവർക്കും പോകുന്നവർക്കും എന്നെ പറഞ്ഞു വിളിക്കാൻ ഒരു കേസുണ്ടാക്കിയ കെട്ടുകഥകൾ ധാരാളമുണ്ടായിരുന്നു.

സ്കൂൾ കഴിഞ്ഞു വരുന്ന വഴിയിലാ അവനെന്നെ കണ്ടത്...
Zaib....

അവനന്ന് എന്നെ ഒരുപാട് വഴക്ക് പറഞ്ഞു ആ ജോലിക്ക് പോകണ്ടേന്ന് പറഞ്ഞു...
ഞങ്ങൾക്കും ജീവിക്കണ്ടേ... ജോലി ഇല്ലാതെ പറ്റില്ലല്ലോ...
അവന് പറഞ്ഞാൽ മനസ്സിലാകേണ്ടേ....

ദിവസം കൂടുംതോറും എന്റെ ആരോഗ്യം ഇന്നത്തെ അവസ്ഥയിലേക്ക് അടുത്തു... അവസാനം ഒന്നെഴുന്നേൽക്കാൻ പോലും മറ്റൊരാളുടെ സഹായം വേണമെന്ന അവസ്ഥയായി...

അന്ന് മുതൽ എന്നെ നോക്കിയത് അവനാ...
സ്കൂൾ കഴിഞ്ഞ് ജോലിക്ക് പോകും. അത് കഴിഞ്ഞ് വീട്ടിലെ ജോലിയും

ശഹബാസിന്റെ ഉപ്പ ഒരുപാട് പറഞ്ഞെങ്കിലും അവൻ ആരുടെയും സഹായം തേടാൻ തയ്യാറായില്ല.
അന്നേ അഭിമാനിയാ...."

കുഞ്ഞിപ്പാന്റെ വാക്കുകൾ കേട്ട് ഞാൻ അനങ്ങാതെയിരുന്നു.

"കുഞ്ഞിലെ അവന് ഉമ്മാനെ നഷ്ടപ്പെട്ടതാ...
ഞാൻ മറ്റൊരു വിവാഹം കഴിക്കാതിരുന്നത് തന്നെ അവനെ അവരെങ്ങനെ നോക്കും എന്ന പേടി കൊണ്ടാ...

അവനെ ഉമ്മാന്റെയും ഉപ്പാന്റെയും സ്ഥാനത്ത് നിന്ന് നോക്കണം, അവനൊരു കുറവും ഉണ്ടാകരുത്

എന്നിട്ട്...

എന്നിട്ട് പടച്ചോൻ വിധിച്ചത് കണ്ടില്ലേ അവൻ എന്നെ നോക്കേണ്ടി വന്നു...
ഒരു കുഞ്ഞിനെ പോലെ...

എനിക്ക് അവനൊന്നും നൽകാൻ കഴിഞ്ഞിട്ടില്ല... അവന്റെ ഇഷ്ട്ടങ്ങൾ സാധിച്ചു കൊടുക്കാൻ കഴിഞ്ഞിട്ടില്ല...

സത്യത്തിൽ ഒരു ഉപ്പയെന്ന നിലയിൽ എനിക്കറിയില്ല അവന് എന്താ ഇഷ്ട്ടം എന്താ ഇഷ്ടമില്ലാത്തത് എന്ന്...
അവനിതു വരെ ഒന്നും പറഞ്ഞിട്ടില്ല...

ചിലപ്പോൾ ഈ ഉപ്പാക്ക് അതൊന്നും സാധിച്ചു തരാൻ കഴിയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാകാം...

ചിലരെ പടച്ചവൻ വല്ലാതെ അനുഗ്രഹിക്കും. അങ്ങനെ എനിക്ക് കിട്ടിയ അനുഗ്രഹം എന്റെ Zaib ആ...

അവന്റെ സന്തോഷം അതെന്താ എന്ന് അവനറിയില്ല...
അവന് വേണ്ടി ജീവിക്കാൻ അവനറിയില്ല...
അവന്റെ മുന്നിൽ ഒറ്റ ലക്ഷ്യമുള്ളൂ എന്നെ ബുദ്ധിമുട്ടില്ലാതെ നോക്കുക...

അവനും ശഹാബാസിന്റെ ഉപ്പയും ചേർന്ന് എന്റെ പേരിൽ ഉണ്ടായിരുന്ന കള്ള കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരാൻ അവരെക്കൊണ്ടാകും വിധം ശ്രമിച്ചു.

എന്റെ പേരിൽ ഉണ്ടായിരുന്ന കേസിന്റെ യഥാർത്ഥ സത്യം പുറത്ത് വന്നപ്പോയേക്കും വൈകിയിരുന്നു...
ഏഴുവര്ഷം ചെയ്യാത്ത തെറ്റിന്റെ പേരിൽ അനുഭവിച്ചത് ഇല്ലാതാക്കാൻ പറ്റില്ലല്ലോ...
അത് കാരണം എന്റെ മോൻ മറ്റുള്ളവരുടെ മുന്നിൽ അനുഭവിച്ചതൊന്നും ആർക്കും മാഴ്ച്ചുകളയാൻ കഴിയില്ലല്ലോ....

അനുഭവിച്ചത് ഞങ്ങളും, അവസാനം മറ്റുള്ളവരുടെ ക്ഷമാപണവും...

ചെയ്യാത്ത തെറ്റിന്റെ പേരിൽ അടച്ചു പൂട്ടിയ കമ്പനി വീണ്ടും തുറക്കാൻ ഉത്തരവ് കിട്ടി.
പക്ഷെ വീണ്ടും കമ്പനിയിലെക്ക് പോകാൻ പറ്റിയ അവസ്ഥ അല്ലായിരുന്നല്ലോ എന്റേത്...

കമ്പനി പൂട്ടിയ കാരണം ജോലി നഷ്ട്ടമായ ഒരുപാട് പേർ ഉണ്ടായിരുന്നു. അവർ ബുദ്ധിമുട്ടാതിരിക്കാൻ കമ്പനിയുടെ ഉത്തരവാതിഥ്യം ഏറ്റെടുക്കാൻ Zaib തയ്യാറായി.

ആദ്യമൊന്നും ഞാൻ സമ്മതിച്ചില്ല. പിന്നെ അവൻ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നി.

ശഹബാസിന്റെ ഉപ്പയും അവന്റെ കൂടെ ഉണ്ടായിരുന്നു...
എനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കാനുള്ള നെട്ടോട്ടമായിരുന്നു അവന്റെ ജീവിതമെന്ന് പറയുന്നത്..."

കുഞ്ഞിപ്പ പറയുന്നതോരോന്നും കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു.
ഉപ്പനോട് എന്തേലും വാങ്ങി തരാൻ പറഞ്ഞാൽ പാവം വരുന്ന വഴിയിൽ അതെങ്ങാനും മറന്നു പോയാൽ ഞാൻ ഉണ്ടാക്കുന്ന കോലാഹലമാണ് എന്റെ മനസ്സിലേക്ക് കടന്നു വന്നത്.

നമ്മൾ എന്നും കാണുന്നത് മാത്രമല്ല ജീവിതമെന്ന് നമ്മൾ തിരിച്ചറിയുന്നത് മറ്റുള്ളവരെ കൂടുതൽ അറിയുമ്പോഴാണ്...
അല്ലെങ്കിൽ ഇത് പോലെ എന്തെങ്കിലും നമ്മുടെ ജീവിതത്തിലും സംഭവിക്കണം.

ഇത്ര നേരം എന്റെ മനസ്സിൽ ആ കള്ളനെ... അല്ല Zaib നെ കുറിച്ചുണ്ടായിരുന്ന ചിന്തകളല്ല ആ സമയം മുതൽ ഉടലെടുത്തത്...

"അവനെ സംബന്ധിച്ചിടത്തോളം അവന്റെ സന്തോഷമെന്ന് പറയുന്നത് ഇതാണ്...
അവന്റെ ജീവിതമെന്ന് പറയുന്നത് ഇതാണ്...
അതാണ് എന്റെ സങ്കടവും....
അവിടെയാണ് ഒരുപ്പയെന്ന നിലയിൽ ഞാൻ പരാജയപ്പെടുന്നതും..."

"അങ്ങനെയല്ല കുഞ്ഞിപ്പാ..." കുഞ്ഞിപ്പാനെ മുഴുവനാക്കാൻ സമ്മതിക്കാതെ ഞാൻ ഇടയ്ക്കു കയറി.

കുഞ്ഞിപ്പ എന്നെ നോക്കി ചെറുതായി പുഞ്ചിരിക്കാൻ ശ്രമിച്ചു.
ഞാൻ കുഞ്ഞിപ്പാന്റെ കൈകൾ എന്റെ കൈകൾക്കുള്ളിൽ ഒതുക്കി.

"അല്ല കുഞ്ഞിപ്പാ....
എനിക്ക് തോന്നുന്നത് ഒരുപ്പ എന്ന നിലയിൽ കുഞ്ഞിപ്പ ജയിച്ചു എന്നതിന്റെ തെളിവാ Zaib....
അല്ല, എന്റെ തോന്നലല്ല അതാ സത്യം..."

എന്റെ നാവിൽ നിന്നും മറ്റൊരാൾക്ക് ആശ്വാസം നൽകുന്ന വാക്കുകൾ ഉണ്ടാകും എന്ന് ഞാൻ മനസ്സിലാക്കിയ നിമിഷം അതായിരുന്നു.

കുഞ്ഞിപ്പ എന്റെ മുടിയിഴകളിൽ വിരലുകളോടിച്ചു. ഞാൻ ചെറുതായി പുഞ്ചിരിച്ച് അവിടെയിരുന്നു.

ഉപ്പ വരുന്നത് വരെ കുഞ്ഞിപ്പാനോടൊപ്പം സംസാരിച്ചിരുന്നു. സത്യം പറഞ്ഞാൽ ഞാൻ കുഞ്ഞിപ്പാ പറയുന്ന ഓരോ കാര്യങ്ങൾ മൂളലോടെ കേട്ടിരുന്നു. ഉപ്പ വന്നപ്പോൾ ഞാൻ റൂമിൽ നിന്നുമിറങ്ങി.
മനസ്സിൽ അപ്പോഴും കുഞ്ഞിപ്പ പറഞ്ഞ കാര്യങ്ങളായിരുന്നു.

ഒരു മകൾ എന്ന നിലയിൽ ഞാൻ പോലും അതിന്റെ നാലയലത്ത് എത്തില്ല...
ഉപ്പയും മകനും തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഞാൻ കാണുന്നത് ആദ്യമായിട്ടാ...

എത്ര അഭിമാനത്തോടെയാണ് കുഞ്ഞിപ്പ മകനെ കുറിച്ച് പറയുന്നത്....
എന്റെ ഉപ്പനോട് ചോദിച്ചാൽ പറയാൻ മാത്രം എന്റെ പേരിൽ കുറച്ചു സപ്ലിയുണ്ട് പിന്നെ തെക്കോട്ട് വിളിച്ചാൽ വടക്കോട്ട് പോകുന്ന സ്വഭാവവും സ്വന്തമായി ഉണ്ടെന്നും പറയാം...

ഹാളിലെ ടേബിളിൽ ലാപ്‌ടോപ്പിൽ എന്തോ വർക്ക് ചെയ്യുകയായിരുന്ന Zaib ന്റെ മുന്നിലേക്കാണ് ഞാൻ ഓരോന്നും ആലോചിച്ച് ചെന്നെത്തിയത്.

ഇത്ര നേരം വരെ ദേഷ്യമായിരുന്നെങ്കിൽ ആ സമയം അവനെ കണ്ടപ്പോൾ എന്റെ ചുണ്ടിൽ പുഞ്ചിരിയാണ് വിടർന്നത്....








(തുടരും...)

Bạn đang đọc truyện trên: AzTruyen.Top